ADVERTISEMENT

ബെംഗളൂരു ∙ കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിയാകാൻ ബിജെപി കേന്ദ്രനേതൃത്വത്തിന് ബി.എസ്.യെഡിയൂരപ്പ കോടികൾ കോഴ നൽകിയെന്ന ആരോപണവുമായി കോൺഗ്രസ്. ഇംഗ്ലിഷ് മാസികയായ ‘കാരവൻ’ പുറത്തുവിട്ട രേഖകൾ ഉയർത്തിക്കാട്ടി എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജെവാല നടത്തിയ പത്രസമ്മേളനത്തിലാണ് ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

കർണാടക മുഖ്യമന്ത്രിയാകാൻ പണം നൽകി എന്ന് യെഡിയൂരപ്പയുടെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാരവൻ തെളിവുകൾ സഹിതം റിപ്പോർട്ട് പുറത്തുവിട്ടു. 1800 കോടി രൂപയുടെ കോഴക്കണക്കാണ് കാരവന്റെ റിപ്പോർട്ടിലുള്ളത്. ‘ചൗക്കിദാര്‍’ മറുപടി പറയണമെന്ന് സുർജെവാല ആവശ്യപ്പെട്ടു. മാസിക പുറത്തുവിട്ട കണക്കുകള്‍ ശരിയാണോയെന്ന് മോദി വ്യക്തമാക്കണം. ആദായനികുതി വകുപ്പിന്റെ അന്വേഷണം തടഞ്ഞത് ആരെന്നും പറയണം. ലോക്പാൽ അന്വേഷിക്കുന്ന ആദ്യ കേസ് ഇതാകണമെന്നും കോൺഗ്രസ് വക്താവ് പറഞ്ഞു.

ബിജെപി കേന്ദ്രനേതൃത്വത്തിനും രാജ്‌നാഥ് സിങ്, അരുണ്‍ ജെയ്റ്റ്‌ലി ഉള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ക്കും ജഡ്ജിമാര്‍ക്കും കോടിക്കണക്കിനു രൂപ നല്‍കിയെന്ന റിപ്പോര്‍ട്ട് ശരിയാണോ എന്ന് മാത്രമാണ് അറിയാനുള്ളതെന്നും 2017 ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിപാര്‍ട്‌മെന്റിന്റെ കയ്യില്‍ കിട്ടിയ ഈ ഡയറിയുടെ കാര്യത്തില്‍ എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ലെന്നും സുർജെവാല ചോദിച്ചു.

ഇന്ന് വലിയൊരു അഴിമതി പുറത്തു കൊണ്ടുവരുമെന്ന് രാവിലെ തന്നെ കോൺഗ്രസ് സൂചന നൽകിയിരുന്നു. ആദായ നികുതി വകുപ്പിന്റെ പക്കലുള്ള ഡയറിയാണ് പുറത്തുവിട്ടത്. ജഡ്ജിമാര്‍ക്ക് 250 കോടി രൂപ നല്‍കിയതായും ഇക്കാര്യം സ്വന്തം കൈപ്പടയില്‍ യെഡിയൂരപ്പ എഴുതിയതായും 'കാരവൻ' വ്യക്തമാക്കിയിരുന്നു. ഡയറിയിലെ 2009 ജനുവരി 17, 18 തീയതികളിലെ പേജുകളാണ് പുറത്തുവിട്ടത്.

ആർക്കൊക്കെ പണം നൽകിയെന്ന് യെഡിയൂരപ്പ സ്വന്തം കൈപ്പടയിൽ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സുർജേവാല പറഞ്ഞു. ഓരോ പേജിലും യെഡിയൂരപ്പയുടെ ഒപ്പുമുണ്ട്. ബിജെപി കേന്ദ്ര നേതൃത്വത്തിന് 1000 കോടി രൂപ നൽകിയെന്നും ധനമന്ത്രി അരുൺ ജയ്റ്റലിക്കും ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്കും 150 കോടി രൂപ വീതം നൽകിയെന്നും ഡയറിയിൽ പറയുന്നു.

രാജ്നാഥ് സിങ്ങിന്റെ വിഹിതം 100 കോടി രൂപയാണ്. മുതിർന്ന നേതാക്കളായ അഡ്വാനിക്കും മുരളി മനോഹർ ജോഷിക്കും 50 കോടി വീതം നൽകി. ഗഡ്കരിയുടെ മകന്റെ വിവാഹത്തിനായി നൽകിയത് 10 കോടിയാണെന്നും കാരവൻ റിപ്പോർട്ടിൽ‌ പറയുന്നു. ഈ ഡയറിയിലെ വസ്തുതകൾ ശരിയാണോ അല്ലെങ്കിൽ കെട്ടിച്ചമച്ചതാണോയെന്ന് പറയേണ്ടത് ബിജെപി നേതൃത്വമാണ്. തെറ്റാണെങ്കിൽ ഈ റിപ്പോർട്ടിനെതിരെ നിയമനടപടി സ്വീകരിക്കാൻ ധൈര്യമുണ്ടോയെന്നും കോൺഗ്രസ് വക്താവ് ചോദിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com