ADVERTISEMENT

പത്തനംതിട്ട ∙ കെ.സുരേന്ദ്രൻ കേവലം പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർഥി മാത്രമല്ലെന്നും ലോകമെമ്പാടുമുള്ള ഈശ്വരവിശ്വാസികൾക്കു വേണ്ടിയാണു പോരാടുന്നതെന്നും ബിജെപി ദേശീയ അധ്യഷൻ അമിത്ഷാ. കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിന്റെ ക്രൂരതകൾ ജനത്തിന് സഹിക്കാവുന്നതിനും അപ്പുറമായിരിക്കുന്നു. പത്തനംതിട്ടയിലെ വിജയം ഇൗ ഭരണത്തിന്റെ അന്ത്യം കുറിക്കുന്നതിനു തുടക്കമിടുമെന്നും അമിത് ഷാ പറഞ്ഞു.

അമിത് ഷാ നഗരത്തിൽ നടത്തിയ റോഡ് ഷോയ്ക്ക് ആവേശകരമായ സ്വീകരണമാണു ബിജെപി ഒരുക്കിയത്. ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു. കെ.സുരേന്ദ്രനെ വലിയ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് ഷാ പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു. കനത്തമഴയെത്തുടര്‍ന്ന്, റോഡ്ഷോ പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഷാ മടങ്ങി.

റോഡ്ഷോയില്‍ പങ്കെടുക്കാന്‍ ഉച്ചയോടെ തന്നെ നഗരത്തിലേക്ക് പ്രവര്‍ത്തകരെത്തിയിരുന്നു. സെന്റ് പീറ്റേഴ്സ് ജംക്‌ഷനില്‍നിന്ന് പ്രത്യേക രഥത്തിലാണ് യാത്ര ആരംഭിച്ചത്. കെ.സുരേന്ദ്രനെ കൂടാതെ സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ളയും പി.സി.ജോർജും ക്രിക്കറ്റ് താരം ശ്രീശാന്തും രഥത്തിൽ ഉണ്ടായിരുന്നു. റോഡ് ഷോ തുടങ്ങിയപ്പോൾ തന്നെ മഴ പെയ്യാൻ തുടങ്ങി.

പ്രവര്‍ത്തകരുടെ ആവേശത്തില്‍ പങ്കാളിയായി മഴ നനഞ്ഞാണ് ഷാ രഥത്തിൽ നിന്നത്. റോഡ് ഷോ പകുതിയായപ്പോഴേക്കും മഴ കനത്തു. വാഹനത്തിനു വേഗത്തില്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടായി. ഇതോടെ പുതിയ ബസ് സ്റ്റാന്‍ഡിലെ പ്രസംഗവേദിയിലേക്ക് പോകാതെ, വാഹനത്തില്‍നിന്നുകൊണ്ട് പ്രവര്‍ത്തകരെ ചുരുങ്ങിയ വാക്കുകളില്‍ അഭിസംബോധന ചെയ്തശേഷം അമിത് ഷാ പരിപാടി അവസാനിപ്പിച്ചു.

അമിത്ഷായുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഒരുക്കിയിരുന്നത്. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയശേഷം കാര്‍ മാര്‍ഗമാണ് നഗരത്തിലേക്ക് എത്തിയത്. റോഡ് ഷോ ഉള്ളതിനാല്‍ ഉച്ചയ്ക്കുശേഷം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 50,000 പ്രവര്‍ത്തകര്‍ റോഡ്ഷോയില്‍ പങ്കെടുത്തതായി ബിജെപി അവകാശപ്പെട്ടു.

English Summary: Amit Shah road show at Pathanamthitta

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com