ADVERTISEMENT

ഉത്തരേന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ഘടകമാണു ജാതി. യാദവ, ജാട്ട്, ഗുജ്ജർ, ബനിയ, രജപുത്ര, ബ്രാഹ്മണ, കായസ്ത, ഭൂമിഹാർ, പട്ടേൽ തുടങ്ങിയ ജാതി വോട്ടുബാങ്കുകളിലാണ് പല രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും നിലനിൽപ്. സ്ഥാനാർഥി നിർണയത്തിൽ മണ്ഡലത്തിന്റെ ജാതി സമവാക്യത്തിനാണു പ്രഥമ പരിഗണന. പ്രബല സമുദായങ്ങളുടെ താൽപര്യങ്ങളാണു മിക്കപ്പോഴും രാഷ്ട്രീയ പാർട്ടികളുടെ അജൻഡ തീരുമാനിക്കുന്നത്. ജാതി വോട്ടുകളുടെ സങ്കലനവും ഹരണവുമൊക്കെയാണു തിരഞ്ഞെടുപ്പു തന്ത്രം.

ലോക്സഭാ തിരഞ്ഞെടുപ്പായതോടെ രാഷ്ട്രീയ ജാതിക്കളികൾ വീണ്ടും സജീവമായി മാറുകയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ജാതി രാഷ്ട്രീയ മതിലുകൾ മറികടക്കാൻ ‘മോദി തരംഗം’ ബിജെപിയെ സഹായിച്ചെങ്കിൽ ഇക്കുറി ജാതിപിന്തുണ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് എസ്പി, ബിഎസ്പി, ആർജെഡി കക്ഷികളൊക്കെ. യുപിയിൽ കോൺഗ്രസിനെ അകറ്റി നിർത്താനുള്ള എസ്പി – ബിഎസ്പി തീരുമാനത്തിന്റെ അടിത്തട്ടിലും ജാതി വേർതിരിവുകൾ കാണാം. യുപിയിൽ യാദവ – മുസ്‌ലിം – ദലിത് സാമുദായിക സമവാക്യം സൃഷ്ടിക്കാനൊരുങ്ങുന്ന എസ്പി– ബിഎസ്പി കക്ഷികൾക്ക് കോൺഗ്രസിന്റെ സവർണ മുഖം ബാധ്യതയായി മാറും. ബ്രാഹ്മണ – ബനിയ പാർട്ടിയെന്ന ബിജെപിയുടെ പഴയ പ്രതിഛായ ചൂണ്ടിക്കാട്ടി പിന്നാക്ക, മുസ്‌ലിം, ദലിത് ധ്രുവീകരണമാണു എസ്പി – ബിഎസ്പി സഖ്യം ആസൂത്രണം ചെയ്യുന്നത്. നരേന്ദ്ര മോദിയുടെ പിന്നാക്ക സ്വാധീനം മറികടക്കാൻ പ്രാദേശിക ജാതിവികാരം സഹായകമാകുമെന്നും അവർ കരുതുന്നു.

ബിഹാറിലും കോൺഗ്രസിന് അധികം പ്രാധാന്യം നൽകാതിരിക്കാൻ ആർജെഡിയെ പ്രേരിപ്പിക്കുന്നത് സവർണ പ്രതിഛായയാണ്. കോൺഗ്രസ് സ്ഥാനാർഥികളായി ബ്രാഹ്മണ, കായസ്ത, ഭൂമിഹാർ വിഭാഗങ്ങൾ തിരഞ്ഞെടുപ്പു കളം നിറഞ്ഞാൽ ആർജെഡിയുടെ യാദവ – മുസ്‌ലിം വോട്ടുബാങ്കു പൊളിയും. യാദവർ, കായസ്തർ, ഭൂമിഹാർ, ബ്രാഹ്മണ വിഭാഗങ്ങളാണ് യുപി, ബിഹാർ, ഉത്തരാഖണ്ഡ് മേഖലകളിലെ രാഷ്ട്രീയം നിശ്ചയിക്കുന്നത്.

ബിജെപിയും ഹിന്ദുത്വ രാഷ്ട്രീയത്തിനിടയിൽ പരോക്ഷമായി ജാതി പിന്തുണ ഉറപ്പു വരുത്തുന്നുണ്ട്. ബ്രാഹ്ണ, രജപുത്ര, കായസ്ത, ബനിയ വോട്ടു ബാങ്കിൽ ചോർച്ച ഒഴിവാക്കുകയാണു യുപി – ബിഹാർ മേഖലയിൽ ബിജെപിയുടെ ലക്ഷ്യം. വോട്ടർ ശതമാനക്കണക്കിൽ പിന്നിലായതിനാൽ ബ്രാഹ്മണരെയോ രജപുത്രരെയോ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ വിജയം എളുപ്പമല്ലാത്ത സ്ഥിതിയാണിപ്പോൾ. തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന തന്ത്രമാണ് ബ്രാഹ്മണർക്കും രജപുത്രർക്കും അനുയോജ്യം. യുപിയിൽ രജപുത്രനായ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത് ഉദാഹരണം.

ഉത്തരേന്ത്യയിലെ പ്രമുഖ ജാതികളുടെ രാഷ്ട്രീയ ചിത്രവും സമുദായ ചരിത്രവും:

യാദവ കുലം

Mulayam Singh Yadav, Sharad Yadav, Lalu Prasad Yadav
മുലായം സിങ് യാദവ്, ശരദ് യാദവ്, ലാലുപ്രസാദ് യാദവ്

ഉത്തരേന്ത്യയിലാകെ സാന്നിധ്യമുണ്ടെങ്കിലും യാദവ ആധിപത്യമുള്ളതു യുപി, ബിഹാർ സംസ്ഥാന രാഷ്ട്രീയത്തിലാണ്. ജനതാദള പരിവാറിനോട് ആഭിമുഖ്യമുള്ള യാദവ സമുദായം ദേശീയ രാഷ്ട്രീയത്തിലേക്കു സംഭാവന നൽകിയതാണു മുലായം സിങ് യാദവ്, ലാലു പ്രസാദ് യാദവ്, ശരദ് യാദവ് തുടങ്ങിയ നേതാക്കൾ. ഭരണത്തിലായാലും പ്രതിപക്ഷത്തായാലും മുലായം, ലാലു കുടുംബങ്ങൾ അവഗണിക്കാനാകാത്ത രാഷ്ട്രീയ വംശമായി. ഹിന്ദുത്വ രാഷ്ട്രീയത്തിൽ നിന്നകലം പാലിച്ചു യാദവ – മുസ്‌ലിം മതാതീത സഖ്യത്തിലൂടെ യാദവ നേതാക്കൾ വേറിട്ട സ്വത്വം തീർത്തു. പിന്നാക്ക സമുദായ സംവരണ രാഷ്ട്രീയത്തിനു കരുത്തു പകർന്ന മണ്ഡൽ പ്രക്ഷോഭ നേതൃത്വവും യാദവ നേതാക്കൾക്കായിരുന്നു.

യദുവംശികൾ, നന്ദവംശികൾ, ഗോൽവംശികളെന്നിങ്ങനെയാണു യാദവ കുലപ്പെരുമ. പുരാണത്തിൽ യയാതിയുടെ പുത്രനായ യദുവിന്റെ പിന്മുറക്കാരാണു യദുവംശികൾ. മഗധ രാജാവായിരുന്ന ജരാസന്ധന്റെ ആക്രമണത്തിൽ പരാജിതരായി ശ്രീകൃഷ്ണനൊപ്പം മഥുരയിൽ നിന്നു ദ്വാരകയിലേക്കു പലായനം ചെയ്തതാണു യദുവംശി ചരിത്രം. ഇന്നും പശ്ചിമ യുപിയിലെയും രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെയും യാദവർ യദുവംശ മഹിമ അവകാശപ്പെടുന്നു. ശ്രീകൃഷ്ണന്റെ വളർത്തച്ഛനായ നന്ദഗോപരുടെ പാരമ്പര്യത്തിലാണു നന്ദ വംശം. വൃന്ദാവന ഗോപികമാരുടെ പിന്മുറക്കാർ ഗോൽവംശികളുമായി. മധ്യ യുപിയിലെ യാദവർ നന്ദവംശജരും ബിഹാറിലെ യാദവർ ഗോൽവംശികളുമാണ്.

നരവംശശാസ്ത്രത്തിൽ അഹിർ എന്ന ഗോപാലക – കർഷക സമൂഹത്തിന്റെ ഭാഗമാണ് യാദവർ. ക്രിസ്ത്വബ്ദത്തിനു തൊട്ടു മുൻപോ പിൻപോ മധ്യേഷ്യയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയ അഭിര ഗോത്ര സമൂഹമാണ് അഹിർ വംശത്തിന്റെ പൂർവികരെന്നു കരുതപ്പെടുന്നു. കുലത്തൊഴിലായ ഗോ പരിപാലനമാണ് യാദവർക്ക് ഇന്നും മുഖ്യ ഉപജീവനമാർഗം.

ജാട്ട് വോട്ട്

Charan Singh, Harkishan Singh Surjeet, bhupinder Singh Hooda
ചരൺ സിങ്, ഹർകിഷൻ സിങ് സുർജിത്, ഭുപീന്ദർ സിങ് ഹൂഡ

ഹിന്ദു- സിഖ് മതങ്ങളിലായി വിഭജിക്കപ്പെട്ട ജാട്ട് സമുദായം പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി, പശ്ചിമ യുപി എന്നിവിടങ്ങളിൽ അജയ്യ ശക്തിയാണ്. മുൻ പ്രധാനമന്ത്രി ചരൺ സിങ്, മുൻ ഉപപ്രധാനമന്ത്രി ദേവിലാൽ എന്നിവരിലൂടെ ദേശീയ രാഷ്ട്രീയത്തെ നയിച്ച ജാട്ട് സമുദായത്തെ പ്രീണിപ്പിക്കാൻ ശ്രമിക്കാത്ത രാഷ്ട്രീയ കക്ഷികളില്ല. പഞ്ചാബ് മുഖ്യമന്ത്രിക്കസേര ജാട്ട് സിഖ് കയ്യടക്കുകയാണു പതിവ്.

പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങും ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയും കോൺഗ്രസിലെ ജാട്ട് മുഖങ്ങളാണ്. ദേവിലാലിന്റെ പിന്മുറക്കാരായ ചൗട്ടാല കുടുംബവും ചരൺ സിങിന്റെ മകൻ അജിത് സിങും ജാട്ട് വോട്ടു ബാങ്കിന്റെ ഗുണഭോക്താക്കൾ. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന ഹർകിഷൻ സിങ് സുർജിതും ജാട്ട് സിഖ് വിഭാഗക്കാരനാണ്.

പഞ്ചാബിലെ പട്യാല, രാജസ്ഥാനിലെ ഭരത്പുർ രാജകുടുംബങ്ങൾ ജാട്ടുകളുടെ രാജാധികാര ചരിത്രം. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് പട്യാല രാജാവുമാണ്. ശിരോമണി അകാലിദളിനെ നിയന്ത്രിക്കുന്ന ബാദൽ കുടുംബം പ്രതിനിധീകരിക്കുന്ന ദില്ലൻ ജാട്ട് കുലം മഹാഭാരതത്തിലെ കർണന്റെ പിൻഗാമികളെന്നാണ് അവകാശപ്പെടുന്നത്. ഹരിയാനയിൽ ജാട്ട് വോട്ടു നേടിയ ശേഷം ഇതര സമുദായത്തിൽ നിന്നുള്ള മനോഹർ ലാൽ ഖട്ടറിനെ മുഖ്യമന്ത്രിയാക്കിയ ബിജെപി ജാട്ടുകളെ വഞ്ചിച്ചുവെന്ന അമർഷവും സമുദായത്തിലുണ്ട്.

ശൈവ വിശ്വാസികളായ ജാട്ടുകൾ പരമശിവനെ പൂർവികനായി കരുതി ആരാധിക്കുന്നു. ദക്ഷയാഗം തകർക്കാൻ കോപാകുലനായ ശിവൻ ജഡ ഭൂമിയിലടിച്ചപ്പോൾ ഉടലെടുത്ത ഭടന്മാരാണു ജാട്ടുകളെന്നു ജാതി മാഹാത്മ്യം. ജാട്ട് കഠിനാധ്വാനമാണു തരിശുഭൂമിയായിരുന്ന പഞ്ചാബിനെ കൃഷിഭൂമിയാക്കി മാറ്റിയത് . കാർഷിക, സൈനിക വൃത്തികളിലൂടെ ജാട്ടുകൾ ക്രമേണ രാജാധികാരവും കയ്യാളി. ബിസി ഒന്നാം നൂറ്റാണ്ടിൽ തെക്കൻ സൈബീരിയ മേഖലയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയ ഗോത്ര സമൂഹത്തിന്റെ പിന്മുറക്കാരാണു ജാട്ടുകളെന്നു നരവംശ സിദ്ധാന്തം.

ഗുജ്ജർ ശക്തി

Sachin Pilot
സച്ചിൻ പൈലറ്റ്

കാലാകാലങ്ങളായി ബിജെപിയുടെ വോട്ടു ബാങ്കായിരുന്ന ഗുജ്ജർ സമുദായം സച്ചിൻ പൈലറ്റിലൂടെ കോൺഗ്രസിനു പിന്നിൽ അണിനിരക്കുമോ? കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാൻ തൂത്തുവാരി വിജയിച്ച ബിജെപിക്ക് ഇക്കുറി സച്ചിൻ പൈലറ്റ് ഭീഷണിയാണ്. ആക്രമണോൽസുക സ്വഭാവമുള്ള ഗുജ്ജറുകളുടെ സാന്നിധ്യമാണു പലപ്പോഴും തിരഞ്ഞെടുപ്പു റാലികളെ ഉൽസവമാക്കുന്നത്. ഭരണകൂടങ്ങളെയും പൊലീസിനെയും പോലും ഭയപ്പെടാത്ത ഗുജ്ജറുകളെ ഒപ്പം നിർത്തുക എളുപ്പവുമല്ല. മുഗളന്മാരെയും ബ്രിട്ടീഷുകാരെയും വെല്ലുവിളിച്ചു ലഹളകൾ നടത്തിയ ഗുജ്ജറുകളെ ബ്രിട്ടീഷ് ഭരണകാലത്തു ക്രിമിനൽ ജാതിയെന്നു മുദ്രകുത്തിയിരുന്നു. സ്വാതന്ത്ര്യാനന്തരം ഗുജ്ജറുകളെ രാഷ്ട്രീയ പാർട്ടികൾ വോട്ടുബാങ്കാക്കിയെങ്കിലും വളരെ കുറച്ചു രാഷ്ട്രീയ നേതാക്കളെ സമുദായത്തിൽ നിന്നുയർന്നു വന്നുള്ളു. ഇതര ജാതിക്കാർക്ക് ഗുജ്ജറുകളോടുള്ള അയിത്ത മനോഭാവമാണു കാരണം.

എഡി ആറാം നൂറ്റാണ്ടിൽ ഇന്ത്യയിലേക്കെത്തിയ ആക്രമണോൽസുക ഗോത്രവിഭാഗമായാണു ഗുജ്ജറുകളെ കരുതുന്നത്. രാജസ്ഥാനിലും ഗുജറാത്തിലും പഞ്ചാബിലുമായി വ്യാപിച്ച ഗുജ്ജർ ഗോത്രക്കാർക്ക് ഇടയ ജീവിതശൈലിയോടായിരുന്നു താൽപര്യം. ആദ്യകാലത്തു കൃഷിയോട് ആഭിമുഖ്യം തീരെയില്ലായിരുന്നു. എരുമ, പശു വളർത്തലായിരുന്നു ഉപജീവനമാർഗം. സംഘടിതരായെത്തി കന്നുകാലികളെ കവരുന്ന സായുധ സംഘങ്ങളായാണ് ചരിത്രരേഖകളിൽ ഗുജ്ജറുകൾ ഇടംപിടിച്ചത്.

ചില ഗുജ്ജർ കുലങ്ങൾ രജപുത്രരായി പരിവർത്തനം ചെയ്യപ്പെട്ടതായും കഥയുണ്ട്. പ്രതിഹാര രജപുത്രർ ഗുജ്ജർ കുലമായിരുന്നത്രേ. സൂര്യവംശി ക്ഷത്രിയ പാരമ്പര്യം അവകാശപ്പെടുന്ന ഗുജ്ജറുകൾ ദശരഥ മഹാരാജാവിന്റെ പടയാളികളായിരുന്നതായും വാദമുണ്ട്. സൂര്യനെയും ശ്രീരാമനെയും ആരാധിക്കുന്ന ഗുജ്ജറുകൾക്കു കുലദേവതകളുമുണ്ട്.

രണവീരരായി രജപുത്രർ

Yogi Adityanath, Rajnath Singh, VP Singh
യോഗി ആദിത്യനാഥ്, രാജ്‌നാഥ് സിങ്, വി.പി.സിങ്

രജപുത്രർക്കു രാഷ്ട്രീയം രക്തത്തിലുണ്ട്. കോട്ടകൾ കീഴടക്കിയും രണഭൂമികളിൽ രക്തം ചിന്തിയും നൂറ്റാണ്ടുകളായുള്ള പാരമ്പര്യം. ജനാധിപത്യത്തിലെ അംഗബല രാഷ്ട്രീയത്തിൽ പിന്നിലായെങ്കിലും പോരാട്ടവീര്യത്തിലും തന്ത്രങ്ങളിലും രജപുത്രർ തിളങ്ങി നിൽക്കും. വിശ്വനാഥ് പ്രതാപ് സിങിലൂടെ പ്രധാനമന്ത്രി പദത്തിലെത്തിയ രജപുത്രരുടെ രാഷ്ട്രീയ പ്രാധാന്യം ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി രമൺ സിങ് തുടങ്ങിയവരിലൂടെ നിലനിൽക്കുന്നു. രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, യുപി, ഉത്തരാഖണ്ഡ്, ബിഹാർ സംസ്ഥാനങ്ങളിലെല്ലാം അവഗണിക്കാനാകാത്ത ശക്തിയുമാണ് രജപുത്രർ.

ക്ഷത്രിയ വംശത്തിന്റെ തുടർച്ച അവകാശപ്പെടുന്ന രജപുത്രരിൽ സൂര്യവംശികളും ചന്ദ്രവംശികളുമായി മുപ്പത്താറ് രാജകുലങ്ങളുണ്ട്. ക്ഷത്രിയർക്കു കുലനാശമുണ്ടായപ്പോൾ പരിഹാരമായി മൗണ്ട് അബുവിൽ വസിഷ്ഠ യാഗത്തിൽ ഉടലെടുത്ത നാല് അഗ്നികുല രജപുത്രരുമുണ്ട്. പൻവർ, ചൗഹാൻ, സോളങ്കി, പരിഹാർ വിഭാഗങ്ങളെയാണ് അഗ്നികുല രജപുത്രരെന്നു വിശേഷിപ്പിക്കുന്നത്.
ഭാരതത്തിൽ അന്നുണ്ടായിരുന്ന ഹൂണ, ജാട്ട്, ഗുജ്ജർ, യാദവ, മുണ്ട നാട്ടുരാജാക്കന്മാരെയും ഭൂപ്രഭുക്കളെയും രജപുത്രരായി ഉയർത്തിയതിന്റെ പ്രതീകാത്മക വിവരണമാകാം അഗ്നികുല ഐതിഹ്യം. ബുദ്ധമതക്കാരായ രാജാക്കന്മാരുടെ ഭരണത്തിനു വിരാമമിട്ടതിന്റെ കഥയുമാകാം. രജപുത്രർ കുലദേവതയായി ആരാധിക്കുന്നതു ദുർഗാദേവിയെയാണ്.

രജപുത്ര കുലങ്ങളിൽ സൂര്യവംശ റാണയെന്നു വിശേഷിപ്പിക്കുന്ന സിസോദിയ വിഭാഗത്തിനാണ് പ്രാമുഖ്യം. മുഗൾ ഭരണകാലത്തു രജപുത്ര രാജകുടുംബങ്ങളിൽ നിന്നു മുഗൾ ചക്രവർത്തിമാർക്കു വധുക്കളെ നൽകിയിരുന്നപ്പോൾ ഉദയ്പുർ സിസോദിയമാർ മുഗൾ വിവാഹബന്ധത്തിനു വിസമ്മതിച്ചതാണു കാരണം. ശ്രീരാമപുത്രനായ ലവന്റെ പിൻഗാമികളാണെന്നു സിസോദിയ രജപുത്രർ അവകാശപ്പെടുന്നു. ജയ്പുർ, ആൽവാർ രാജ്യങ്ങൾ ഭരിച്ചിരുന്ന കച്‌വാഹ രജപുത്രർ ശ്രീരാമപുത്രനായ കുശന്റെ പിൻഗാമികളാണത്രേ.

ബ്രാഹ്മണ രാഷ്ട്രതന്ത്രം

Sushma Swaraj, AB Vajpayee, Nirmala Sitaraman
സുഷമ സ്വരാജ്, എ.ബി.വാജ്പേയി, നിർമല സീതാരാമൻ

ജനസംഖ്യയിൽ പത്തു ശതമാനത്തിലധികം ബ്രാഹ്മണരുള്ളത് യുപി, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഡൽഹി, ജമ്മു കശ്മീർ സംസ്ഥാനങ്ങളിൽ മാത്രമാണ്. അതേ സമയം, രാജ്യത്തെ രാഷ്ട്രീയ നേതൃത്വത്തിലെ ബ്രാഹ്മണാധിപത്യം ശതമാനക്കണക്കിലൊതുങ്ങില്ല. പ്രധാനമന്ത്രി പദമലങ്കരിച്ചവരിൽ കശ്മീരി ബ്രാഹ്മണ പാരമ്പര്യമുള്ള നെഹ്റു കുടുംബാംഗങ്ങളും മൊറാർജി ദേശായി, നരസിംഹ റാവു, എ.ബി.വാജ്പേയി എന്നിവരുമെല്ലാം ബ്രാഹ്മണ ശ്രേഷ്ഠർ. നരേന്ദ്ര മോദി മന്ത്രിസഭയിൽ ധനമന്ത്രി അരുൺ ജയ്റ്റ്ലി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്, പ്രതിരോധ മന്ത്രി നിർമല സീതാരാമൻ എന്നിങ്ങനെ സുപ്രധാന മന്ത്രാലയങ്ങളിലും ബ്രാഹ്മണ പ്രാതിനിധ്യം. മണ്ഡൽ പ്രക്ഷോഭത്തെ തുടർന്നുണ്ടായ പിന്നാക്ക ജാതി രാഷ്ട്രീയത്തിൽ സംസ്ഥാനങ്ങളിലെ ആധിപത്യം നഷ്ടമാകുമ്പോഴും ദേശീയതലത്തിൽ ബ്രാഹ്മണ സ്വാധീനം നിർണായകമായി തുടരുന്നുവെന്നർഥം.

വേദ പാരമ്പര്യവും രാജപൗരോഹിത്യവുമായി ബ്രാഹ്മണർ നൂറ്റാണ്ടുകളായി ഉന്നത ശ്രേണിയിലുണ്ട്. ആര്യാധിനിവേശ പശ്ചാത്തലത്തിലും ബ്രാഹ്മണ ഉപജാതി ചരിത്രം പ്രാദേശിക സ്ഥലനാമങ്ങളിലാണ്. പുരാണത്തിലെ സരസ്വതി നദീതടം, യുപിയിലെ കനൗജ്, ബിഹാറിലെ മിഥില എന്നിവിടങ്ങളിലായിരുന്നു ഉത്തരേന്ത്യൻ ബ്രാഹ്മണ ഈറ്റില്ലങ്ങൾ. മൈഥിലി ബ്രാഹ്മണർ രാജഭരണവും കയ്യാളിയിരുന്നു. മൈഥിലി ബ്രാഹ്മണരുടെ നേതൃത്വം ദർഭംഗ രാജാവിനായിരുന്നു. പരശുരാമ ഐതിഹ്യത്തിന്റെ പിൻബലത്തിലാണ് ഭാരതത്തിന്റെ മറ്റു പ്രദേശങ്ങളിലേക്കുള്ള ബ്രാഹ്മണ കുടിയേറ്റം രേഖപ്പെടുത്തിയിട്ടുള്ളത്.

ബനിയ ചാതുര്യം

Amit Shah, Mahatma Gandhi, Arvind Kejriwal
അമിത് ഷാ, മഹാത്മാ ഗാന്ധി, അരവിന്ദ് കേജ്‌രിവാൾ

മഹാത്മാഗാന്ധിയെ ‘ചതുർ ബനിയ’ (സൂത്രക്കാരനായ ബനിയ) എന്നു വിശേഷിപ്പിച്ചതിനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ ഒരിക്കൽ പുലിവാൽ പിടിച്ചത്. അമിത് ഷായും ബനിയ വിഭാഗക്കാരനാണെന്നതു പോലും പരിഗണിക്കാതെയായിരുന്നു വിമർശനം. വ്യാപാരി വ്യവസായി സമൂഹമായ ബനിയകൾക്കു പൊതുവേ നേരിട്ടു രാഷ്ട്രീയം പയറ്റുന്നതിനേക്കാൾ താൽപര്യം അണിയറയിലിരുന്നു നിയന്ത്രിക്കലാണ്. മിക്ക രാഷ്ട്രീയ കക്ഷികളുടെയും വരുമാന സ്രോതസുകൾ ബനിയ വിഭാഗത്തിലെ വ്യവസായ പ്രമുഖരാണ്. ഗുജറാത്ത്, രാജസ്ഥാൻ, യുപി, ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ബനിയകൾ നിർണായക വോട്ടു ബാങ്കുമാണ്. രാഷ്ട്രീയ പാർട്ടികളിൽ വിശ്വസ്ത ട്രഷറർമാരായി ബനിയ നേതാക്കൾ ശോഭിക്കാറുണ്ട്.

ദീർഘകാലം കോൺഗ്രസ് ട്രഷററായിരുന്ന സീതാറാം കേസരി പാർട്ടി അധ്യക്ഷ സ്ഥാനവും വഹിച്ചു. ബിജെപിയിൽ ദീർഘകാലം ട്രഷററായിരുന്ന വേദ പ്രകാശ് ഗോയലിനു ശേഷം പുത്രൻ പീയുഷ് ഗോയലും ട്രഷറർ പദവി വഹിച്ചു. ബിജെപിയുടെ ബനിയ വോട്ടുബാങ്കിൽ വിള്ളലുണ്ടാക്കിയാണു ബനിയ സമുദായക്കാരനായ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി പദത്തിലെത്തിയത്.

ബനിയ വിഭാഗത്തിൽ 88% ഹിന്ദുക്കളും 11% ജൈനരും ഒരു ശതമാനം സിഖുകാരുമെന്നാണു കണക്കാക്കുന്നത്. അഗർവാൾ, ഓസ്വാൾ, ഖണ്ഡേൽവാൾ, മഹേശ്വരി തുടങ്ങിയവയാണ് ബനിയ ഉപജാതികൾ. ഹരിയാനയിലെ പുരാതന നഗരമായ അഗ്രോഹയിലോ ക്ഷത്രിയ രാജാവായിരുന്ന അഗ്രസേനന്റെ പിൻമുറക്കാരാണെന്നാണ് അഗർവാൾ ജാതിപുരാണം. അഗർവാൾ വിഭാഗത്തെ പതിനെട്ടു ഗോത്രങ്ങളായി വിഭജിച്ചതും രാജാ അഗ്രസേനനാണത്രേ. ഗണപതിയും ലക്ഷ്മീദേവിയും നാഗദേവതകളുമാണ് ഹിന്ദു ബനിയകളുടെ പൂജാമൂർത്തികൾ.

കായസ്ത പ്രാമുഖ്യം

Subhash Chandra Bose, Amitabh Bachchan, Lal Bahadur Shastri
സുഭാഷ് ചന്ദ്രബോസ്, അമിതാഭ് ബച്ചൻ, ലാൽ ബഹാദൂർ ശാസ്ത്രി

ഉത്തരേന്ത്യയിൽ പരക്കെ സാന്നിധ്യമുണ്ടെങ്കിലും യുപി, ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളാണു കായസ്തരുടെ ശക്തികേന്ദ്രങ്ങൾ. സ്വാതന്ത്ര്യ സമര നായകൻ സുഭാഷ് ചന്ദ്രബോസ്, ആദ്യ രാഷ്ട്രപതി ഡോ.രാജേന്ദ്ര പ്രസാദ്, മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി, ജനതാ പാർട്ടി മാർഗദർശകനായിരുന്ന ജയപ്രകാശ് നാരായൺ, ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതിബസു തുടങ്ങിയ നേതാക്കളിലൂടെ കായസ്തർ ദേശീയ രാഷ്ട്രീയത്തിൽ പ്രാമുഖ്യം തെളിയിച്ചിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, ശത്രുഘ്നൻ സിൻഹ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ കായസ്ത ശബ്ദമായി തിളങ്ങുന്നു. യശ്വന്ത് സിൻഹയും ശത്രുഘ്നൻ സിൻഹയും വിമതരായത് ബിജെപിയ്ക്കു വിനയാകുമോയെന്നു വോട്ടെണ്ണി അറിയണം. സ്ഥിരം രാജ്യസഭക്കാരനായ രവിശങ്കർ പ്രസാദിനെ വച്ചു വേണം ബിജെപിക്കു കായസ്ത വോട്ടുറപ്പിക്കാൻ.

ഇടക്കാലത്തു രാഷ്ട്രീയം പയറ്റി പിന്മാറിയ ബോളിവുഡ് നായകൻ അമിതാഭ് ബച്ചനും കായസ്ത വിഭാഗത്തിൽ പെടുന്നു. ശ്രീവാസ്തവ, സക്സേന, ഭട്നാഗർ, അസ്താന തുടങ്ങിയ പ്രദേശസൂചകമായ ജാതിനാമങ്ങളും കായസ്തരുടേതാണ്. യമ സന്നിധിയിൽ ആത്മാക്കളുടെ പുണ്യപാപ കണക്കെടുക്കുന്ന ചിത്ര ഗുപ്തനെയാണ് കായസ്തർ പൂജിക്കുന്നത്. ഗ്രാമങ്ങളിലെ കണക്കപ്പിള്ളമാരായിരുന്ന കായസ്ത സമൂഹത്തിന്റെ തൊഴിലിനു യോജിച്ച ആരാധാനാമൂർത്തി.

വർഷത്തിൽ രണ്ടു തവണ പേനയും പുസ്തകവും പൂജ വയ്ക്കുന്നതും കായസ്തരുടെ ആചാരം. മുഗൾ, ബ്രിട്ടീഷ് ഭരണാധികാരികളോടു ബ്രാഹ്മണർ അകലം പാലിച്ചപ്പോൾ വിദ്യാഭ്യാസമുള്ള സമുദായമെന്ന നിലയിൽ കായസ്തർ ഭരണതലത്തിൽ പ്രാധാന്യം നേടി. ഇസ്‌ലാം ഭരണകാലത്ത് പേർഷ്യൻ, ഉറുദു ഭാഷകളിലും ബ്രിട്ടീഷ് ഭരണകാലത്തു ഇംഗ്ലീഷിലും കായസ്തർ വളരെ വേഗം പ്രാവീണ്യം നേടി സർക്കാർ ഉദ്യോഗങ്ങൾ കുത്തകയാക്കിയെന്നതാണു ചരിത്രം.

പട്ടേൽ കരുത്ത്

Sardar Vallabhbhai Patel
ഗുജറാത്തിൽ സ്ഥാപിച്ചിരിക്കുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ

ഉപപ്രധാനമന്ത്രിയായിരുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പാരമ്പര്യത്തിൽ അഭിമാനിക്കുന്ന പാട്ടീധാർ സമുദായമാണ് പതിറ്റാണ്ടുകളായി ഗുജറാത്ത് രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന ശക്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താൽപര്യത്തിൽ നിർമിച്ച പട്ടേൽ പ്രതിമ ബിജെപിക്ക് വോട്ടായി മാറുമോയെന്നാണു കണ്ടറിയേണ്ടത്. സംവരണ വിഷയത്തിലെ അതൃപ്തി മാറിയ സാഹചര്യത്തിൽ പട്ടേൽ സമുദായം കൂടെ നിൽക്കുമെന്ന പ്രതീക്ഷയാണു ബിജെപിക്ക്. ഗുജറാത്ത് രാഷ്ട്രീയത്തിൽ പട്ടേൽ പേരു തന്നെ കരുത്താണ്.

ചിമൻഭായി പട്ടേൽ, കേശുഭായി പട്ടേൽ, ആനന്ദിബെൻ പട്ടേൽ തുടങ്ങിയവരൊക്കെ മുഖ്യമന്ത്രി പദത്തിലെത്തിയതു സമുദായ പിൻബലത്തിലാണ്. പട്ടേൽ സമുദായത്തിലെ മുസ്ലിം വിഭാഗത്തിന്റെ പ്രതിനിധിയായി അഹമ്മദ് പട്ടേൽ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രമുഖനായുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ കൻബികളെന്ന് അറിയപ്പെട്ടിരുന്ന കർഷകജാതിയാണു കാലക്രമേണ പട്ടേൽ നാമധാരികളായത്. ബ്രിട്ടീഷ് ഭരണകാലത്തെ ഭൂപരിഷ്കരണത്തിൽ ലഭിച്ച ഭൂവുടമാവകാശത്തിന്റെ സൂചനയാണു പാട്ടിധാരും പട്ടേലും.

രജപുത്ര മാതൃകയിൽ സൂര്യവംശി പാരമ്പര്യം അവകാശപ്പെട്ടു ശ്രീരാമപുത്രന്മാരായ ലവനെയും കുശന്റെയും (കട്‌വ) പേരിൽ സമുദായത്തെ ലവ പട്ടേലുമാരായും കട്‌വ പട്ടേലുമാരായും വിഭജിച്ചതും അക്കാലത്താണ്. സൗരാഷ്ട്ര മേഖലയാണ് കട്‌വ പട്ടേലുമാരുടെ ശക്തികേന്ദ്രം. ദേവീ ആരാധനയിൽ നിന്നു ശ്രീകൃഷ്ണാരാധനയ്ക്കു പ്രാധാന്യം നൽകിയതും സമുദായത്തിലുണ്ടായ മാറ്റമാണ്.

ഭൂമിഹാർ ഭൂപ്രഭു

Giriraj-Singh
കേന്ദ്രമന്ത്രി ഗിരിരാജ് സിങ്

ബിഹാർ, യുപി, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ഭൂപ്രഭു സമുദായമാണ് ഭൂമിഹാർ. മഹാത്മാഗാന്ധിയുടെ ചമ്പാരൻ സത്യഗ്രഹത്തിൽ സജീവ സാന്നിധ്യമായിരുന്ന ഭൂമിഹാർ നേതാവ് ശ്രീകൃഷ്ണ സിങ് പിന്നീടു ബിഹാറിലെ ആദ്യ മുഖ്യമന്ത്രിയുമായി. കോൺഗ്രസ് രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്നിരുന്ന ഭൂമിഹാർ നേതാക്കൾക്ക് ഈ സംസ്ഥാനങ്ങളിലെ യാദവ രാഷ്ട്രീയ മുന്നേറ്റം തിരിച്ചടിയായി. നക്സലുകളും ഭൂമിഹാറുകളുമായി നിരന്തര സംഘർഷത്തിലായിരുന്നു. കോൺഗ്രസ് ദുർബലമായതോടെ നക്സലുകളെ നേരിടാൻ ഭൂമിഹാർ വിഭാഗം ‘രൺവീർ സേന’യെന്ന പേരിൽ സ്വകാര്യ സായുധ സേന രൂപീകരിച്ചു. പിന്നാക്ക, ദലിത് സമുദായങ്ങൾക്കെതിരായ അക്രമങ്ങളിലും രൺവീർ സേന ഉൾപ്പെട്ടിരുന്നു. ബിജെപിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങും മുൻ കേന്ദ്രമന്ത്രി സി.പി.താക്കൂറും ഭൂമിഹാർ വിഭാഗക്കാരാണ്.

ഭൂമിഹാർ സമുദായം ബ്രാഹ്മണ പദവി അവകാശപ്പെടുന്നുണ്ടെങ്കിലും ഇതര സമുദായക്കാർ അംഗീകരിച്ചിട്ടില്ല. കൃഷിയും സൈനിക വൃത്തിയുമൊക്കെയാണു ഭൂമിഹാർ മേഖലകൾ. ഭൂമിഹാറുകൾ പൂണൂൽ ധരിക്കുമെങ്കിലും ക്ഷേത്ര പൗരോഹിത്യത്തിനോ വേദം പഠിപ്പിക്കാനോ അവകാശമില്ല. ബ്രാഹ്മണരെ പോലെ മിശ്ര, ദീക്ഷിത്, പാഠക്, പാണ്ഡെ ജാതിപ്പേരുകളും ക്ഷത്രിയരെ പോലെ സിങ് പേരും ഭൂമിഹാറുകൾക്കുണ്ട്.

ഭൂമിഹാറുകളുടെ ബ്രാഹ്മണ്യാവകാശ വാദത്തെ കുറിച്ചുള്ള കഥയിങ്ങനെ: മഗധ രാജാവായിരുന്ന ജരാസന്ധന്റെ യാഗത്തിൽ ഒന്നേ കാൽ ലക്ഷം ബ്രാഹ്മണരെ പങ്കെടുപ്പിക്കേണ്ടിയിരുന്നു. അത്രയും ബ്രാഹ്മണരെ കണ്ടെത്താൻ കഴിയാത്തതിനാൽ മന്ത്രി ഇതര സമുദായക്കാരെ പൂണൂലിടീച്ചു യാഗത്തിൽ പങ്കെടുപ്പിച്ചുവത്രെ. ഇവരുടെ പിന്മുറക്കാരാണത്രേ ഭൂമിഹാർ. ശിവനെയും ശക്തിയെയുമാണ് ഭൂമിഹാർ ആരാധിക്കുന്നത്. ഗോരയ്യ, ഹാർദിയ, ബണ്ടി മായി തുടങ്ങിയ ഗ്രാമീണ ദേവതകളെയും പൂജിക്കും.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com