ADVERTISEMENT

കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണിയുടെ ശതാഭിഷേകവേളയിൽ മലയാള മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്

പാലായിൽ കരിങ്ങോഴയ്ക്കൽ വീട്ടുമുറ്റത്തെ തണൽമരം ഇല പൊഴിക്കുകയാണ്. അലക്കിത്തേച്ച ജൂബയിലേക്ക് കാറ്റത്തു രണ്ടില വന്നു വീണു. ഹ ഹ ഹാ എന്നു ചിരിച്ച് കെ.എം. മാണി ഉടുപ്പൊന്നു തട്ടിക്കുടഞ്ഞു. പിന്നെ, അടുത്തിരുന്ന ഭാര്യ കുട്ടിയമ്മയുടെ കയ്യിൽ ഉടുമ്പു പിടിക്കും പോലെ പിടിച്ചു. കുട്ടിയമ്മയ്ക്കും കുട്ടികൾക്കും പേരക്കുട്ടികൾക്കുമൊപ്പമിരിക്കാൻ ആവശ്യത്തിനു നേരം കിട്ടുന്നില്ലെന്നു പരാതിപ്പെടുന്ന രാഷ്ട്രീയത്തിരക്കുകാരന് 84 വയസ്സ്.

ജന്മദിനമൊന്നും ആഘോഷിക്കുന്ന പതിവ് ‘മാണിസാറി’നില്ല. ആയിരം പൂർണചന്ദ്രന്മാരെ കാണുന്നത് ഒരു ചെറിയ കാര്യമൊന്നുമല്ലല്ലോ എന്നു തോന്നിയപ്പോൾ ആയിക്കോട്ടെ എന്നായി. അഗതിമന്ദിരങ്ങളും ബാലഭവനങ്ങളും സാന്ത്വന പരിചരണ കേന്ദ്രങ്ങളും ഉൾപ്പെടെ ആയിരം കേന്ദ്രങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചാണ് കേരള കോൺഗ്രസ് (എം) മാണിസാറിന്റെ ശതാഭിഷേകം ആഘോഷിക്കുന്നത്.

കാലാവസ്ഥയുടേതാകാം, ഇടയ്ക്കിടെ ചുമയുണ്ട്. ‘മാണിസ’മുള്ള പൊട്ടിച്ചിരികളെല്ലാം ചുമച്ചു തീരുന്നു, പുകവലിക്കാലത്തെ ചുമയുടെ ഏഴയലത്തു വരില്ലെങ്കിലും. രാഷ്ട്രീയജീവിതത്തിലെ ഭൂകമ്പങ്ങളൊന്നും മാണിസാറിനു തലവേദനയുണ്ടാക്കുമെന്ന് കരുതാൻ വയ്യ. കാരണം, തലവേദന എന്താണെന്നു പോലും അദ്ദേഹത്തിനറിയില്ല.

‘കുഞ്ഞുമാണിച്ച’നു തലവേദന വരാത്തതിന്റെ ഗുട്ടൻസ് എന്താണെന്ന് അറുപതു വർഷമായി ഒപ്പമുള്ള കുട്ടിയമ്മയ്ക്കും പിടിയില്ല. ചിലപ്പോൾ, മാണിസാറിനു ദൈവം കൊടുത്ത ഒരു ‘അഡീഷനാലിറ്റി’യായിരിക്കും. ചെറുപ്പത്തിൽ ചെറുകഥകളെഴുതിയിരുന്ന കഥ പറഞ്ഞുപറഞ്ഞ്, പി.ടി. ചാക്കോയ്ക്കൊപ്പം ഏർക്കാട് ഏകാന്ത ധ്യാനത്തിനു പോയ സ്വന്തം ജീവിതകഥയിലേക്ക് ആവേശത്തോടെ കടന്നു.

KM Mani, PC George

ശത്രുക്കൾക്കു മാപ്പുകൊടുക്കാനും രാഷ്ട്രീയത്തിലെ വിശാലസമീപനത്തിനും കെ.എം. മാണി സ്വീകരിച്ച മാതൃക പി.ടി. ചാക്കോയുടേതാണോ?

പി.ടി. ചാക്കോ മരിക്കുന്നതിന്റെ തലേ വർഷമാണ് ഏർക്കാട് ധ്യാനത്തിനുപോയത്. ഗ്രൂപ്പ് മൽസരങ്ങളൊക്കെ കോൺഗ്രസിലുള്ള കാലഘട്ടം. എഐസിസി ജനറൽ സെക്രട്ടറി കെ.പി. മാധവൻ നായർ ഊട്ടിയിലാണു താമസം. ധ്യാനം കഴിഞ്ഞ് കുമ്പസാരമുണ്ട്. കുമ്പസാരം കഴിഞ്ഞ് പി.ടി. ചാക്കോ എന്നോടു പറഞ്ഞു: നമ്മളെല്ലാവരും ശത്രുക്കളോടെല്ലാം രമ്യതയാകുക, സ്നേഹമാകുക. നമുക്ക് എന്തെങ്കിലും പരിഭവമുണ്ടെങ്കിൽ അതെല്ലാം ക്ഷമിക്കുക. മാധവൻ നായരുമായിട്ട് എനിക്കു ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഒന്നും വ്യക്തിപരമല്ല. കുഞ്ഞുമാണി വരുന്നോ എന്റെ കൂടെ? ഞാനും വരുന്നു എന്നും പറഞ്ഞ് ഒപ്പമിറങ്ങി. അങ്ങനെ ഞങ്ങൾ രണ്ടുപേരും കൂടി ഊട്ടിക്കു പോയി. ഞാനവിടെ പുറത്ത് വരാന്തയിലിരുന്നു. പി.ടി. ചാക്കോ, മാധവൻ നായരുമായി എല്ലാം സംസാരിച്ചു തീർത്തു.

പി.ടി. ചാക്കോയെക്കുറിച്ച് ‘ചാക്കോയിലെ ആത്മീയമനുഷ്യൻ’ എന്ന പുസ്തകമെഴുതി. മാണിയിലെ ആത്മീയ മനുഷ്യൻ എന്നൊരു പുസ്തകം ആരെഴുതും?

ആർക്കു വേണമെങ്കിലും എഴുതാം. എന്നെ അടുത്തറിയുന്നവർക്കൊക്കെ അറിയാം.

KM Mani, Kuttiyamma

മാണിയെപ്പോലെയൊരു നേതാവ് ആത്മകഥയെഴുതിയാൽ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന ഏടുകൾ കൂടി അതിലുണ്ടാകും. ആത്മകഥ എഴുതുകയാണെന്ന് വർഷങ്ങളായി പറയുന്നു. എന്താണിനി താമസം?

എഴുതണം, സമയം തീരെ കിട്ടുന്നില്ല; ഇപ്പോഴും ഓവർടൈമാണ്.

ഈ തിരക്കിനിടയിൽ പഴയകാലമൊക്കെ ഓർത്തെടുക്കാറുണ്ടോ? മണ്ണിന്റെ മണവും ഗുണവും നിറഞ്ഞ ബാല്യമായിരുന്നല്ലോ.

അതൊരു രസകരമായ കാലം. അപ്പച്ചന് കുണുക്കുംപാറയിൽ കൃഷിയുണ്ടായിരുന്നു. ഇഞ്ചിക്കൃഷിയാണ്. ഇഞ്ചി മാന്തി വിളവെടുക്കാൻ പണിക്കാർക്കൊപ്പം ഞാനും കൂടും. ഇഞ്ചി പറിച്ചെടുത്ത ശേഷം തൊട്ടപ്പുറത്തു കുഴി മാന്തി അതിനുള്ളിൽ ഒളിപ്പിക്കും. പണിക്കാരെല്ലാം പോയിക്കഴിയുമ്പോൾ ഞാൻ പയ്യെ പറമ്പിലിറങ്ങും. ഒളിപ്പിച്ച ഇഞ്ചിയെല്ലാം കുഴി മാന്തി പുറത്തെടുത്ത് വീട്ടിലേക്കോടും. ഇതെവിടുന്നാടാ എന്ന് അപ്പച്ചൻ ചോദിക്കുമ്പോൾ ഗമയോടെ പറയും– ‘കാലാ’ പെറുക്കിയതാ! എന്നാപ്പിന്നെ തന്നെ എടുത്തോ എന്നു പറഞ്ഞ് അപ്പൻ അതു തരും. അതു കഴുകി ഉണക്കി വിൽക്കുന്ന പൈസയെല്ലാം എനിക്കെടുക്കാം. ഞാൻ അധ്വാനിച്ച് കാലാ പെറുക്കിയതാണല്ലോ. ഇന്നോർക്കുമ്പോൾ വലിയ തമാശയാണ്.

രാഷ്ട്രീയ ബാല്യത്തെക്കുറിച്ചോ?

തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനുള്ള പ്രക്ഷോഭം നടക്കുമ്പോൾ ഞാൻ ഹൈസ്കൂളിലാണ്. പഠിപ്പുമുടക്കിന് ആഹ്വാനവുമായി ഞങ്ങൾ വിദ്യാർഥികൾ പാലാ സെന്റ് തോമസ് സ്കൂളിൽനിന്നു പ്രകടനമായി പോയി. വഴിയിൽവച്ചാണ്, തിരുവിതാംകൂറിന് ഉത്തരവാദഭരണം അനുവദിച്ച് ഉത്തരവിട്ട വിവരം അറിയുന്നത്. ഞങ്ങൾ ആർത്തുവിളിച്ചതൊക്കെ ഇപ്പോഴും ഓർക്കുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്തല്ലേ അച്ചനാകാൻ മോഹമുദിച്ചത്?

അതെ, യുപി സ്കൂളിൽ പഠിക്കുമ്പോൾ. കൂനൂരിൽനിന്നു ബ്രദേഴ്സ് വരും. പുരോഹിതരാകാൻ താൽപര്യമുള്ള കുട്ടികളെ കണ്ടെത്തി റിക്രൂട്ട് ചെയ്യാൻ. എനിക്കു കൂനൂരു പോകണമെന്നുണ്ടായിരുന്നു. പക്ഷേ പോയില്ല. പോയിരുന്നെങ്കിൽ ബ്രദറായിട്ടിരിക്കാമായിരുന്നു.
(അപ്പോൾ എന്നെ കെട്ടാൻ പറ്റുമോ?– കുട്ടിയമ്മയുടെ പരിഭവം)

മകൻ ജോസ് കെ. മാണിയെക്കുറിച്ച് എന്തൊക്കെയാണു പ്രതീക്ഷകൾ? മകനെക്കുറിച്ച് മറ്റെന്തെങ്കിലും സ്വപ്നങ്ങളുണ്ടായിരുന്നോ?

അവൻ ഇന്നപോലെ ആകണമെന്നൊന്നുമില്ലായിരുന്നു. അത് അവനുതന്നെ വിട്ടു കൊടുത്തു. എനിക്കങ്ങനെ കണക്കുകൂട്ടലൊന്നുമില്ല. അവൻ എല്ലാം ആലോചിച്ചു ചെയ്യുന്നുണ്ട്. പിഴവൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. പറഞ്ഞുകൊടുക്കാതെ തന്നെ അവൻ സ്വയം കണ്ടു ചെയ്യുന്നുണ്ട്. അടിച്ചേൽപിക്കേണ്ട കാര്യമില്ല.

മരുമകൾ നിഷ ജോസ് കെ. മാണിക്കും രാഷ്ട്രീയത്തിലിറങ്ങാൻ താൽപര്യമുണ്ടോ?

നിഷ നല്ല കഴിവുള്ള പെൺകുട്ടിയാണ്. രാഷ്ട്രീയത്തിൽ വരണമെന്നില്ലല്ലോ. ഓരോരുത്തർക്കും താൽപര്യങ്ങൾ വിഭിന്നമായിരിക്കില്ലേ? ഞങ്ങൾക്ക് അങ്ങനെ കണക്കുകൂട്ടലുകളൊന്നുമില്ല.

കാർഷികാദായ നികുതി ഒഴിവാക്കൽ, കാരുണ്യ ലോട്ടറി ഉൾപ്പെടെ ജനപ്രിയ പരിഷ്കാരങ്ങളും പദ്ധതികളും മന്ത്രിയെന്നനിലയിൽ കൊണ്ടുവന്നു. തിരിഞ്ഞു നോക്കുമ്പോൾ പൂർണചാരിതാർഥ്യമുണ്ടോ? ചെയ്യാൻ എന്തെങ്കിലും വിട്ടു പോയതായി തോന്നിയിട്ടുണ്ടോ?

അവസരം കിട്ടുമ്പോൾ സമൂഹത്തിനു വേണ്ടി, രാജ്യത്തിനു വേണ്ടി എന്തു ചെയ്തു എന്നതു പ്രധാനമാണ്. ഉപ്പുചാക്കു ചുമക്കുന്ന കഴുതയുടെ അവസ്ഥയിലുള്ള കർഷകനു നികുതി ഭാരത്തിൽനിന്നു മോചനമുണ്ടാക്കാനായി. റബർ കർഷകനു ബജറ്റിൽ നൂറുകോടി രൂപ മാറ്റിവച്ചു. വിലസ്ഥിരതാ ഫണ്ട് സുപ്രധാന ആശയമായിരുന്നു. റബറിന് 200 രൂപ പ്രഖ്യാപിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു കർഷകരെ സഹായിക്കാവുന്നതേയുള്ളൂ. ഇവയൊക്കെയും, കാരുണ്യ ലോട്ടറി പോലുള്ള പദ്ധതികളും കൊണ്ടുവരാൻ കഴിഞ്ഞതാണ് എന്റെ രാഷ്ട്രീയ ജീവിതത്തിലെ സാഫല്യം. ചെയ്യേണ്ട അതിപ്രധാന കാര്യങ്ങളൊക്കെ ബജറ്റിൽ കൊണ്ടുവന്നിട്ടുണ്ടെന്നു തന്നെയാണു വിശ്വാസം. ഒന്നും വിട്ടു പോയിട്ടില്ല.

സുദീർഘകാലം മന്ത്രിയായിരുന്ന് രാഷ്ട്രീയ റെക്കോർഡുകളിട്ട മാണിസാറിന് മുഖ്യമന്ത്രിയാകാൻ സാധിക്കാതിരുന്നതിൽ സങ്കടമുണ്ടോ?

മുഖ്യമന്ത്രിയാകണമെന്നു മോഹമൊന്നുമില്ല. ആകരുതെന്നുമില്ല. പക്ഷേ അങ്ങനെ, മുഖ്യമന്ത്രിയാകണമെന്നൊരു ആഗ്രഹമോ പദ്ധതിയോ ഒന്നും ഇല്ല. പിന്നെ, വരുമ്പോൾ വരട്ടെ, പിടിച്ചു വാങ്ങേണ്ട കാര്യമില്ല. കിട്ടേണ്ട സമയത്തു കിട്ടും. അർഹതയുള്ളതു കിട്ടും. ഹൈക്കോടതി മുൻ ജഡ്ജി പി. ഗോവിന്ദമേനോനു വേണ്ടി മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാനിറങ്ങി, പി.ടി. ചാക്കോയുടെ പ്രോൽസാഹനം കൊണ്ടു രാഷ്ട്രീയത്തിലേക്കു വന്നു.

അതല്ലായിരുന്നെങ്കിൽ കെ.എം. മാണി ആരാകുമായിരുന്നു എന്നു ചിന്തിച്ചാൽ കോട്ടിട്ട വക്കീലിനെ ഭാവനയിൽ കാണാം. അതുമല്ലെങ്കിൽ ആരാകുമായിരുന്നു?

അഭിഭാഷകൻ തന്നെ. വക്കീലായി തുടരണമെന്നുള്ളത് എന്റെ വലിയൊരു ആഗ്രഹമാണ്. ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ കഴിയാതിരുന്നതിൽ വലിയ ദുഃഖമുണ്ട്. പാലാ സബ് കോടതിയിലും കോട്ടയം ഡിസ്ട്രിക്ട് കോടതിയിലുമൊക്കെ വാദിച്ചു. ഹൈക്കോടതിയിൽ കേസുകൾ കേട്ടിരുന്നു എന്നതൊഴിച്ചാൽ വാദിക്കാൻ കഴിഞ്ഞിട്ടില്ല. സുപ്രീം കോടതിയിലൊക്കെ പോയി വാദിക്കാൻ പറ്റിയില്ലല്ലോ എന്നൊക്കെ സങ്കടമുണ്ടായിരുന്നു. ഇനിയാണെങ്കിലും ചെന്നു പ്രാക്ടീസ് ചെയ്താലോ എന്നു മനസ്സിൽതോന്നും ചിലപ്പോൾ.

(ഇനിയിതു മതി, മന്ത്രിയൊക്കെ ആയില്ലേ എന്നു പറഞ്ഞ് കുട്ടിയമ്മയുടെ ഇടപെടൽ. പിന്നെ മാണിച്ചിരി മുഴക്കം.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com