ADVERTISEMENT

ലണ്ടൻ ∙ 15 ലക്ഷം രൂപ മാസവാടകയുള്ള ആഡംബര അപാർട്മെന്റിൽനിന്നു പരിമിത സൗകര്യങ്ങളും അക്രമാസക്തരായ കുറ്റവാളികളുമുള്ള ഇടുങ്ങിയ ജയിൽ മുറിയിലാണ് ഇപ്പോൾ നീരവ് മോദി. 13,500 കോടിയുടെ വായ്പാത്തട്ടിപ്പു നടത്തി മുങ്ങിയ നീരവ് മോദിക്കെതിരെ ശക്തമായ തെളിവുകൾ‌ ഹാജരാക്കാനിരിക്കുന്ന ഇന്ത്യയെ ഞെട്ടിച്ചു പുതിയ വെളിപ്പെടുത്തൽ പുറത്തുവന്നു. സിബിഐ അന്വേഷണത്തിനു കൃത്യം ഒരു വർഷം മുൻപേ തന്നെ എല്ലാ ഡിജിറ്റൽ തെളിവുകളും നീരവ് മോദി നശിപ്പിച്ചു എന്നതാണത്.

2017 ജനുവരിയിൽ നീരവിന്റെ കമ്പനിയായ ഫയർസ്റ്റാർ ഡയമണ്ട്സിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നിരുന്നു. ഈ റെയ്ഡിനു ശേഷം കമ്പനിയുടെ സെർവറുകൾ അടച്ചുപൂട്ടാനും സുപ്രധാനമായ ഡേറ്റകൾ ഡിലീറ്റ് ചെയ്യാനും നീരവ് മോദി നിർദേശം നൽകിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രത്തിൽ പറയുന്നു.

സെർവറുകൾ അടച്ചു പൂട്ടിയതിനാൽ ഡിജിറ്റൽ തെളിവുകൾ കണ്ടെടുക്കാൻ ഏജൻസിക്ക് പ്രയാസമുളളതായും പരാമർശമുണ്ട്. ഈ കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിന് ഒരു സാക്ഷിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കി. ഇയാൾ നീരവിന്റെ കമ്പനിയുടെ ഐടി വിഭാഗത്തിന്റെ മാനേജരായിരുന്നുവെന്നാണു വിവരം. 

2017 ജനുവരിയിൽ സിബിഐ നീരവിനെതിരെ ആദ്യ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു തൊട്ടുപിന്നാലെയാണു കമ്പനിയിൽ റെയ്ഡ് നടന്നത്. തുടർന്നാണു കമ്പനിയുടെ സെർവറുകൾ അടച്ചുപൂട്ടാൻ നീരവിന്റെ വിശ്വസ്തനും കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥനുമായ മിഹിർ ബൻസാലി വഴി സാക്ഷിയായ മാനേജർക്കു നിർദേശം നൽകിയത്.

ഇമെയിലുകൾ എല്ലാം  ഒരാഴ്ചയ്ക്കുളളിൽ ഡിലീറ്റ് ചെയ്തു. ദുബായിൽ നീരവ് മോദിയും ഉദ്യോഗസ്ഥരും ഉപയോഗിക്കുന്ന ഇമെയിൽ സംവിധാനം നിർത്തലാക്കാൻ നിർദേശിച്ചു. ഡേറ്റയുടെ ഏതെങ്കിലും തരത്തിലുളള പകർപ്പുകൾ എടുത്തു സൂക്ഷിക്കുന്നത് ബൻസാലി വിലക്കിയതായും മാനേജർ പറയുന്നു. വ്യക്തികളുടെ പേരിൽ യൂസർ ഐഡി നൽകുന്നതിനും കർശനമായ വിലക്കുണ്ടായിരുന്നു. 

നീരവ് മോദിയെ അറസ്റ്റ് ചെയ്തതു തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും നീരവ് മറ്റൊരു മല്യയാകുമെന്നും പ്രതിപക്ഷപാർട്ടികൾ വിമർശനം ഉയർത്തിയതിനു തൊട്ടുപിന്നാലെയാണു വെളിപ്പെടുത്തൽ. വിജയ് മല്യയെപ്പോലെ നീരവ് മോദിയും ഒളിച്ചുകളിക്കാതിരിക്കാൻ സാധ്യമായ മുൻകരുതലുകളിലാണ് ഇന്ത്യൻ അധികൃതർ.

ആവശ്യമായ രേഖകളെല്ലാം ഹാജരാക്കി, നീരവ് വഴുതിപ്പോകാനുള്ള പഴുതുകളെല്ലാം അടച്ചാണു നീക്കമെന്നാണു റിപ്പോർട്ട്. മല്യക്കേസിലെ തിരിച്ചടികളിൽ നിന്നു പാഠം പഠിച്ച ഇന്ത്യൻ അന്വേഷണ ഏജൻസികൾ അന്നു പറ്റിയ അബദ്ധങ്ങൾ ആവർത്തിക്കാതിരിക്കാനാണു ശ്രമിക്കുന്നത്.

കിട്ടാക്കടം പഞ്ചാബ് നാഷനൽ ബാങ്ക് പെരുപ്പിച്ച് കാട്ടിയെന്നായിരുന്നു നീരവിന്റെ ആരോപണം. തിരിച്ചടയ്ക്കാനുള്ളത് 5000 കോടി രൂപയിൽ താഴെ മാത്രമാണെന്നും ബാങ്കിന് നീരവ് മോദി അയച്ച കത്തിൽ അവകാശപ്പെട്ടിരുന്നു.

രത്നവ്യാപാരികളുടെ കുടുംബത്തില്‍ ജനിച്ച നീരവ് മോദി, ബെല്‍ജിയത്തിലെ ആൻഡ്‌വര്‍പ്പിലാണ് വളര്‍ന്നത്. വാര്‍ട്ടണ്‍ ബിസിനസ് സ്കൂളില്‍ ചേര്‍ന്ന മോദി ഒരു വര്‍ഷത്തിനകം പഠനം ഉപേക്ഷിച്ച് മുംബൈയില്‍ സ്വന്തം രത്നവ്യാപാര കമ്പനി രൂപീകരിച്ചു. യുഎസിലെ ആഡംബര കേന്ദ്രങ്ങളിലും മോദി രത്ന ഷോറൂമുകള്‍ തുറന്നു. ഹോളിവുഡ് നടിമാര്‍ വരെ ബ്രാന്‍ഡ് അംബാസഡര്‍മാരായി.

തീരദേശ നിർമാണ ചട്ടങ്ങളെല്ലാം കാറ്റിൽ പറത്തി മഹാരാഷ്ട്രയിൽ നീരവ് നിർമിച്ച ബംഗ്ലാവ് അധികൃതർ തകർത്തതിന്റെ പിറ്റേന്നാണ് ഇയാൾ ലണ്ടനിലുണ്ടെന്ന വിവരം പുറത്തുവന്നത്. കൊങ്കൺ മേഖലയിലെ കടലോര ടൂറിസ്റ്റ് കേന്ദ്രമായ അലിബാഗിൽ പണിത 30,000 ചതുരശ്ര അടിയുടെ ബംഗ്ലാവ് നിയന്ത്രിത സ്ഫോടനത്തിലൂടെയാണു തകർത്തത്. ഇന്ത്യയിൽ നിന്നുള്ള പിടികിട്ടാപ്പുള്ളിക്കു നാഷനൽ ഇൻഷുറൻസ് നമ്പർ അനുവദിച്ചു കൊടുത്ത് ബ്രിട്ടിഷ് സർക്കാർ ആയിരുന്നു.

പ്രാദേശിക സമയം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞു മധ്യ ലണ്ടനിലെ ഹോൾബോണിൽനിന്നാണു സ്കോട്‌ലൻഡ് യാർഡ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യയിൽ നിന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടതു പ്രകാരമുള്ള നടപടികളുടെ ഭാഗമായി ലണ്ടനിലെ കോടതി കഴിഞ്ഞയാഴ്ച അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിൽ (പിഎൻബി) നിന്നു വൻതുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ കഴിഞ്ഞവർഷം ജനുവരിയിലാണു നീരവ് മോദിയും (48) അമ്മാവൻ മെഹുൽ ചോക്സിയും ഇന്ത്യയിൽനിന്നു മുങ്ങിയത്.

English Summary: Nirav Modi’s servers shut down, data deleted after income tax search in 2017

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com