ADVERTISEMENT

പാലക്കാട്∙ സിപിഎം ഓഫിസില്‍ നടന്ന പീഡനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണത്തിനൊടുവില്‍. ഈ മാസം 16ാം തീയതി ഉച്ചയ്ക്കാണ് 24 മണിക്കൂർ പ്രായമുള്ള നവജാതശിശുവിനെ മങ്കര മണ്ണൂർ നഗരിപ്പുറത്ത് ശ്രീഹരി വീട്ടിൽ ഹരിപ്രസാദിന്റെ വീടിനു പിന്നിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസെത്തി അന്വേഷണം തുടങ്ങിയതോടെയാണ് കുട്ടിയുടെ അമ്മയായ യുവതിയെ കണ്ടെത്തിയത്. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച കേസ് എന്ന നിലയിൽനിന്ന് പീഡനക്കേസ് എന്നതിലേക്കു മാറിയത് യുവതിയെ ചോദ്യം ചെയ്തതിനു പിന്നാലെയാണ്.

സംഭവമിങ്ങനെ:

ഹരിപ്രസാദിന്റെ വീടിനോടു ചേർന്ന സ്ഥലത്ത് ഉറുമ്പരിച്ച നിലയിലായിരുന്നു പെൺകുഞ്ഞ്. കരച്ചിൽ കേട്ടു നോക്കിയപ്പോഴാണു കുഞ്ഞു വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൊക്കിൾക്കൊടി വിട്ടിരുന്നില്ല. വീട്ടുകാരും പരിസരവാസികളും ചേർന്നു കുഞ്ഞിനെ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് മങ്കര പൊലീസിൽ വിവരമറിയിച്ചു. പ്രാഥമിക ചികിത്സകൾക്കു ശേഷം കുഞ്ഞിനെ മങ്കര പൊലീസിനു കൈമാറി. കുഞ്ഞിനെ ഇവർ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലെത്തിച്ചു.

കുട്ടിയുടെ അമ്മയെക്കുറിച്ചു നടത്തിയ അന്വേഷണം ചെന്നെത്തിയത് ഈ യുവതിയിലായിരുന്നു. ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം എന്ന നിലയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും താൻ പീഡിപ്പിക്കപ്പെട്ടതാണെന്ന യുവതിയുടെ മൊഴി കേസിനെ മാറ്റിമറിച്ചു. പാർട്ടി ഒ‍ാഫിസിൽ വച്ചു പീഡിപ്പിക്കപ്പെട്ടാണു ഗർഭിണിയായത് എന്ന യുവതിയുടെ മൊഴിയോടെ സംഭവത്തിനു രാഷ്ട്രീയമാനവും കൈവന്നു.

ചെറുപ്പുളശേരിയിലെ സ്വാശ്രയ കോളജ് വിദ്യാർഥികളായിരുന്നു യുവതിയും ആരോപണവിധേയനായ യുവാവും. എസ്എഫ്ഐ പ്രവർത്തകരായ ഇരുവരും മാഗസിന്‍ തയാറാക്കുന്നതിന്റെ ഭാഗമായി സിപിഎം പാർട്ടി ഓഫിസിൽ കഴിഞ്ഞ വർഷം എത്താറുണ്ടായിരുന്നു. ഈ സമയത്തായിരുന്നു പീഡനം എന്നാണ് യുവതിയുടെ മൊഴി. യുവതിയും അമ്മയും അന്നു പ്രദേശത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു. ഈ വീട്ടിൽ താൻ പോയിരുന്നുവെന്നാണ് യുവാവു മൊഴി നൽകിയിരിക്കുന്നത്.

യുവതിയും കുടുംബവും സിപിഎം അനുഭാവികളാണ്. യുവാവ് ഇപ്പോൾ പ്രദേശത്ത് കച്ചവടം നടത്തുകയാണ്. തിരഞ്ഞെടുപ്പ് സമയം ആയതുകൊണ്ടു പ്രത്യാഘാതം ഉണ്ടാക്കുന്നതിനാൽ സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമം നടന്നു. യുവാവു വിവാഹം കഴിക്കാമെന്ന വാഗ്ദാനം നൽകിയിരുന്നുവെന്നാണു സൂചന. എന്നാൽ പീഡനം നടന്നെന്ന മൊഴിയെത്തുടർന്ന് അന്വേഷണം മങ്കര പൊലീസിൽനിന്നു മാറ്റി ചെറുപ്പുളശേരി പൊലീസിനു കൈമാറി. ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com