ADVERTISEMENT

തൊണ്ടയമർത്തിയുള്ള ശബ്ദവും ചുമ കലർന്ന ചിരിയും ഉടയാതെ ഉയരത്തിനൊപ്പം നിൽക്കുന്ന വെള്ള ജൂബയും മുണ്ടും ചേർന്നാൽ മാണിസാറായി. കോൺഗ്രസുകാരനായിരുന്ന കുഞ്ഞുമാണിയിൽനിന്ന് കേരള കോൺഗ്രസിന്റെ തലവനായുള്ള വളർച്ചയെ മാണിസാർ എന്നു സ്വയം സംബോധന ചെയ്തുകൊണ്ട് മാണിസാർ എന്നേ സ്ഥിരീകരിച്ചു. അരനൂറ്റാണ്ടിലേറെ മാണിസാർ പാലായുടെ രാഷ്ട്രീയപര്യായമായി. എതിരാളികളും മാണിസാറിനെ പാലായുടെ പ്രഥമ പൗരനായി അംഗീകരിച്ചു.

സമുദായമാണ് പിൻബലമെന്ന തിരിച്ചറിവിൽ പള്ളി, പ്രാർഥന, കുടുംബം, കുട്ടിയമ്മ തുടങ്ങിയ വാക്കുകൾ മൂല്യമറിഞ്ഞ് മാണിസാർ ഉപയോഗിച്ചു. സാധാരണക്കാരായ കേരള കോൺഗ്രസുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ചില്ലിട്ടു ഭിത്തിയിൽ ചാർത്തിയ ചിത്രം കനത്ത മീശയുമായി, കൈപിന്നിൽ കെട്ടി, മൈക്കിനു മുന്നിൽനിന്ന് ജനാവലിയോടു സംസാരിക്കുന്ന പി.ടി.ചാക്കോയുടേതായിരുന്നു. അതിനെ കടന്ന്, കലണ്ടറിന്റെ രൂപത്തിലാണ് മാണിസാർ ഇടംപിടിച്ചത്. വെള്ള അംബാസഡർ കാറിൽനിന്നിറങ്ങി കറുത്ത തുകൽ ബാഗും പിടിച്ച് ബജറ്റ് അവതരിപ്പിക്കാൻ എത്തുന്ന മാണിസാറിന്റെ ബ്ളാക്ക് ആൻഡ് വൈറ്റ് കലണ്ടർ. അത് ഏതെങ്കിലും വർഷമോ തീയതിയോ ഉള്ളതായിരുന്നില്ല.. കാരണം, ആ ദൃശ്യം ഏതു കാലത്തും ആവർത്തിക്കാവുന്നതായിരുന്നു.

പ്രാദേശികകക്ഷികളുടെ പ്രാധാന്യവും ശക്തിയുമൊക്കെ അംഗീകരിക്കപ്പെടുന്നതിന് എത്രയോ മുൻപേ മാണിസാർ കേരള കോൺഗ്രസിനെ അത്തരത്തിൽ പ്രസക്തമാക്കി. പിളർപ്പും ഇടയ്ക്കു സംഭവിക്കുന്ന ലയനവും പാർട്ടിയുടെ പ്രമാണമായപ്പോൾ, വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പ്രതിഭാസമെന്ന് അതിനെ ശക്തിയാക്കി മാണിസാർ വ്യാഖ്യാനിച്ചു. പാർട്ടിയുടെ ഒാരോ നേതാവും പേരിന്റെ ആദ്യക്ഷരമെടുത്ത് പുതിയ പാർട്ടിയുണ്ടാക്കി,  പാർട്ടിയുടെ പേരിലേക്ക് ‘എം’ ചേർക്കപ്പെട്ടു. സ്വാഭാവികമായും അത് ഉള്ളതിലേക്കും ശക്തിയുള്ള കേരള കോൺഗ്രസായി. അതിന്റെ ഒന്നാം നിരയിലും രണ്ടാം നിരയിലും മൂന്നാം നിരയിലും നേതാവ് മാണിസാർ മാത്രമെന്നത് വിമർശനവും  നേതാവിന്റെ വലുപ്പത്തിന്റെ വ്യാഖ്യാനവുമായി.

ഉൾപ്പെട്ടതും ഉൾപ്പെടാത്തതുമായ മുന്നണികളിലെ വലിയ പാർട്ടികളോട് ഇത്രയും വിലപേശിയ മറ്റൊരാളില്ല. വിലപേശുന്നത് നിൽക്കുന്ന മുന്നണിയിൽ വലുപ്പം കൂട്ടാനാണെന്ന് വിമർശനമുണ്ടായി. അപ്പോഴും ഒരു വലിയ പാർട്ടിയും മാണിസാറിനെ പിണക്കാൻ താൽപര്യപ്പെട്ടില്ല. 1979ൽ മുഖ്യമന്ത്രിയാവാമെന്ന് ഉറപ്പിച്ചകാലത്തുൾപ്പെടെ ചിലർ കബളിപ്പിച്ചെന്നു പരിഭവിച്ചപ്പോഴും പ്രതിയോഗികളോടു ചിരിച്ചുകൊണ്ടുമാത്രം ഇടപെട്ടു. അത് വ്യക്തിബന്ധത്തിന്റെ അലങ്കാരമുള്ള ചിരിയായിരുന്നു. ആടിയുലഞ്ഞും തോളത്തു കൈവച്ചുമുള്ള ചിരി.

ജൂബ ഉടഞ്ഞുമുഷിഞ്ഞതെങ്കിൽ, തലമുടി ചീകിപ്പറ്റിച്ചിട്ടില്ലെങ്കിൽ, മാണിസാറിനെ മാണിസാർപോലും തിരിച്ചറിയില്ല. പാർട്ടിയെ മാണിസാറെന്നപോലെ, ആ നേർത്ത ഉടലിനെ രൂപഭംഗിയോടെ നിലനിർത്തിയത് ജൂബയാണ്. പാർട്ടിയുടെ സ്ഥാപക നേതാവിന്റെ മകൻ ഫ്രാൻസിസ് ജോർജ്, താൻ സ്കൂൾകുട്ടിയായിരിക്കുന്ന കാലം മുതലേ മാണിസാറിനെ കണ്ടിട്ടുള്ളതും അടുത്ത് ഇടപഴകിയിട്ടുള്ളതുമാണ്. 

‘ഒരാൾക്ക് ഒരു പദവി’ ഉൾപ്പെടെയുള്ള വിവാദങ്ങളും പിളർപ്പുകളും കാരണങ്ങളുമൊക്കെ ഒാർത്തു മാറ്റിക്കൊണ്ട് ഫ്രാൻസിസ് പറയും: ‘ഇത്രയും കഠിനാധ്വാനിയായ രാഷ്ട്രീയക്കാരാനെയല്ല, മനുഷ്യനെത്തന്നെ വേറെ കണ്ടില്ല. ദിവസവും 18 മണിക്കൂറെങ്കിലും അധ്വാനിക്കും. പണ്ടേ അതായിരുന്നു ശൈലിയെന്ന ചാച്ചൻ പറഞ്ഞുകേട്ടിട്ടുണ്ട്, പിന്നീട് ഞാൻ കണ്ടറിഞ്ഞതുമാണ്. ആരെയും മുഷിപ്പിക്കാതെ പ്ളെസന്റ് ആയി ഇടപെടും, ആദ്യം കാണുന്നവരോടും നൂറ്റാണ്ടുകളായി പരിചയമുണ്ടെന്ന ഫീൽ നൽകി പെരുമാറും.’ മരണവീടുകളിൽ ചെല്ലുന്ന മാണിസാറിന്റെ മുഖഭാവമെന്നത് ഫലിതമായി മാത്രമല്ല, അടുപ്പം പ്രകടിപ്പിക്കുന്ന രീതിക്കുള്ള ഉദാഹരണമായും പറയപ്പെടുന്നു.

ആരോഗ്യത്തെ സാരമായി ബാധിച്ച പുകവലിശീലം അവസാനമായി ഉപേക്ഷിച്ചത് മകളുടെ പ്രസവവുമായി ബന്ധപ്പെട്ട പ്രശ്നകാലത്താണെന്ന് മാണിസാർതന്നെ പറഞ്ഞിട്ടുണ്ട്. ‘ചാച്ചൻ പുകവലിയുടെ പേരിൽ മാണിസാറിനെ എപ്പോഴും വഴക്കുപറയുമായിരുന്നു. ചാച്ചന്റെയും മാണിസാറിന്റെയുമൊപ്പം യാത്ര ചെയ്തത് ഒാർക്കുന്നു: ചാച്ചൻ മയങ്ങിയാലുടനെ മാണിസാർ കാറിന്റെ ഡ്രൈവറോടു പറയും, അടുത്ത മുറുക്കാൻ കട കാണുമ്പോൾ വണ്ടി നിർത്തണം. വണ്ടി നിർത്തുമ്പോൾ ചാച്ചനുണരും. എന്താ പ്രശ്നമെന്നു ചോദിക്കും. ഉടനെ മാണിസാർ പറയും: ഏയ് ഒന്നുമില്ല. വണ്ടി പോകട്ടേ’– ഫ്രാൻസിസ് പറഞ്ഞു.

അഡീഷനാലിറ്റി, അധ്വാന വർഗ സിദ്ധാന്തം, ഏഷ്യൻ സാമ്പത്തിക സമൂഹം എന്നിങ്ങനെ വാക്കായും ആശയമായും പല സംഭാവനകളും മാണിസാറിന്റേതായുണ്ട്. എപ്പോൾ കണ്ടാലും, പുതിയ ആശയമുണ്ടെങ്കിൽ പറഞ്ഞുതാ എന്നു പറയുന്ന മാണാസാറിനെക്കുറിച്ച്  ഡോ.ഡി.ബാബു പോൾ പറഞ്ഞിട്ടുണ്ട്.  1964 ഒക്ടോബർ 9ന് കേരള കോൺഗ്രസുണ്ടായി. പിറ്റേ മാസം അമേരിക്കയിൽനിന്നു പഠനം കഴിഞ്ഞെത്തി പാർട്ടിയിൽ പ്രവർത്തനത്തിനിറങ്ങിയ ആളാണ് വക്കച്ചൻ മറ്റത്തിൽ. മാണി സാറും വക്കച്ചനും ‘നല്ല കമ്പനിയായി അടിച്ചുപൊളിച്ച കാലമുണ്ട്.’ ഭക്ഷണപ്രിയനായിരുന്ന മാണിസാറിനെക്കുറിച്ച് വക്കച്ചൻ പറയുന്നു: ‘ഈ കഴിക്കുന്നതൊന്നും ശരീരത്തിൽ കാണുന്നില്ലല്ലോയെന്നു ഞാൻ ചോദിച്ചു. ആ പതിവു ചിരി മാത്രമായിരുന്നു മറുപടി. അവസരങ്ങൾ പാഴാക്കാത്ത ആളായിരുന്നു മാണിസാർ. അത്യധ്വാനി.’

ആരോപണങ്ങളെയും വിവാദങ്ങളെയും മറികടന്നും മാണിസാർ മുന്നോട്ടുപോയി. രണ്ടു മോഹങ്ങളാണ് നടക്കാതിരുന്നത്: മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി. അതൊന്നും അടങ്ങിയിരിക്കാൻ കാരണമാക്കിയില്ല. വിട്ടുകൊടുക്കലും പിൻവാങ്ങലും ഇല്ലെന്നത്  കഴിഞ്ഞ മാസം കോട്ടയത്തും കണ്ടതാണ്. അത് ആ പ്രദേശത്തിന്റെ ശീലമാണ്. അതു പാലായെ പഠിപ്പിച്ചത് മാണിസാറാണോയെന്നുപോലും സംശയിക്കാം. പാലായ്ക്ക് ഇന്നു നഷ്ടപ്പെടുന്നത് ഒരു മേൽവിലാസമാണ് – പലതുകൊണ്ടും സവിശേഷമായ രാഷ്ട്രീയശൈലിയുടെ. പാലാക്കാരുടെ വർത്തമാനത്തെ അനുകരിക്കാനാവും. മാണിസാറിനെ പറ്റില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com