ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ പൊതുവേ ഇടത്തേക്കു ചായാൻ മടി കാണിച്ചിട്ടുള്ള മണ്ഡലമാണ് കോഴിക്കോട്. എന്നാൽ കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മണ്ഡലവും കോഴിക്കോടാണ്. കാരണം മറ്റൊന്നുമല്ല, 1937ൽ കോഴിക്കോടുള്ള തിരുവണ്ണൂരിൽ വച്ചായിരുന്നു കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി പിറവി കൊണ്ടത് (1939ൽ പിണറായിയിൽ നടന്ന സമ്മേളനത്തോടെയായിരുന്നു പ്രസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടത് എന്നതു ചരിത്രം) ‘ജനിച്ച’ നാട് സ്വന്തമാക്കുക എന്ന ലക്ഷ്യത്തിലെത്താൻ ഇത്തവണയെങ്കിലും സാധിക്കണമെന്ന നിലപാടിലാണു പാർട്ടി. അതുകൊണ്ടുതന്നെ ഏറെ ശുഭപ്രതീക്ഷകളോടെയാണു സിപിഎം ഇവിടെ പോരാട്ടത്തിനിറങ്ങുന്നത്. അതേസമയം, ചരിത്രം വീണ്ടും ആവർത്തിക്കുമെന്നും പ്രവർത്തന മികവു മണ്ഡലത്തിലെ ജനങ്ങൾ മറക്കില്ലെന്നുമുള്ള പ്രതീക്ഷയിലാണു യുഡിഎഫ്. ബിജെപിയാകട്ടെ, വലിയ അവകാശവാദങ്ങളില്ലാതെയാണ് ഇവിടെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുള്ളത്.

കോഴിക്കോട്ട് 1980ൽ ഇ.കെ. ഇമ്പിച്ചിബാവ ജയിച്ചതൊഴികെ, പിന്നെയൊരുവട്ടം പോലും സിപിഎം സ്ഥാനാർഥി ഇവിടെ വിജയിച്ചിട്ടില്ല. ഇടതു മുന്നണി സ്ഥാനാർഥിയായി എം.പി. വീരേന്ദ്ര കുമാർ രണ്ടു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അല്ലാത്തപ്പോഴെല്ലാം മുസ്‍ലിം ലീഗ്, കോൺഗ്രസ് സ്ഥാനാർഥികൾ മാത്രമാണു വിജയിച്ചിട്ടുള്ളത്. ഇത്തവണ കോഴിക്കോട് നോർത്ത് എംഎൽഎ എ. പ്രദീപ് കുമാറിനെയാണ് ഇടതു മുന്നണി സ്ഥാനാർഥിയായി നിയോഗിച്ചിട്ടുള്ളത്. സിറ്റിങ് എംപി കോൺഗ്രസിന്റെ എം.കെ. രാഘവൻ തന്നെയാണ് യുഡിഎഫ് സ്ഥാനാർഥി. 

kozhikode-lok-sabha-constituency

നേരത്തെ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്ന ബേപ്പൂരും കുന്നമംഗലവും ഉൾപ്പടെ എലത്തൂർ, ബാലുശേരി, കൊടുവള്ളി, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് എന്നിങ്ങനെ ഏഴു നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണു കോഴിക്കോട് ലോക്സഭാ മണ്ഡലം. ഇതിൽ കോഴിക്കോട് സൗത്ത് ഒഴികെയുള്ള നിയമസഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത് ഇടതു മുന്നണിയാണ്. ഈ നിയമസഭാ മണ്ഡലങ്ങളിലെ നേട്ടം നൽകുന്ന ശുഭ പ്രതീക്ഷയിൽ വിശ്വസിച്ചാണ് പഴയ കണക്കുകൾ തള്ളി ഇടതുമുന്നണി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 

ആലപ്പുഴയില്‍ ആര്?, മനോരമ ഓൺലൈൻ വോട്ട് ഓൺ വീൽസ് വിഡിയോ കാണാൻ ക്ലിക്ക് ചെയ്യൂ...

മണ്ഡല പുനർ നിർണയത്തിനു ശേഷം 2009ൽ പി.എ. മുഹമ്മദ് റിയാസിനെ കളത്തിലിറക്കുമ്പോൾ സിപിഎമ്മിനു കോഴിക്കോട്ട് ഏറെ പ്രതീക്ഷകളുണ്ടായിരുന്നു. പക്ഷേ 838 വോട്ടുകൾക്കാണു കോഴിക്കോട് ലോക്സഭാ മണ്ഡലം സിപിഎമ്മിനു നഷ്ടമായത്. ഇടതു മുന്നണി വിജയം ഉറപ്പിച്ച മണ്ഡലത്തിൽ റിയാസിന്റെ തോൽവിക്കു കാരണമായി വിലയിരുത്തുന്ന പല ഘടകങ്ങളുണ്ട്. ഇടതു മുന്നണിയിൽത്തന്നെ ഒരു വിഭാഗത്തിനുണ്ടായിരുന്ന എതിർപ്പു മുതൽ ഇടതു വിമതർ, ജനതാദൾ മുന്നണി വിട്ടത് തുടങ്ങി അപരൻ വരെ കാരണമായി വിലയിരുത്തപ്പെടുന്നു. മുഹമ്മദ് റിയാസിന്റെ നാല് അപരന്മാർ ചേർന്ന് 4,843 വോട്ടുകളാണ് അന്ന് പിടിച്ചത്. എം.കെ. രാഘവന്റെ രണ്ട് അപരൻമാർ ആകെ പിടിച്ചത് 2772 വോട്ടുകളും. 2014 ൽ 16,883 വോട്ടുകൾക്കാണ് ഇവിടെ ഇടതു സ്ഥാനാർഥി പരാജയപ്പെട്ടത്. സംഘടനാപരമായി ഇടതു പക്ഷത്തിനുണ്ടായ വോട്ടു ചോർച്ചയാണ് ഈ കാലയളവിലെ തോൽവിയുടെ മുഖ്യകാരണമായി വിലയിരുത്തപ്പെടുന്നത്. 

ആത്മവിശ്വാസത്തിൽ രാഘവൻ

കഴിഞ്ഞ പത്തു വർഷം കോഴിക്കോടിനു വേണ്ടി താൻ ചെയ്തതു മറന്നു വോട്ടു ചെയ്യാൻ ഇവിടുത്തെ ജനങ്ങൾക്കു സാധിക്കില്ലെന്ന ആത്മവിശ്വാസവുമായാണ് എം.കെ. രാഘവൻ വീണ്ടുമൊരു അങ്കത്തിനിറങ്ങുന്നത്. സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കും മുൻപേ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ മണ്ഡല പര്യടനം നടത്തി പ്രചാരണരംഗത്ത് സജീവമായി അദ്ദേഹം. സ്ഥാനാർഥി പ്രഖ്യാപനം വന്നതോടെ വികസന നേട്ടങ്ങളുടെ വലിയ പട്ടിക തന്നെ ജനങ്ങൾക്കു മുന്നിൽ നിരത്തിയിരിക്കുകയാണിപ്പോൾ. 

ആരോഗ്യമേഖലയിലും റെയിൽവേയിലുമെല്ലാം ചെയ്ത വികസന പ്രവർത്തനങ്ങളാണ് എം.കെ. രാഘവൻ നിരത്തുന്ന പട്ടികയിൽ ആദ്യസ്ഥാനത്തുള്ളത്. 44.5 കോടി രൂപ മുടക്കി നടപ്പാക്കിയ കാൻസർ സെന്റർ, ഇംഹാൻസ്, പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിയിൽ നടപ്പാക്കിയ മൾട്ടി സൂപ്പർ സ്പെഷാലിറ്റി ആശുപത്രി, കോഴിക്കോട് റെയിൽവേ സ്റ്റേഷനെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്റ്റേഷനാക്കിയ പദ്ധതികൾ തുടങ്ങി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് നിരവധി നേട്ടങ്ങൾ. സഭയിൽ മുടങ്ങാതെ പങ്കെടുത്തതു മുതൽ സ്വകാര്യ ബില്ലുകൾ അവതരിപ്പിച്ചതും എല്ലാ ചർച്ചകളിലും പങ്കെടുത്തിട്ടുള്ളതും എംപി എന്ന നിലയിൽ തന്റെ നേട്ടമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 

2009ൽ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ പാർലമെന്റിലെത്തിയ എം.കെ. രാഘവൻ 2014ൽ ഭൂരിപക്ഷം 16,883 ആയി ഉയർത്തി. സിറ്റിങ് എംപി തന്നെ മൽസരിച്ചാൽ മതിയെന്ന ഹൈക്കമാൻഡ് നിർദേശം അംഗീകരിച്ച് വീണ്ടും മൽസരിക്കുമ്പോൾ ചരിത്രം ആവർത്തിക്കുമെന്ന ശുഭ പ്രതീക്ഷയിലാണ് അദ്ദേഹം. ഭൂരിപക്ഷം പലമടങ്ങ് വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് പാളയവും. 

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാഘവനെതിരെ ഒരു ഹിന്ദി ചാനൽ ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവിട്ടത് വിവാദമായിരുന്നു.എന്നാൽ ഇത് അടിസ്ഥാന രഹരിതമാണെന്നും അന്വേഷണം നടത്തണമെന്നുമാണു യുഡിഎഫിന്റെ ആവശ്യം. ദൃശ്യങ്ങൾ വ്യാജമാണെന്നും ആരോപണം തെളിയിച്ചാൽ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്നും പറഞ്ഞാണു രാഘവൻ ഇതിനെ പ്രതിരോധിച്ചത്. നിലവിൽ വിഷയം മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ പരിഗണനയിലാണ്. 

സംഘടനാ കരുത്തുകാട്ടാൻ സിപിഎം

എല്ലാ പതിവുകളും തെറ്റിച്ചുകൊണ്ട് ഇത്തവണ കോഴിക്കോട് കൈപ്പിടിയിലൊതുക്കുമെന്നാണ് സിപിഎമ്മിന്റെ പ്രഖ്യാപനം. കോഴിക്കോട് നോർത്ത് മണ്ഡലത്തിലെ എംഎൽഎ എ. പ്രദീപ് കുമാറിനെ സ്ഥാനാർഥിയാക്കുമ്പോൾ ജനകീയനായ ഒരു നേതാവിനെ അവതരിപ്പിക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇടതു മുന്നണി. കോഴിക്കോടിന് ഏറെ ഇഷ്ടപ്പെട്ട സിപിഎമ്മുകാരനായാണു പ്രദീപ് കുമാർ വിലയിരുത്തപ്പെടുന്നത്. നേരത്തെ കോഴിക്കോട് സൗത്തിനെ പ്രതിനിധീകരിച്ചും നിയമസഭയിലെത്തിയിട്ടുണ്ട്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗമായ പ്രദീപ് കുമാർ കലാലയ രാഷ്ട്രീയത്തിലൂടെയാണു ജനങ്ങളിലേക്കെത്തിയത്. 

ഈ കാലഘട്ടത്തിനിടെ എ. പ്രദീപ് കുമാറിന് എംഎൽഎ എന്ന നിലയിൽ എടുത്തു പറയാൻ നേട്ടങ്ങൾ ഏറെ. രാജ്യാന്തര നിലവാരം പുലർത്തുന്ന രാജ്യത്തെ ഏക സർക്കാർ സ്കൂൾ എന്ന നിലയിലേക്ക് നടക്കാവ് സ്കൂളിനെ ഉയർത്തിക്കൊണ്ടുവന്ന പ്രിസം പദ്ധതിക്കു പിന്നിൽ പ്രദീപ് കുമാറിന്റെ പ്രയത്നമായിരുന്നു. വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കിയ മറ്റ് ഏതാനും പദ്ധതികളുമുണ്ട് എടുത്തു പറയാൻ. കോഴിക്കോട് ബീച്ച് ആശുപത്രിയുടെ വികസനത്തിനായി മാസ്റ്റർ പ്ലാൻ തയാറാക്കിയതും ഗതാഗത മാർഗങ്ങൾക്കു പുതിയ മുഖം നൽകിയതും കായിക മേഖലയ്ക്കു നൽകിയ സംഭാവനകളുമെല്ലാം നേട്ടങ്ങളായി ഇടതുമുന്നണി എടുത്തു കാട്ടുന്നു. ഇതെല്ലാം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നു എന്നതാണ് ഇടതു മുന്നണിയുടെ വിജയ പ്രതീക്ഷയ്ക്കു പിന്നിൽ. നേരത്തെ കോഴിക്കോടിനെ പ്രതിനിധീകരിച്ച എം.പി. വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദൾ ഇത്തവണ ഒപ്പമുള്ളതും വിജയ പ്രതീക്ഷ വർധിപ്പിക്കുന്നു. 

പ്രചാരണത്തിന് മുന്നിൽ മുഹമ്മദ് റിയാസ്

Kozhikode lok sabha constituency candidates 2019

പി.എ. മുഹമ്മദ് റിയാസാണ് കോഴിക്കോട്ട് ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പു സെക്രട്ടറി. മണ്ഡലത്തിന്റെ മുക്കും മൂലയും വരെ പരിചിതനായ റിയാസ് ഇവിടെ വീണ്ടും സ്ഥാനാർഥിയാകുമെന്നു പ്രതീക്ഷിച്ചവരുണ്ട്. എന്നാൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ചുക്കാൻ പിടിക്കാനുള്ള ചുമതലയാണ് ഇത്തവണ പാർട്ടി റിയാസിനെ ഏൽപിച്ചിരിക്കുന്നത്. സംഘടനാപരമായി വോട്ടുകളെ ക്രോഡീകരിക്കാൻ സാധിക്കുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിയുടെ വിജയ പ്രതീക്ഷയെന്നു മുഹമ്മദ് റിയാസ് പറയുന്നു. 

‘മണ്ഡലത്തിൽ ഇത്തവണ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. രാഷ്ട്രീയ വിഭജനം വന്നു കഴിഞ്ഞാൽ ഇടതു മുന്നണിക്ക് ലീഡ് ചെയ്യാനാകും‌മെന്നാണ് ചരിത്രം. കഴിഞ്ഞ പത്തു വർഷം കോഴിക്കോടിനുണ്ടായ വികസന മുരടിപ്പ് ജനങ്ങൾക്കിടയിൽ തുറന്നു കാണിക്കാൻ സാധിക്കുന്നുണ്ട്. അവശ്യഘട്ടങ്ങളിൽ മൗനത്തിലായിരുന്നു കോഴിക്കോടിന്റെ ജനപ്രതിനിധി. അതേസമയം ഇടതുമുന്നണി ഇടതു വികസനത്തിന്റെ പ്രതീകമാണ്. യുഡിഎഫിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായ വോട്ടു ചോർച്ചയുണ്ടായിട്ടുണ്ട്. വലിയൊരു വിഭാഗം ഇടതുമുന്നണിയിലേക്കും മറ്റൊരു വിഭാഗം ബിജെപിയിലേക്കും പോയി എന്നതാണ് നിയമസഭാ തിരഞ്ഞെടുപ്പു ഫലത്തിൽ വ്യക്തമായത്. ഇതിൽനിന്നു മുക്തി നേടാൻ യു‍ഡിഎഫിന് സാധിച്ചിട്ടില്ല. ഇതുകൊണ്ടെല്ലാം ഇത്തവണ ഇടതു മുന്നണി കോഴിക്കോട്ട് വ്യക്തമായ ഭൂരിപക്ഷത്തോടെ പാർലമെന്റിലെത്തും’ - മുഹമ്മദ് റിയാസ് പറയുന്നു. 

അവകാശവാദങ്ങളില്ലാതെ പ്രകാശ് ബാബു

20 മണ്ഡലങ്ങളിലും ബിജെപി ശുഭപ്രതീക്ഷയിലാണെന്നാണു കുമ്മനം രാജശേഖരൻ പറഞ്ഞത്. ശബരിമല അതിന് നിമിത്തമാകുമെന്നും അദ്ദേഹം പ്രതീക്ഷ വയ്ക്കുന്നു. അതേ നിലപാടിലാണ് കോഴിക്കോട്ടെ ബിജെപി സ്ഥാനാർഥി പ്രകാശ് ബാബു. ദുർബലനായ സ്ഥാനാർഥിയെയാണ് ബിജെപി കോഴിക്കോട് നിയോഗിച്ചിരിക്കുന്നത് എന്ന വിമർശനവും ഇതിനിടെ ഉയർന്നിരുന്നു. എന്നാൽ പാർട്ടിയുടെ ശക്തനായ നേതാവിനെയാണ് കോഴിക്കോട് സ്ഥാനാർഥിയാക്കിയിരിക്കുന്നത് എന്ന നിലപാടിലാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ശബരിമല അക്രമങ്ങളുമായി ബന്ധപ്പെട്ട് 3 അറസ്റ്റ് വാറന്റുണ്ട് പ്രകാശ് ബാബുവിന്റെ പേരിൽ. ജയിലിൽ കിടന്നിട്ടായാലും തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്ത് കോഴിക്കോട്ടെ സ്ഥാനാർഥിക്കുണ്ട് എന്നാണ് ബിജെപി അധ്യക്ഷന്റെ നിലപാട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com