ADVERTISEMENT

കൊച്ചി∙ ആലുവയില്‍ മര്‍ദനമേറ്റ കുട്ടിയുടെ അമ്മയ്‌ക്കും അച്ഛനുമെതിരെ വധശ്രമത്തിനു കേസെടുത്തു. ഇരുവരെയും കസ്റ്റഡിയിലെടുത്തു. കുട്ടിയെ ക്രൂരമായി മര്‍ദിച്ചത് അമ്മയാണെന്നാണ് സൂചന. അനുസരണക്കേടിനു ശിക്ഷിച്ചതാണെന്ന് അമ്മ പൊലീസിനോടു പറഞ്ഞു.

ബാലനീതി നിയമം അനുസരിച്ചും ഇവര്‍ക്കെതിരെ കേസെടുത്തു. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ജാര്‍ഖണ്ഡില്‍നിന്നുളള യുവതി രണ്ടാഴ്ച മുമ്പാണു കേരളത്തില്‍ എത്തിയത്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ജാര്‍ഖണ്ഡ് പൊലീസിന്റെ സഹായം തേടും. കുട്ടിയെ സാമൂഹികക്ഷേമ വകുപ്പ് ഏറ്റെടുക്കുമെന്നു മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു. സര്‍ക്കാര്‍ ചികില്‍സ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.

തുടര്‍ച്ചയായ മര്‍ദനമാണ് കുട്ടി നേരിട്ടതെന്നു പൊലീസ് പറഞ്ഞു. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. അമ്മയെയും അച്ഛനെയും വിശദമായി ചോദ്യം ചെയ്തു. അയല്‍വാസികളില്‍നിന്നും മൊഴിയെടുത്തു.

കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി 3 വയസ്സുകാരനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന  ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com