ADVERTISEMENT

ബിജെപി ‘സങ്കൽപ് പത്ര’ത്തിന്റെ ആദ്യ ശ്രദ്ധേയ വിശകലനത്തിനു മുതിർന്നതു തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയനാണ്: ‘J-U-D-G-E ബിജെപി മാനിഫെസ്റ്റോ’ (ബിജെപി പ്രകടനപത്രിക വിലയിരുത്തുക) എന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ജോബ് (തൊഴിൽ), അണ്ടർ പെർഫോമൻസ് (മോശം പ്രകടനം). ഡിമോനിറ്റൈസേഷൻ (നോട്ട് റദ്ദാക്കൽ), ജിഎസ്ടി നടപ്പാക്കൽ‍, ഇക്കോണമി (സമ്പദ്‌വ്യവസ്ഥ) എന്നിവയെക്കുറിച്ചു പ്രകടനപത്രിക മിണ്ടുന്നില്ലെന്നായിരുന്നു ‘ജഡ്ജ്’ എന്ന ചുരുക്കപ്പേരിലൂടെയുള്ള ഓർമപ്പെടുത്തൽ.

നോട്ട് റദ്ദാക്കലിനെക്കുറിച്ചു പരാമർശമില്ലെങ്കിലും ജിഎസ്ടി വിജയമായിരുന്നെന്ന വിലയിരുത്തൽ പ്രകടനപത്രികയിലുണ്ട്. സമ്പ‌ദ്‌വ്യവസ്ഥയെക്കുറിച്ചു വിശദമായ പരാമർശം തന്നെയുണ്ട്. സ്വാതന്ത്ര്യത്തിന്റെ 100–ാം വർഷം ഇന്ത്യയെ ലോകത്ത് ഒന്നാമതെത്തിക്കുകയെന്ന സ്വപ്നവും സങ്കൽപ പത്ര് പങ്കുവയ്ക്കുന്നു. അടിസ്ഥാനസൗകര്യ മേഖലയിൽ 5 വർഷത്തിനുള്ളിൽ 100 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന വാഗ്ദാനം വിരൽചൂണ്ടുന്നതു തൊഴിൽ മേഖലയിലേക്കു തന്നെ.

എന്നാൽ, ബിജെപി ഭരണകാലത്തു തൊഴിൽ മേഖല കൂപ്പുകുത്തിയെന്ന ആരോപണത്തിനു വിശദമായ മറുപടി നൽകാൻ മുതിർന്നിട്ടില്ല. തങ്ങളുടെ സർക്കാർ മോശമായിരുന്നെന്ന കുറ്റസമ്മതം (അണ്ടർ പെർഫോമൻസ്) അവരിൽ‌നിന്നു തന്നെയുണ്ടായില്ലെന്ന പരാതിയെ പ്രതിപക്ഷത്തെ നേതാവിന്റെ അതിമോഹമായി കാണണം.

ഒരു ചുവട് അടിസ്ഥാന പ്രമാണങ്ങളിലും ദേശീയതയിലും മറ്റൊരു ചുവടു ക്ഷേമത്തിലും വികസനത്തിലും ഊന്നി നിൽക്കുന്നതാണു ബിജെപിയുടെ തിരഞ്ഞെടുപ്പു പത്രിക. മുഖ്യ എതിരാളികളായ കോൺഗ്രസ് തങ്ങളുടെ പത്രികയിൽ അവതരിപ്പിച്ച പ്രലോഭനപരമായ വാഗ്ദാനങ്ങൾ ബിജെപിയുടെ പ്രഖ്യാപനങ്ങളെയും സ്വാധീനിച്ചെന്നു വ്യക്തം.

ദരിദ്രർക്കു പ്രതിവർഷം 72,000 രൂപ നൽകുമെന്ന കോൺഗ്രസ് വാഗ്ദാനത്തിനു പകരം ബിജെപിയും ക്ഷേമപദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു: കർഷകർക്കും ചെറുകിട വ്യാപാരികൾക്കും പെൻഷൻ, ഭൂപരിധിയില്ലാതെ എല്ലാ കർഷക കുടുംബങ്ങൾക്കും പ്രതിവർഷം 6,000 രൂപ, കിസാൻ ക്രെഡിറ്റ് കാർഡിൽ ഒരു ലക്ഷം രൂപ 5 വർഷത്തേക്കു പലിശയില്ലാ വായ്പ. 60 കഴിഞ്ഞ കർഷകർക്കും വ്യാപാരികൾക്കും പെൻഷൻ നൽകുമെന്നല്ലാതെ വിശദാംശങ്ങളിലേക്കു പ്രകടനപത്രിക കടക്കുന്നില്ല.

രാമക്ഷേത്ര നിർമാണം, ഏകീകൃത സിവിൽ നിയമം, മുത്തലാഖ് നിരോധനം എന്നിവയോടുള്ള പ്രതിബദ്ധത ആവർത്തിക്കുന്നു, ബിജെപി. ദേശീയ പൗരത്വ റജിസ്റ്റർ രാജ്യമെങ്ങും വ്യാപിപ്പിക്കുമെന്നും ശബരിമല പ്രശ്നത്തിൽ വിശ്വാസസമൂഹത്തിന്റെ ആശങ്കകൾ സുപ്രീം കോടതിയെ ബോധ്യപ്പെടുത്താൻ വേണ്ടതു ചെയ്യുമെന്നുമുള്ള ഉറപ്പുകളും ഇതിനോടു കൂട്ടി വായിക്കണം.

അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റമില്ലെന്നു ബോധ്യപ്പെടുത്താനുള്ള വ്യക്തമായ ശ്രമമാണു ബിജെപി നടത്തുന്നത്. ‘ഭീകരവിരുദ്ധ നിയമം റദ്ദാക്കുമെന്ന കോൺഗ്രസിന്റെ നിലപാടും ഭീകരതയോട് ഒത്തുതീർപ്പില്ലെന്ന ബിജെപി നിലപാടും താരതമ്യപ്പെടുത്തുക. അവരുടേതു പ്രകടനപത്രിക, ഞങ്ങളുടേതു ജനാഭിലാഷത്തിന്റെ പ്രതിഫലനം’ എന്നായിരുന്നു പ്രകടനപത്രിക പുറത്തിറക്കിയതിനു പിന്നാലെ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രതികരണം. അടവുകളെല്ലാം പുറത്തെടുത്തുള്ള പോരാട്ടത്തിൽ ഭരണകക്ഷി ഒരു ചുവടു പോലും പിന്നോട്ടില്ലെന്നു തന്നെ അർഥം.

English Summary: Analysis of BJP Manifesto, Lok Sabha Polss 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com