ADVERTISEMENT

കോൺഗ്രസ്– ബിജെപി നേരിട്ടുള്ള പോരാട്ടമാണ് ശിവഗംഗയിൽ. മത്സരിക്കുന്നത് രണ്ട് വിവാദ നായകൻമാർ. കണ്ണീർ സീരിയൽ കഥകളുമായി കാർത്തി ചിദംബരം വീട്ടമ്മമാരെ കൈയ്യിലെടുക്കാൻ ശ്രമിക്കുമ്പോൾ, ബിജെപി വോട്ടുകൾക്കു പുറമെ അണ്ണാ ഡിഎംകെ പിന്തുണയുമുള്ളതിനാല്‍ ട്രിപ്പിൾ സ്ട്രോങ്ങായെന്ന് എച്ച്. രാജ ഉറപ്പിച്ചു പറയുന്നു. എന്നാൽ മുൻ കേന്ദ്രമന്ത്രി ചിദംബരം ജയിച്ചിരുന്ന മണ്ഡലത്തിന്റെ ദയനീയാവസ്ഥയും കാർത്തിക്കെതിരെ ഉയർന്ന ആരോപണങ്ങളും വർഗീയ പരാമർശങ്ങളുടെ പേരിൽ വിവാദത്തിൽപ്പെടുന്ന രാജയും ഒരേപോലെ വോട്ടർമാരെ ധർമ്മസങ്കടത്തിലാക്കുകയാണ്.

നേർക്കുനേർ പോരാട്ടത്തിന് രണ്ടാംതവണയും ഇരുവരും ഇറങ്ങുമ്പോൾ, കഴിഞ്ഞതവണ എതിരെ നിന്നവർ ഇടവും വലവുമുണ്ടെന്നതാണ് പ്രത്യേകത, ഡിഎംകെ കോൺഗ്രസിനോടൊപ്പവും അണ്ണാഡിഎംകെ ബിജെപിക്കൊപ്പവും. 2014ൽ കോൺഗ്രസ് ഒറ്റ‌യ്ക്ക് മത്സരിച്ചപ്പോൾ ചിദംബരം മകനാണ് അവസരം കൊടുത്തത്. പക്ഷേ കെട്ടിവച്ച കാശ് പോയി നാലാം സ്ഥാനത്തായ കാർത്തിക്ക് 1,04678 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന എച്ച്. രാജയ്ക്ക് കാർത്തിയെക്കാൾ 33,000 വോട്ടുകൾ അധികമുണ്ടായിരുന്നു. 4,75993 വോട്ടുകൾ നേടി അണ്ണാ ഡിഎംകെ. സ്ഥാനാർഥിയാണ് വിജയിച്ചത്. ഡിഎംകെ 2,46,608 വോട്ടോടെ രണ്ടാംസ്ഥാനത്തും.

Tamil-Nadu-Constituency-seats-2014-map

'തന്തൈ ചിദംബരം' നീണ്ടകാലം കേന്ദ്രമന്ത്രിയുണ്ടായിരുന്ന മണ്ഡലത്തിൽ വികസനവും തൊഴിലുമെവിടെയെന്ന് യുവാക്കൾ ചോദിക്കുമ്പോൾത്തന്നെ എതിർപക്ഷത്ത് വിവാദ പ്രസ്താവനകളുടെ തമ്പുരാൻ 'രാജ'യാണ്. ഇരുവർക്കുമെതിരെ സ്വന്തം മുന്നണിയിലും പാർട്ടിയിലും അടിയൊഴുക്കുകളും ശക്തം. അണ്ണാ ഡിഎംകെ വോട്ടുകൾ ഭിന്നിപ്പിക്കാൻ, കരുത്തനായ വി.പാണ്ഡിയെ ദിനകരൻ രംഗത്തിറക്കിയിരിക്കുന്നു. കോൺഗ്രസിലാണെങ്കിൽ കാർത്തിക്കെതിരെ കലാപക്കൊടികളും ഉയർന്നിരുന്നു.

കാര്‍ത്തി ചിദംബരത്തിന്റെ സ്ഥാനാര്‍ത്ഥിത്വം അവസാന നിമിഷം വരെ ദേശീയ നേതൃത്വം സസ്‌പെന്‍സ് ആക്കി വച്ചിരിക്കുകയായിരുന്നു. കാര്‍ത്തിയും മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇ എം സുദര്‍ശന നാച്ചിയപ്പനും ആയിരുന്നു ടിക്കറ്റിനായുള്ള അവസാന റൗണ്ട് പോരാട്ടത്തിൽ ഒപ്പമുണ്ടായിരുന്നത്‍. ഒട്ടേറെ കേസുകൾ നേരിടുന്ന കാര്‍ത്തി ചിദംബരത്തിന് സീറ്റ് നല്‍കിയതിനെതിരെ പാർട്ടിയിൽ കലാപമുയർന്നിരുന്നു.

പി. ചിദംബരം (ഫയൽ ചിത്രം)
പി. ചിദംബരം (ഫയൽ ചിത്രം)

ചിദംബരത്തിന്റെ സ്വന്തം മണ്ഡലം‌

മണ്ഡലത്തിന്റെ പാരമ്പര്യം നോക്കിയാൽ 2014 വരെയുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ ഒൻപതുതവണ കോൺഗ്രസ് വിജയിച്ച മണ്ഡലമാണ് ശിവഗംഗ. 99-ല്‍ ഒഴികെ കാര്‍ത്തിയുടെ അച്ഛനും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരം ഏഴു തവണ ജയിച്ചകയറിയ മണ്ഡലം. ചിദംബരത്തിന്റെ സ്വന്തം മണ്ഡലമെന്ന് പുകൾപെറ്റ സ്ഥലം. രാഹുൽ ഗാന്ധി മത്സരിക്കുമെന്നുവരെ ചർച്ചകളുയർന്ന മണ്ഡലം. തോല്‍വിയറിഞ്ഞ 1999ൽ ആണെങ്കിൽ ചിദംബരം കോണ്‍ഗ്രസ് വിട്ട് രൂപീകരിച്ച തമിഴ് മാനിലാ കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്നു.

2004ലെ തിരഞ്ഞെടുപ്പ് ആയപ്പോഴേക്കും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചിദംബരം 1,62,725 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചു. 2009-ല്‍ വീണ്ടും ജയം. 2014 മുതൽ കേസുകളെത്തുടർന്ന് മത്സരത്തില്‍നിന്നു പിന്മാറി. പിന്നീട് മകനെ കളത്തിലിറക്കി നടത്തിയ പരീക്ഷണം അടിമുടി പാളി. കോണ്‍ഗ്രസ് തനിയെ മത്സരിച്ച 2014ലെ തിരഞ്ഞെടുപ്പിൽ 1,04,678 വോട്ടാണ് കാർത്തിക്ക് ലഭിച്ചത്. രാജയ്ക്ക് ലഭിച്ച വോട്ടിനേക്കാളും 33000 വോട്ട് കുറവ്. അത്തവണ 4,75,993 വോട്ടുകളോടെയാണ് അണ്ണാ ഡിഎംകെ സ്ഥാനാർഥി ജയിച്ചത്, ശിവഗംഗ സീറ്റ് എഐഎഡിഎംകെയുടെ സെന്തില്‍നാഥന്‍ സ്വന്തമാക്കി. കാർത്തി നാലാം സ്ഥാനത്തേക്ക് പോയി. ഡിഎംകെയായിരുന്നു രണ്ടാം സ്ഥാനത്ത്. ഇത് മൂന്നാമത്തെ തവണയാണ് രാജ ശിവഗംഗയിൽനിന്നും ജനവിധി തേടുന്നത്, കാർത്തിയുടേത് രണ്ടാം ഭാഗ്യപരീക്ഷണവും.

കാരൈക്കുടിയിൽ ജനകീയൻ പക്ഷേ...

തിരുമയം(ഡിഎംകെ), അലങ്കുടി(ഡിഎംകെ), കാരൈക്കുടി(ഐഎൻസി), തിരുപട്ടൂർ(ഡിഎംകെ), ശിവഗംഗൈ(അണ്ണാ ഡിഎംകെ), മനമധുരൈ(അണ്ണാ ഡിഎംകെ(അയോഗ്യനാക്കി) തു‌ടങ്ങിയ നിയമസഭാ മണ്ഡലങ്ങളുൾപ്പെട്ടതാണ് ശിവഗംഗ ലോക്സഭാ മണ്ഡലം. കാരൈക്കുടി പട്ടണത്തിൽ വളരെ ജനകീയനാണ് രാജ, അവരുടെകൂടെ സാധാരണക്കാരനായി ഇടപഴകാൻ രാജയ്ക്ക് മടിയൊന്നുമില്ല. പക്ഷേ കാരൈക്കുടിക്ക് പുറത്ത് രാജയുടെ പരാമർശങ്ങളോട് എതിർപ്പുമുള്ള ഒരു കൂട്ടമുണ്ട്.

പെരിയോറിന്റെ പ്രതിമകൾ തച്ചുതകർക്കണമെന്നും അണ്ണാദുരെക്കെതിരെ മോശം പ്രസ്താവനകള്‍ നടത്തിയതും മോദി സർക്കാരിന്റെ നോട്ട് നിരോധനവും ന്യൂനപക്ഷ വിരുദ്ധ ആരോപണവുമൊക്കെ രാജയ്ക്കുനേരെയും ഉയർന്നുവരുന്നു. അണ്ണാ ഡിഎംകെയുടെ ഓഫിസുകളിലും തങ്ങളു‌ടെ സ്ഥാനാര്‍ഥി നേരിട്ട് മത്സരിക്കാത്തതിന്റെ മ‌ടുപ്പ് പ്രകടമാണ്. നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുന്നു. അതോടൊപ്പം ബിജെപിയുമായുള്ള ബാന്ധവം ആവുന്നത്ര ന്യായീകരിക്കുകയും ചെയ്യുന്നു.

Chidambaram-and-karti

എല്ലാം ബിജെപിയുടെ കളി

കേസുകളും റെയ്ഡുമെല്ലാം ബിജെപിയുടെ കളിയാണെന്ന ആരോപണവുമായി കട്ടയ്ക്കു നിൽക്കുകയാണ് ചിദംബരവും കാര്‍ത്തിയും. തങ്ങൾക്ക് എത്തിപ്പിടിക്കാനാവാത്ത സ്ഥാനാർഥിയായാണ് കാർത്തിയെ സാധാരണക്കാർ കണ്ടിരുന്നത്. അതിനാൽത്തന്നെ മുക്കിലും മൂലയിലും ഓടിയെത്താനും എന്നും കൂടെയുണ്ടായിരുന്നെന്ന് സാധാരണക്കാരെ ഓർമിപ്പിക്കാനുമാണ് കാർത്തി സമയം കണ്ടെത്തുന്നത്. വീട്ടമ്മമാരുടെ മനസിലേക്ക് കടന്നുചെല്ലാൻ സീരിയല്‍ കഥാപാത്രങ്ങളെയാണ് കാർത്തി കൂട്ടുപിടിച്ചിരിക്കുന്നു, കേബിള്‍ ടിവി നിരക്കുകൾ കുറയ്ക്കുമെന്ന വാഗ്ദാനങ്ങളും.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com