ADVERTISEMENT

മഞ്ചേരി∙ തന്റെ പ്രസംഗം ചില മാധ്യമങ്ങൾ 'മറ്റൊരു റൂട്ടിലേക്ക്‌' തിരിച്ചു വിടുകയായിരുന്നെന്ന് എൽഡിഎഫ്‌ കൺവീനർ എ.വിജയരാഘവൻ. ഏതെങ്കിലും ആളുകളെ വ്യക്തിപരമായി വേദനിപ്പിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. കൂടുതൽ സ്ത്രീകൾ പൊതുരംഗത്തേക്കു വരണമെന്നാണു നിലപാട്‌. വ്യക്തിപരമായ വിമർശനം എൽഡിഎഫിന്റെ നയമല്ല. എന്നാൽ ലീഗിന്റെ കൊള്ളരുതായ്മയെയും നിലപാടുകളെയും കാർക്കശ്യത്തോടെ എതിർക്കുക തന്നെ ചെയ്യുമെന്നും വിജയരാഘവൻ പറഞ്ഞു. ആലത്തൂരിലെ യുഡിഎഫ്‌ സ്ഥാനാർഥി രമ്യ ഹരിദാസിനെപ്പറ്റി നടത്തിയ പരാമർശം വിവാദമായതിനെ തുടർന്നാണു വിശദീകരണം.

ഇന്നലെ പൊന്നാനിയിൽ എൽഡിഎഫ് കണ്‍വൻഷനിടെയാണ് വിജയരാഘവൻ രമ്യ ഹരിദാസിനെ അധിക്ഷേപിച്ചത്. ഇടതുമുന്നണി സ്ഥാനാർഥി പി.വി.അൻവറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള പൊതുയോഗത്തിൽ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയൻ എത്തുന്നതിനു തൊട്ടുമുൻപായിരുന്നു പ്രസംഗം.

രമ്യ ഹരിദാസിന്റെ പേരു പറയാതെ ‘ആലത്തൂരിലെ സ്ഥാനാർഥിയായ പെൺകുട്ടി’ എന്ന പേരിലാണു പരാമർശം നടത്തിയത്. ‘ആലത്തൂരിലെ സ്ഥാനാര്‍ഥി പെൺകുട്ടി, അവർ ആദ്യം പോയി പാണക്കാട് തങ്ങളെക്കണ്ടു. പിന്നെ കുഞ്ഞാലിക്കുട്ടിയെ കണ്ടു. അതോടുകൂടി ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് എനിക്ക് പറയാൻ വയ്യ. അതു പോയിട്ടുണ്ട്’ – എന്നായിരുന്നു വിജയരാഘവൻ പറഞ്ഞത്.

അതേസമയം, രമ്യ ‌ഹരിദാസിനെ എൽഎഡിഎഫ് കൺവീനർ എ.വിജയരാഘവൻ അപമാനിച്ചുവെന്ന പരാതി ഉയരുമ്പോൾ ഇടതുപക്ഷ ബുദ്ധിജീവികൾ മൗനം പാലിക്കുകയാണെങ്കിലും എഴുത്തുകാരിയായ ശ്രീബാല കെ മേനോൻ പിന്തുണയുമായി രംഗത്തെത്തി. എതു ചേട്ടനാണെങ്കിലും മര്യാദയ്ക്കു സംസാരിക്കണം എന്നാണ് രമ്യ ഹരിദാസ് എന്ന ഹാഷ് ടാഗിനൊപ്പം ശ്രീബാല പറഞ്ഞിരിക്കുന്നത്. ദരിദ്ര ചുറ്റുപാടുകളിൽനിന്നു വരുന്ന പട്ടികജാതി, വർഗ്ഗ പെൺകുട്ടിക്കെതിരെയായിരുന്നു പരാമർശമെങ്കിലും ഇതുവരെ ഇടതുപക്ഷ വനിതാ ബുദ്ധി ജീവികൾപോലും പിന്തുണച്ചു രംഗത്തുവന്നിട്ടില്ല.

എ. വിജയരാഘവന്റെ പരാമർശം നിർദോഷകരമാണെന്നും തിരഞ്ഞെടുപ്പിൽ ഇൗ വിഷയം ഇടതുമുന്നണിയെ ബാധിക്കില്ലെന്നും മുതിർന്ന നേതാവ് എം.എ. ബേബിയും പറഞ്ഞു. പരാമർശത്തിൽ കഴമ്പുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കട്ടെ. അതിനുശേഷം ബാക്കി പറയാമെന്നും ബേബി പറഞ്ഞു.

എ. വിജയരാഘവൻ നടത്തിയ പരാമർശം ദുരുദ്ദേശപരമെന്നു പറയാനാകില്ലെന്നു മന്ത്രി ജി.സുധാകരനും പ്രതികരിച്ചു. എൽഡിഎഫ് കൺവീനറാണ് അദ്ദേഹം. കാര്യങ്ങൾ വിശദീകരക്കാൻ അദ്ദേഹത്തിനു സാധിക്കും. സ്ഥാനാർഥിയും കുഞ്ഞാലിക്കുട്ടിയും കുഴപ്പക്കാരാണെന്നു താൻ ചിന്തിക്കുന്നില്ലെന്നും സുധാകരൻ ആലപ്പുഴയിൽ പറഞ്ഞു. 

English Summary: Alathur Election News, Ramya Haridas, A Vijayaraghavan, Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com