ADVERTISEMENT

ന്യൂ‍ഡല്‍ഹി∙ വ്യവസായിയുടെ പ്രതിഷേധം ഫലം കണ്ടതോടെ വെസ്റ്റ് ഡല്‍ഹിയില്‍ റോഡിലൂടെ ഒഴുകിയിരുന്ന മാലിന്യ പ്രവാഹം നീക്കാൻ നിർബന്ധിതമായി അധികൃതർ. ഓഫിസിനു മുന്നിലെ റോഡിലൂടെ ഒഴുകുന്ന മലിനജലത്തിന്റെ അളവ് അസഹ്യമായതോടെ തരുൺ ബല്ല എന്ന വ്യവസായിയാണു പ്രതിഷേധത്തിന്റെ മാർഗം സ്വീകരിച്ചത്.

പ്രദേശത്തെ ജനപ്രതിനിധികളെ കണ്ടു സംസാരിക്കുകയാണ് ആദ്യം ചെയ്തത്. അതും നടപ്പാകാതിരുന്നതോടെ ബിജെപി, കോൺഗ്രസ്, ആംആദ്മി പാർട്ടികൾക്കെതിരെ മൂന്ന് പോസ്റ്ററുകൾ തയാറാക്കി മാലിന്യം ഒഴുകുന്നതിനു മുകളിൽ സ്ഥാപിക്കുകയാണു ചെയ്തത്. അതിൽ അയാൾ ഇങ്ങനെ എഴുതി– ‘നിങ്ങൾ ഞങ്ങൾ‌ക്കു വോട്ടുകൾ‌ തന്നു, ഞങ്ങൾ തരുന്നു ഡെങ്കി, മലേറിയ, മലിനജലം’. പ്രതിഷേധം ഉയർന്നതോടെ മാനക്കേട് ഓര്‍ത്തു റോഡിലെ മലിനജലം ഉടൻ തന്നെ നീക്കി നടപടിയുമായി.

tarun-bhalla-protest-1
തരുൺ ബല്ല സ്ഥാപിച്ച പോസ്റ്ററുകൾ‌

വെസ്റ്റ് ‍ഡൽ‌ഹിയിലെ സദ്ഗുരു രാംസിങ് റോ‍ഡിലൂടെയാണ് ഓടയിലെ മലിനജലം നിറഞ്ഞൊഴുകിയിരുന്നത്. ഇവിടെയാണ് തരുൺ ബല്ലയുടെ റോബോട്ടിക് സ്ഥാപനം പ്രവർ‌ത്തിക്കുന്നത്. പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. അതോടെയാണു പ്രതിഷേധത്തിന്റെ വഴി സ്വീകരിച്ചത്.

tarun-bhalla-protest-2
തരുൺ ബല്ല സ്ഥാപിച്ച പോസ്റ്റർ

‘സൂപ്പർ പവറായി രാജ്യം വളരുകയാണെന്നാണു നമ്മൾ പറയുന്നത്. പക്ഷേ ഈ രീതിയിലാണു നമ്മുടെ ജനങ്ങൾ ജീവിക്കുന്നത്. എല്ലാ ദിവസവും ഇങ്ങനെ ഒഴുകുന്ന വെള്ളം കാണേണ്ടിവരുന്നു. ഞങ്ങളുടെ അയൽക്കാർക്ക് അരവിന്ദ് കേജ്‍രിവാൾ ശൗചാലയം പണിതുകൊടുത്തതിന്റെ ഒരു ബോർഡ് കണ്ടിരുന്നു. അവർക്കു പോസ്റ്ററുകൾ വയ്ക്കാമെങ്കിൽ എനിക്കും സാധിക്കും’– തരുൺ ബല്ല മാധ്യമങ്ങളോടു പറഞ്ഞു.

ബിജെപി, കോൺഗ്രസ്, ആം ആദ്മി പാർട്ടികൾക്കു വേണ്ടി മൂന്ന് വലിയ പോസ്റ്ററുകൾ തയാറാക്കുകയാണു ബല്ല ചെയ്തത്. ഇതിൽ‌ പ്രധാനമന്ത്രി നരേന്ദ്ര മോദി, മീനാക്ഷി ലേഖി എംപി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‍ജ്‍രിവാൾ, എംഎൽഎ ശിവചരൺ ഗോയൽ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഷീല ദീക്ഷിത് എന്നിവരുടെ ചിത്രങ്ങളും വച്ചു. മലിനജല തടാകത്തിന്റെ ഉദ്ഘാടനം നടത്തുകയായിരുന്നു അടുത്ത ഘട്ടം. ഇതിനായി സ്ഥലത്തെ എംപിക്കും എംഎൽഎയ്ക്കും ക്ഷണക്കത്തുകളും അയച്ചു. നൂറുകണക്കിനു വ്യാപാരികളും നാട്ടുകാരുമാണു പരിപാടിയില്‍ പങ്കെടുത്തത്. നാട മുറിക്കൽ, ലഡു വിതരണം, മുദ്രാവാക്യം വിളി ഒക്കെ ആയതോടെ അധികൃതരുടെ നടപടിയെത്തി.

‘കഴിഞ്ഞ മാർച്ച് 3ന് രാവിലെ 11 മണിക്കായിരുന്നു പരിപാടി നടന്നത്. ഇതുകഴിഞ്ഞ് അരമണിക്കൂറോടെ പിഡബ്ല്യുഡി വാഹനം സ്ഥലത്തെത്തി. അവർ ചായ കുടിക്കാൻ വന്നതായിരിക്കുമെന്നാണു ഞങ്ങൾ‌ കരുതിയത്. ഉടൻ തന്നെ മറ്റൊരു ട്രക്ക് കൂടിയെത്തി. ശുചീകരണ ജോലികൾ തുടങ്ങി’– ബല്ല പറഞ്ഞു. പോസ്റ്ററുകളും തൊഴിലാളികൾ എടുത്തുമാറ്റി. അവർക്കു മാനക്കേടുണ്ടായതായി എനിക്കുതോന്നുന്നില്ല. തിരഞ്ഞെടുപ്പിന്റെ സമയമാണിത്. അതുകൂടി ഞങ്ങൾക്ക് സഹായമായെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശത്തെ മലിനജലത്തിന്റെ ഒഴുക്കു വ്യാപാരത്തെ വലിയ രീതിയിൽതന്നെ ബാധിച്ചിരുന്നു. റെനോയുടെ വാഹനഷോറൂം മാലിന്യം കാരണം അടച്ചുപൂട്ടി. ഒരു ദിവസം 2000 രൂപയുടെ കച്ചവടം നടന്ന സ്ഥലത്തു മലിന ജലത്തിന്റെ ഒഴുക്കു തുടങ്ങിയതോടെ 500 രൂപ മാത്രമായി വരവെന്നു പ്രദേശത്തെ ചായക്കടക്കാരനായ ശത്രുഘ്നൻ റായ് പറ‍ഞ്ഞു. മാലിന്യനീക്കം നടന്നതോടെ കച്ചവടം പഴയരീതിയിലായതായും വ്യാപാരികൾ വ്യക്തമാക്കി.

English Summary: Tarun Bhallas's way of protest to clean West Delhi road

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com