ADVERTISEMENT

മലപ്പുറം∙ രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ മുസ്‌ലിം ലീഗിന്റെ കൊടി ഉപയോഗിക്കരുതെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു എന്ന നിലയിൽ വ്യാജപ്രചാരണം നടക്കുന്നതായി ലീഗ്. തന്റെ പേരിൽ വന്ന ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നു പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചു. ‘ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് രൂപീകരിച്ചതു മുതൽ ഇന്നേ വരെ ഈ പച്ചപ്പതാക അഭിമാനപൂർവമാണു നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കൾ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായപ്പോഴും മറ്റ് ഉന്നതസ്ഥാനങ്ങൾ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയർത്തിയതും ഈ പച്ചപ്പതാക തന്നെ. വ്യാജപ്രചാരണങ്ങളിൽ വഞ്ചിതരാകാതിരിക്കൂ’ – മജീദ് ഫെയ്സ്ബുക് പോസ്റ്റിൽ പറഞ്ഞു.

മുസ്‌ലിം ലീഗിന്റെ കൊടി ചൂണ്ടിക്കാട്ടി പാക്കിസ്ഥാൻ പതാകയാണു രാഹുലിനെ സ്വാഗതം ചെയ്യാൻ ഉപയോഗിച്ചതെന്നാണു സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചതെന്നും സമാനമായ പ്രചാരണമാണ് സിപിഎം നടത്തുന്നതെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. ഉയർത്തിപ്പിടിക്കേണ്ടിടത്തെല്ലാം ഹരിതപതാക ഉയർത്തിപ്പിടിക്കുകതന്നെ ചെയ്യുമെന്നും ഫിറോസ് പറഞ്ഞു. ‘1948 മുതൽ ലീഗ് ഉയർത്തിപ്പിടിക്കുന്നത് പച്ചപ്പതാകയാണ്. ഈ കൊടി പിടിച്ചു പിന്തുണച്ചപ്പോഴാണ് ’67ൽ ഇഎംഎസ് മുഖ്യമന്ത്രിയായത്. അച്യുതമേനോനും മുഖ്യമന്ത്രിക്കസേരയിൽ ഇരുന്നത്. കരുണാകരനും ആന്റണിയും ഉമ്മൻ ചാണ്ടിയുമൊക്കെ മന്ത്രിസഭയുണ്ടാക്കിയത്. ഈ പച്ചക്കൊടി പിടിച്ചാണ് ഞങ്ങളുടെ നേതാവ് സി.എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായത്. ഈ പതാകയേന്തിയാണ് അഹമ്മദ് കേന്ദ്രമന്ത്രിസഭയിൽ അംഗമായതും’ – ഫിറോസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com