ADVERTISEMENT

തൃശൂർ∙ മുഖ്യ തിരഞ്ഞെടുപ്പു ഓഫിസർ ടിക്കാറാം മീണയ്ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനു കേസെടുക്കണമെന്നു ഡിജിപിക്ക് അനിൽ അക്കര എംഎൽഎയുടെ പരാതി. എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെതിരെയുളള കേസ് ഒത്തുതീർപ്പാക്കിയതിനെത്തുടർന്നാണു പരാതിയെന്ന് അനിൽ പറഞ്ഞു. ആലത്തൂർ സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ എ.വിജയരാഘവൻ നടത്തിയ പരാമർശം സ്ത്രീവിരുദ്ധമാണെന്നു കണ്ടെത്തിയതിനെത്തുടർന്നാണു ടിക്കാറാം മീണ വിജയരാഘവനെ താക്കീതു ചെയ്തതെന്ന് അനിൽ ചൂണ്ടിക്കാട്ടി.

എന്നാൽ സ്ത്രീത്വത്തെ അപമാനിച്ചെന്നു ബോധ്യപ്പെട്ടാൽ ഉടൻ പരാതി മജിസ്ട്രേട്ടിനോ പൊലീസിനോ കൈമാറണമെന്നാണു നിയമവും സുപ്രീം കോടതി വിധിയും. ഇതു പാലിക്കാത്തതിനാലാണു സംഭവത്തിൽ പങ്കില്ലാതിരുന്നിട്ടും വിവരം പൊലീസിൽനിന്നു മറച്ചുവച്ചതിനു എടപ്പാളിലെ തിയറ്റർ ഉടമ കേസിൽ പ്രതിയായത്. 

സ്ത്രീത്വത്തെ അപമാനിച്ചെന്നു ബോധ്യപ്പെട്ട ശേഷം കേസ് ഒത്തുതീർപ്പാക്കാൻ ടിക്കാറാം മീണയ്ക്ക് അധികാരമില്ല. താക്കീതു ചെയ്തു വിടാനും അധികാരമില്ല. അതുകൊണ്ടുതന്നെ പരാതി പൊലീസിനു കൈമാറാത്ത നടപടി സുപ്രീംകോടതി വിധിക്ക് എതിരാണ്. ഡിജിപിക്കു പരാതി നൽകുന്നതിനോടൊപ്പം തന്നെ ഹൈക്കോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലാണെന്നും അനിൽ വ്യക്തമാക്കി.

രമ്യ ഹരിദാസിനെ അധ്യാപിക ദീപാ നിശാന്ത് ഭരണഘടനാ വിരുദ്ധമായ വാക്കുപയോഗിച്ചു ജാതീയമായി അധിക്ഷേപിച്ചുവെന്ന പരാതിയും സജീവമാകുകയാണ്. പരാതി നൽകിയ അനിൽ അക്കര എംഎൽഎ ഇന്ന് ഈസ്റ്റ് പൊലീസിൽ മൊഴി നൽകും. ജാതീയമായി അധിക്ഷേപിച്ചതിനുള്ള വകുപ്പുകൾ അനുസരിച്ചു കേസെടുക്കണമെന്നാണ് ആവശ്യം. തിരഞ്ഞെടുപ്പു ഓഫിസർക്കു ശനിയാഴ്ച കൂടുതൽ തെളിവുകളോടെ പരാതി നൽകുന്നുണ്ട്.

2012 നവംബർ 26നു സംസ്ഥാന സർക്കാർ ആവർത്തിച്ചിറക്കിയ ഉത്തരവിൽ ഹരിജൻ, ദലിത് എന്നീ പടങ്ങൾ ഉപയോഗിക്കുന്നതു ഭരണഘടനാ വിരുദ്ധമാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പു ഓഫിസർക്കു നൽകിയ പരാതി തെളിവില്ല എന്നു പറഞ്ഞു അനിൽ അക്കരയ്ക്കു തിരിച്ചു കൊടുത്തിട്ടുണ്ട്. കൂടുതൽ തെളിവു നൽകിയാൽ പുനഃപരിശോധിക്കുമെന്നും പറയുന്നു. ദലിത് എന്നു വിളിച്ചതു ഭരണഘടനാ വിരുദ്ധമാണെന്നു കണ്ടെത്താത്ത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകണോ എന്നു യുഡിഎഫ് നിയമോപദേശം തേടുന്നുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com