ADVERTISEMENT

അഹമ്മദാബാദ് ∙ ഗുജറാത്തിലെ മൊത്തം ജനസംഖ്യയിൽ 9.5 ശതമാനം, എന്നാൽ ലോക്‌സഭയിലെ പ്രാതിനിധ്യം പൂജ്യം. പിന്നിട്ട 35 വർഷങ്ങളിൽ ഗുജറാത്തിൽ നിന്ന്  മുസ്‍ലിം വിഭാഗത്തിൽപ്പെട്ടവരാരും ലോക്സഭയിലെത്തിയില്ലെന്ന് കണക്കുകൾ. 

ഗുജറാത്തിൽ നിന്നും അവസാനമായി ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുസ്‍ലിം എംപി കോൺഗ്രസിന്റെ അഹമ്മദ് പട്ടേൽ ആണ്. അതും 1984 ൽ. ഇതിനു ശേഷം ഒരു പാർട്ടിയിൽ നിന്നും ഒരു മുസ്‍ലിം സ്ഥാനാർഥിയും ഗുജറാത്തിൽ നിന്ന് പാർലമെന്റിൽ എത്തിയിട്ടില്ല. 1989ൽ അഹമ്മദ് പട്ടേൽ ഭാറൂച്ച് മണ്ഡലത്തിൽ മൽസരിച്ചെങ്കിലും ബിജെപിയുടെ ചന്ദു ദേശ്മുഖിനോട് 1.15 ലക്ഷം വോട്ടിന് പരാജയപ്പെട്ടു. ഇതിനു ശേഷം മുസ്‍ലിം വിഭാഗത്തിലുള്ള ഒരാൾ പോലും ഗുജറാത്തിൽ നിന്നും ലോക്സഭയിലേക്ക് എത്തിയിട്ടില്ല.

1962 ൽ രൂപീകരിച്ച ഗുജറാത്തിൽ ആദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിയപ്പോൾ ഒരു മു‍സ്‍ലിം സ്ഥാനാർഥി വിജയിച്ചു. ബാനസ്കാന്ത മണ്ഡലത്തിൽ നിന്നും ജോഹ്റ ചാവ്ദ. 1977ൽ സംസ്ഥാനം രണ്ടു മുസ്‍ലിം സ്ഥാനാർഥികളെ പാർലമെന്റിലേക്ക് എത്തിച്ചു. രണ്ടും കോൺഗ്രസ് ടിക്കറ്റിൽ. ഭാറൂച്ച് മണ്ഡലത്തിൽ നിന്നും അഹമ്മദ് പട്ടേലും ഇഷാൻ ജെഫ്രിയെ അഹമ്മദാബാദിൽ നിന്നും. ഇതായിരുന്നു ഗുജറാത്തിൽ നിന്നും ഏറ്റവും കൂടുതൽ മുസ്‍ലിം സ്ഥാനാർഥികളെ പാർലമെന്റിലേക്ക് എത്തിച്ച കാലവും. 

ഭാറൂച്ച് ലോക്സഭാ സീറ്റാണ് ഏറ്റവും കൂടുതൽ മുസ്‍ലിം വോട്ടർമാർ ഉള്ള മണ്ഡലം. നിലവിൽ 15.64 ലക്ഷം വോട്ടർമാർ. ഇതിൽ 22.2 ശതമാനവും മുസ്‍ലിങ്ങൾ. 1962 മുതൽ എട്ട് മുസ്‍ലിം സ്ഥാനാർഥികളാണ് ഭാറൂച്ച് മണ്ഡലത്തിൽ നിന്നും മൽസരിച്ചത്. എല്ലാം കോൺഗ്രസ് ടിക്കറ്റിൽ. പക്ഷേ, വിജയം അഹമ്മദ് പട്ടേലിന് മാത്രമായിരുന്നു. 1977, 1982, 1984 എന്നിങ്ങനെ തുടർച്ചയായി മൂന്നു തവണ ഭാറൂച്ചിലെ ജനം അഹമ്മദ് പട്ടേലിനെ പാർലമെന്റിൽ എത്തിച്ചു.

‘ഗുജറാത്തിലെ മുസ്‍ലിങ്ങൾ സാമൂഹികപരമായി മാത്രമല്ല, രാഷ്ട്രീയപരമായും അരികുവൽക്കരിക്കപ്പെട്ടവരാണ്. ഇത് കൂടുതൽ വ്യക്തമായി കാണാൻ സാധിക്കുന്നത് 2002ലെ കലാപത്തിനു ശേഷമാണ്’– സെന്റർ ഫോർ സോഷ്യൽ സ്റ്റഡീസിലെ സാമൂഹ്യ ശാസ്ത്രജ്ഞൻ കിരൺ ദേശായിയുടെ വാക്കുകൾ. 1992ലെ ഗുജറാത്ത് കലാപത്തിനുശേഷം സിഎസ്എസ് റിപ്പോർട്ട് തയാറാക്കിയ സംഘത്തിലെ അംഗമായിരുന്നു ദേശായി.

1989 മുതൽ ഗുജറാത്തിൽ ഒരു ദേശീയ പാർട്ടിയുടെ നേതൃത്വത്തിൽ ആകെ ഏഴ് മുസ്‍ലിം സ്ഥാനാർഥികളാണ് ലോക്സഭയിലേക്ക് മൽസരിക്കാൻ തയാറായത്. ഏഴും കോൺഗ്രസ് സ്ഥാനാർഥികൾ ആയിരുന്നു. ഏറ്റവും ഒടുവിൽ 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിൽ നിന്നും 334 സ്ഥാനാർഥികൾ ആണ് മൽസരത്തിന് ഉണ്ടായിരുന്നത്. ഇതിൽ 67 പേർ (19.76 ശതമാനം) മുസ്‍ലിം ആയിരുന്നു.

ആ വർഷം കോൺഗ്രസ് ടിക്കറ്റിൽ മൽസരിച്ചത് ഒരാളാണ്. നവസാരിയിൽ നിന്നും മക്സുദ് മിശ്ര. മറ്റു 66 മുസ്‍ലിം സ്ഥാനാർഥികളും സ്വതന്ത്രരോ സമാജ്‌വാദി പാർട്ടി (എസ്പി) പോലുള്ളവരുടെ സ്ഥാനാർഥികളോ ആയിരുന്നു. മിക്ക മുസ്‍ലിം സ്ഥാനാർഥികളും മൽസരിച്ചത് പഞ്ചാമഹൽ, ഖേദ, ആനന്ദ്, ഭാറൂച്ച്, നവസാരി, സബർകാന്ത, ജാംനഗർ, ജുഗാദ് എന്നിവിടങ്ങളിലാണ്. 

2009ലെ തിരഞ്ഞെടുപ്പിൽ ലോക് ജനശക്തി പാർട്ടി (എൽജെപി) സ്ഥാനാർഥി കലീം അബ്ദുൽ ലത്തിഫ് ഷെയ്ഖിന്റെ സ്ഥാനാർഥിത്വം മൂലം കോൺഗ്രസ് നേതാവ് ശങ്കർസിങ് വാഗേലയ്ക്ക് പഞ്ചാമഹൽ മണ്ഡലത്തിൽ തോൽക്കേണ്ടി വന്നു. ലത്തീഫ് 23,615 വോട്ടാണ് പിടിച്ചത്. വഗേല തോറ്റതോ 2081 വോട്ടിനും. ജയിച്ചത് ബിജെപിയുടെ പ്രഭാത്‌സിങ് ചൗഹാൻ.

എന്തുകൊണ്ടാണ് ബിജെപിയും കോണ്‍ഗ്രസും ഉൾപ്പെടെയുള്ള ദേശീയ പാർട്ടികൾ പോലും ഗുജറാത്തിൽ മുസ്‍ലിം സ്ഥാനാർഥികളെ മാറ്റിനിർത്തുന്നത് എന്നു ചോദിക്കുമ്പോൾ ഇരു പാർട്ടികൾക്കും ഒരു ഉത്തരം തന്നെ: ‘വിജയ സാധ്യതയാണ് നോക്കുന്നത്’. 

ബിജെപി വക്താവ് ഭാരത് പാണ്ഡ്യ പറയുന്നത് ഇങ്ങനെ: ‘ഞങ്ങളുടെ പാർട്ടി വിജയസാധ്യത മാത്രമാണ് നോക്കുന്നത്. താഴേത്തട്ടിൽ നിന്നുള്ള പ്രവർത്തകരുടെയും പാർട്ടിയുടെയും നിർദേശങ്ങൾ പരിശോധിക്കും. തുടർന്ന് വിജയസാധ്യത നോക്കിയാണ് സ്ഥാനാർഥി നിർണയം’. കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറയുന്നത്: ‘ഞങ്ങളുടെ പാർട്ടിക്ക് ഗുജറാത്ത് നിയമസഭയിൽ മൂന്ന് മുസ്‍ലിം എംഎൽഎമാർ ഉണ്ട്. മുൻപ് ഞങ്ങൾ ലോക്സഭാ തിരഞ്ഞെടുപ്പിലും മുസ്‍ലിം സ്ഥാനാർഥികൾക്ക് അവസരം നൽകിയിരുന്നു. പക്ഷേ, അവർക്ക് വിജയിക്കാൻ സാധിക്കുന്നില്ല’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com