ADVERTISEMENT

കൊച്ചി∙ മുൻ ആഴ്ചയിൽ 942 പോയിന്റ് നേടിക്കൊണ്ട് 14 മാസത്തെ ഏറ്റവും വലിയ വളർച്ചാനേട്ടമായ 8.8 ശതമാനം വളർന്ന നിഫ്റ്റി കഴിഞ്ഞ ആഴ്ചയിൽ വലിയ കുതിപ്പിനു മുതിർന്നില്ല. രാജ്യാന്തര വിപണി ഘടകങ്ങൾ ശക്തമായിരിക്കുന്നതും വിദേശ നിക്ഷേപകർ വിപണിയിൽ തുടരുന്നതും ഡോളർ നിരക്ക് വർധിക്കാതിരുന്നതും വിപണിക്ക് ഗുണമായെങ്കിലും പോയവാരത്തിൽ ബ്രെന്റ് ക്രൂഡിന് വില ബാരലിന് 71 ഡോളർ കടന്നത് വിപണിക്ക് ഗുണകരമായില്ല.

രാജ്യത്തു തിരഞ്ഞെടുപ്പു പ്രക്രിയ ആരംഭിച്ചതിനാൽ വിപണി ഫലപ്രഖ്യാപനം വരെ മിതത്വം പാലിക്കുമെന്നു കരുതുന്നു. ഇന്ത്യൻ വിപണിയിൽ എല്ലാ ഇറക്കങ്ങളും അവസരങ്ങളാണെന്നു ബ്രോക്കർമാരും വിദേശ നിക്ഷേപകരും റേറ്റിങ് ഏജൻസികളും പറഞ്ഞത് വിപണിയെ വീഴാതെ കാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഐഎംഎഫിന്റെ 2019ലെ ആഗോള സാമ്പത്തിക വളർച്ചാ നിരക്ക് 3.5ൽ നിന്നു മൂന്നു ശതമാനമായി കുറച്ചത് സാമ്പത്തിക ശക്തികൾക്കൊപ്പം ഏഷ്യൻ, വികസ്വര വിപണികൾക്കും ആഘാതമായി. കൂട്ടത്തിൽ ഇസിബിയും യുഎസ് ഫെഡും ആഗോള സമ്പദ്ഘടനയിലുണ്ടാകുന്ന ഉൾവലിവുകളെക്കുറിച്ച് പ്രതിപാദിച്ചത് വിപണി ഗൗരവത്തിൽ തന്നെയാണ് എടുത്തിട്ടുള്ളത്. ഓഹരി വിപണിയുടെ കയറ്റിയിറക്കങ്ങളും ഈ ആഴ്ചയുടെ സാധ്യതകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൽറ്റന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

ഇന്ത്യൻ ഡേറ്റ

ഇടക്കാല ബജറ്റിൽ പുതുക്കി നിശ്ചയിച്ചത് പ്രകാരം രാജ്യത്തിന്റെ ധനക്കമ്മി ജിഡിപിയുടെ 3.4 ശതമാനമായി നിലനിർത്താനായത് വിപണിക്ക് നേട്ടമായി. എന്നാൽ വ്യാവസായിക വളർച്ചാ സൂചിക, ഉൽപാദന മേഖലയിലുണ്ടായ ഞെരുക്കം മൂലം ഫെബ്രുവരിയിൽ 0.1 ശതമാനം മാത്രം വളർന്നത് വിപണി ആശങ്കയോടെയാണ് കാണുന്നത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് പുറത്തുവിട്ട ഐഐപി ഡേറ്റ പ്രകാരം 2018 ഫെബ്രുവരിയിൽ വ്യാവസായിക വളർച്ച 6.9 ശതമാനമായിരുന്നു. ചില്ലറ വിൽപന വിലസൂചികയും മാർച്ചിൽ 2.86 ശതമാനം കയറ്റം കാണിക്കുന്നു. ഇതു പണപ്പെരുപ്പത്തോതു വർധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇൻഫിയും ടിസിഎസും

ഇന്ത്യയുടെ ഐടി ഭീമന്മാരുടെ അവസാനപാദ ഫലപ്രഖ്യാപനങ്ങളോടെ ഇന്ത്യൻ വിപണിയിൽ നേട്ട പ്രഖ്യാപനങ്ങളുടെ കേളികൊട്ടുയരുകയാണ്. ടിസിഎസും ഇൻഫിയും വിപണിയുടെ പ്രതീക്ഷ കാത്തു കൊണ്ട് ഇരട്ട സംഖ്യക്കടുത്തുള്ള വളർച്ചാ നിരക്കുകൾ പുറത്തു വിട്ടത് അടുത്ത വാരത്തിൽ വിപണിക്ക് ഗുണം ചെയ്യും. എന്നാൽ ഇരുകമ്പനികൾക്കും ജീവനക്കാരുടെ റീസ്‌കില്ലിങ്ങിനും ട്രയ്നിങ്ങിനുമായി കൂടുതൽ ചെലവുകൾ വന്നതു ലാഭശോഷണം വരുത്തിയിട്ടുണ്ട്. ടാറ്റ കമ്പനി ചരിത്രത്തിൽ ആദ്യമായി 20 ബില്യൺ ഡോളറിന്റെ വാർഷിക വരുമാനം സ്വന്തമാക്കിയപ്പോൾ ഇൻഫി അടുത്ത വർഷത്തേക്കുള്ള വരുമാന വളർച്ചാ വിഭാവനം 7.5 - 9.5 ശതമാനമായി നിജപ്പെടുത്തി. ഓപ്പറേറ്റിങ് മാർജിൻ കുറച്ചു കൊണ്ടാണ് ഇത്.

ടാറ്റ മുൻ വർഷത്തിൽ നിന്നു 17.7 ശതമാനം വളർച്ച നേടുകയും അറ്റാദായത്തിൽ 18.5 ശതമാനത്തിന്റെ വളർച്ചയും കൈവരിച്ചു. കഴിഞ്ഞ പതിനഞ്ച് പാദങ്ങളിൽ ഏറ്റവും മികച്ച നേട്ടം, കൂടാതെ അടുത്ത മൂന്നു വർഷത്തേക്ക് ഓർഡർ ബുക്കും ഭദ്രമാണ്. ഇൻഫോസിസ് മുൻ വർഷത്തിൽ നിന്നു 11 ശതമാനത്തിനടുത്ത വളർച്ചയോടെ 4078 കോടിയുടെ ലാഭം സ്വന്തമാക്കി. കഴിഞ്ഞ ഒരു വർഷത്തിൽ മുപ്പത് ശതമാനം നേട്ടം സ്വന്തമാക്കിയ ഓഹരി മാർജിൻ കുറയുന്നതിന്റെ പശ്ചാത്തലത്തിൽ ഈ ആഴ്ചയിൽ വിപണിയിൽ തിരിച്ചടി നേരിട്ടേക്കാം.

ഐഎംഎഫ്

2017ലെ ശക്തമായ വളർച്ചക്കു ശേഷം 2018ന്റെ അവസാനത്തോടെ ആഗോള വിപണിയിൽ വളർച്ചാശോഷണം തുടങ്ങിയതായും 2019ലും അതു തുടരുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് തരുന്നു. അമേരിക്കയുമായുണ്ടായ വ്യാപാര യുദ്ധത്തെ തുടർന്നു ചൈനയുടെ വളർച്ചയിലുണ്ടായ കുറവും യൂറോപ്യൻ സമ്പദ്‍വ്യവസ്ഥയിലുണ്ടായ തളർച്ചയും പ്രകൃതി ദുരന്തങ്ങൾ തളർത്തിയ ജപ്പാനുമെല്ലാം 2018ന്റെ അവസാനം കടുത്തതാക്കി. 2017ൽ 4 ശതമാനത്തിലെത്തിയ ആഗോള വളർച്ചാനിരക്ക് 2018 ആദ്യ പകുതിയിൽ 3.8 ശതമാനത്തിൽ നിന്നു റാൻഡം പകുതിയിൽ 3.2 ശതമാനത്തിലേക്ക് വീണു.

ലോകമാസകലം പലിശ കുറയുന്നതും വ്യാപാര യുദ്ധങ്ങൾ ചർച്ചകൾക്ക് വഴി മാറുന്നതും എണ്ണ വില യുക്തി സഹമാകുന്നതും ആഗോള സാമ്പത്തിക വളർച്ചാ ശോഷണം തടയുമെന്നു നാണ്യ നിധി പ്രത്യാശ പ്രകടിപ്പിക്കുന്നു. രാജ്യാന്തര നാണ്യ നിധിയുടെ ചീഫ് ഇക്കണോമിസ്റ്റ് ഗീത ഗോപിനാഥ് ഇന്ത്യയുടെ 7 ശതമാനത്തിൽ കൂടുതലുള്ള വളർച്ചാ സാധ്യതകളെകുറിച്ച് ഊന്നി പറഞ്ഞത് ഇന്ത്യൻ വിപണിക്ക് നേട്ടം സമ്മാനിക്കും.

ബ്രെക്സിറ്റ്‌

യൂറോപ്യൻ യുണിയൻ ബ്രിട്ടന് പിന്മാറ്റം പൂർത്തിയാക്കാൻ 6 മാസം കൂടി അനുവദിച്ചത് ബ്രെക്സിറ്റ്‌ നാടകങ്ങൾക്ക് താൽകാലിക പരിഹാരമായി. ബ്രെക്സിറ്റ് അടുത്ത അഞ്ച് മാസത്തേക്ക് പ്രധാന വർത്തയാകാത്തത് ആഗോള വിപണിക്ക് ഗുണകരമാണ്.

യുഎസ് v/s യൂറോപ്പ്

ട്രംപ് യൂറോപ്പിന്റെ മേലും വ്യാപാര യുദ്ധം അഴിച്ചു വിടാൻ ഒരുങ്ങുന്നത് വിപണിക്ക് വലിയ ആഘാതമായേക്കാം. യൂറോപ്യൻ യൂണിയൻ എയർ ബസിന് സബ്‌സിഡി നൽകുന്നു എന്ന 2004 മുതലുള്ള ആരോപണ പ്രത്യാരോപണങ്ങളുടെ ബാക്കി പത്രമാണിത്. ബോയിങ്ങിന് യുഎസ് സബ്‌സിഡികൾ നൽകുന്നു എന്നു യൂറോപ്യൻ യൂണിയനും ആരോപിക്കുന്നു. 11 ബില്യൺ ഡോളറിന്റെ നഷ്ടമാണ് യുഎസിന് യൂറോപ്യൻ സബ്സിഡി മൂലമുണ്ടാകുന്നതെന്നും ആ തുക തിരിച്ച് പിടിക്കാനുള്ള അധിക നികുതി ഈടാക്കുമെന്നും യുഎസ് പ്രതിനിധി ലൈറ്റ് ഹൗസർ പറഞ്ഞു. യൂറോപ്പിൽ നിന്നുമുള്ള സ്റ്റീൽ, അലൂമിനിയം കയറ്റുമതികളുടെമേൽ യുഎസ് അധിക നികുതികൾ ചുമത്തിയിട്ടുമുണ്ട്. യൂറോപ്പും അമേരിക്കയും തമ്മിലുള്ള വ്യാപാരബന്ധത്തിലെ ഉലച്ചിലുകൾ ഇന്ത്യയ്ക്ക് അധിക വളർച്ചയ്ക്ക് കളമൊരുക്കും എന്നും വിപണി കരുതുന്നു.

രാജ്യാന്തര എണ്ണ വില

കുതിച്ചു കൊണ്ടിരുന്ന രാജ്യാന്തര എണ്ണ വില മതിലിൽ ഇടിച്ച് ഒരു ശതമാനം വീഴുന്ന കാഴ്ചയാണ് വ്യാഴാഴ്ച വിപണി കണ്ടത്. യുഎസ് എണ്ണ ശേഖരത്തിലെ വർധനവും ഒപെക് ഉൽപാദന നിയന്ത്രണത്തിൽ നിന്നു പിന്മാറിയേക്കും എന്ന വർത്തയുമാണ് എണ്ണ വില പിന്നോട്ട് ചലിപ്പിച്ചത്. 1.2 ദശലക്ഷം ബാരലാണ് ഒപെക് ദിവസേന ഉൽപാദനത്തിൽ വരുത്തുന്ന കുറവ്. എന്നാൽ ഇതിലും കൂടുതലാണ് ഇറാന്റെയും വെനിസ്വെലയുടെയും എണ്ണ വിപണിയിൽ പ്രവേശിക്കാത്തത് മൂലം വരുന്ന കുറവ്. ഇതും ഒപെകിന്റെ മനം മാറ്റത്തിന് കാരണമാകാം. എന്നാൽ വെള്ളിയാഴ്ച മൂന്ന് യുഎസ് റിഗ്ഗുകൾ പ്രവർത്തനം നിലച്ചതടക്കമുള്ള വാർത്തകൾ ക്രൂഡ് വില ഉയരുന്നതിന് കാരണമായി.

പുതിയ വിപണി സാഹചര്യത്തിൽ എണ്ണ വില 80 ഡോളർ കടക്കില്ല എന്ന് ഗോൾഡ്‌മാൻ സാക്‌സും അഭിപ്രായപ്പെടുന്നു. എണ്ണ വില വർധനവ് വളരെ പതുക്കെയായതും വിപണിക്ക് അനുമാനിക്കാനാവുന്നതും ഇന്ത്യൻ വിപണിയുടെ താളം തെറ്റാതെ കാക്കുന്നുണ്ട് .

ഓഹരികളും സെക്ടറുകളും

∙ എൻഐഐടി ടെക്കിന്റെ 30% ഓഹരികൾ ബെയറിങ് വാങ്ങുന്നു. 26 ശതമാനം ഓഹരികൾ കൂടി 1394 രൂപ നിരക്കിൽ സ്വന്തമാക്കും എന്ന ഓഫർ ഓഹരിക്ക് ഗുണമാണ്. ശേഷം ഹെക്‌സ വെയറുമായി ലയന സാധ്യതയും നിലനിൽക്കുന്നു.
∙ സിഎൽഎസ്‌എ അൾട്രാ ടെക് സിമെന്റിന്റെ ലക്ഷ്യ വില 4500 രൂപയിൽ നിന്നു 5000 രൂപയിലേയ്ക്ക് ഉയർത്തി. സിമന്റ് വില സർക്കാർ ഉയർത്തിയതും ഉൽപാദന ചെലവ് വർധിക്കാത്തതും സ്ഥിരവിപണിയും ഇതിനു കാരണമായി.
∙ ലഷ്മി വിലാസ് ബാങ്ക്, ഇന്ത്യ ബുൾ ഹൗസിം‌ങ്ങുമായി ലയിക്കുന്നത് ഓഹരിക്ക് വിപണിയിൽ 30 ശതമാനം നേട്ടം നൽകി. സിഎൽഎസ്എ ഓഹരിയിൽ പ്രതീക്ഷയിലാണ്. ഇന്ത്യബുൾ ഹൗസിം‌ങ്ങിനു മക്വിർ 834 രൂപയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്. ഈ നിരക്കിൽ ഓഹരി ആകർഷകമാണ്.
∙ കോംപെറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ എൽ&ടിയുടെ മൈൻഡ് ട്രീ ഏറ്റെടുക്കലിന് അനുവാദം നൽകി. കമ്പനിയുടെ 66.6% ഓഹരികളാണ് എൽ&ടി ഏറ്റെടുക്കുക.
∙ ജെപിമോർഗൻ ബയോകോണിൽ വാങ്ങൽ പ്രഖ്യാപിച്ചു. 775 രൂപയാണ് ലക്ഷ്യവില.
∙ ഡെൽറ്റ കോർപറേഷൻ മികച്ച അവസാന പാദ ഫലം പുറത്തു വിട്ടു. 567 ദശലക്ഷം രൂപയാണ് കമ്പനിയുടെ ലാഭം. ഓഹരി നിക്ഷേപാനുയോജ്യമാണ്.
∙ ഒഎൻജിസിയിൽ യുബിഎസ് വാങ്ങൽ പ്രഖ്യാപിച്ചു. 240 രൂപയാണ് പ്രഖ്യാപിത ലക്ഷ്യ വില.
∙ ഡിഎൽഎഫിൽ ഓഹരി പങ്കാളിത്തമുണ്ടായിരുന്ന സിങ്കപ്പൂർ സർക്കാർ ഓഹരി പങ്കാളിത്തം 4.1 ശതമാനത്തിൽ നിന്നു 3.5 ശതമാനമായി കുറച്ചു. എന്നാൽ ഡിഎൽഎഫിന്റെ മാതൃ കമ്പനി പങ്കാളിത്തം 71.6 ശതമാനമായി ഉയർത്തിയത് ഓഹരിക്ക് ഗുണം ചെയ്യും.
∙ ഇന്ത്യയുടെ സ്വന്തം എഞ്ചിനീയറിങ് ഭീമൻ എൽ&ടിക്ക് മാർച്ചിൽ അവസാനിച്ചത് ഓർഡറുകളുടെ ഒരു പെരുമഴക്കാലം തന്നെയായിരുന്നു. കമ്പനിയുടെ വളർച്ചാ ലക്ഷ്യമായിരുന്ന 12% നേടാൻ വേണ്ടിയിരുന്നതിൽ കൂടുതൽ ഓർഡറുകൾ കമ്പനി നേടിയിട്ടുണ്ട്. അവസാന പാദ ഫല പ്രഖ്യാപനത്തിലും ഇത് പ്രതി ഫലിക്കും. കാരണം കമ്പനിയുടെ മാർജിൻ ലെവലും ആകർഷകമാണ്. ഓഹരി നിക്ഷേപ യോഗ്യമാണ്.
∙ എസ്ബിഐ 150 ബില്യൺ രൂപയുടെ കൂടി ഓഹരികൾ ഇറക്കുന്നത് ബാങ്കിൻറെ ബുക്ക് വാല്യൂ വർധിപ്പിക്കും. ഓഹരി നിക്ഷേപയോഗ്യമാണ്.
∙ ഫോഡുമായി ചേർന്ന് ഇന്ത്യയിൽ പുതിയ പൊതു സംരഭം തുടങ്ങുന്നത് എം&എമ്മിന് നേട്ടമാകും. ഫോഡിന്റെ പുതു മോഡൽ വാഹനങ്ങളെല്ലാം ഈ പുതിയ ഫാക്ടറിയിലാകും ഉൽപദിപ്പിക്കുക.
∙ നോമുറ വിപ്രോക്ക് 415 രൂപ ലക്‌ഷ്യം ഉറപ്പിച്ചു.
∙ കോൺഫിഡൻസ് പെട്രോളിയം പുതിയ പത്തു എൽപിജി ഫില്ലിങ് സ്റ്റേഷനുകൾ കൂടി ആരംഭിക്കുന്നു. കമ്പനിക്ക് ഇന്ത്യയിൽ മൊത്തം 196 ഫില്ലിങ് സ്റ്റേഷനുകൾ ഉണ്ട്.
∙ ടാറ്റ മോട്ടോഴ്സിന്റെ ആഗോള വ്യാപാരം മാർച്ചിൽ മുൻ വർഷത്തിൽ നിന്നു 5% കുറഞ്ഞ് 1,45,459 യൂണിറ്റിൽ എത്തി. ഓഹരി അതിന്റെ ഏറ്റവും മോശം വിലയിൽ നിന്നു 40 ശതമാനം ഉയർന്നത് രാജ്യാന്തര വിപണിയിൽ ജെഎൽആറിന്റെ വർധിച്ച ഡിമാന്റിന്മേലാണ്. ഓഹരി വില ഇടിഞ്ഞേക്കാവുന്നത് അവസരമാണ്.
∙ മാർച്ചിൽ ഇന്ത്യൻ ബാങ്കിങ് സെക്ടർ വായ്പാ ഇനത്തിൽ 13.25 ശതമാനത്തിന്റെ വളർച്ച നേടി. 97.67 ലക്ഷം കോടിയുടെ വായ്പകൾ നൽകി. ഇതേ കാലയളവിൽ 10.03 ശതമാനം വളർച്ചയോടെ 125.72 ലക്ഷം കോടിയുടെ നിക്ഷേപങ്ങളും നേടി. ബാങ്കിങ് ഓഹരികൾ നേട്ടം തുടരുകയാണ്. എസ്ബിഐ, ബിഒബി, പിഎൻബി, എച്ഡിഎഫ്സി ബാങ്ക്, ഐസിഐസി ബാങ്ക് ഓഹരികൾ ആകർഷകമാണ്.
∙ എത്തിഹാദ് 49% ഓഹരി പങ്കാളിത്തം ജെറ്റ് എയർവേസിൽ ആഗ്രഹിക്കുന്നു എന്ന വാർത്ത ഓഹരിക്ക് ചലനം നൽകും.

ഈയാഴ്ച

ഇന്ത്യൻ വിപണി ചലനങ്ങൾ ഇനി ലോക്സഭാ തിരഞ്ഞെടുപ്പു പ്രവണതയും അവസാന പാദ ഫലങ്ങളും ചേർന്ന് തീരുമാനിക്കും. ഡോളർ വില ക്രമേണ ശാന്തമായതും എണ്ണ വില ക്രമേണ സ്ഥിരപ്പെട്ടു വരും എന്നും ആഗോള വിപണി പ്രതീക്ഷിക്കുന്നതുമാണ് ഇതിനാധാരം. യുഎസ് ഡോളർ വില ഒരു ശതമാനം കുറഞ്ഞ് 68.95 വരെ എത്തിയത് വിപണിയെ ആശിപ്പിക്കുന്നുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങൾക്കൊപ്പം ഇന്ത്യൻ ഫണ്ടുകളും വാങ്ങൽ തുടരുന്നത് ഇന്ത്യൻ വിപണിക്ക് തുടർച്ച നൽകും. വ്യക്തമായ വാങ്ങൽ വില ധാരണ പുലർത്തികൊണ്ട് ഇറക്കങ്ങൾക്കായി കാത്തിരിക്കുന്നതാണ് വിപണി വിലയിൽ വാങ്ങിയ ശേഷം ഓഹരി വില ഉയരാൻ കാത്തിരിക്കുന്നതിലും മികച്ച വിപണി പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com