ADVERTISEMENT

ന്യൂഡൽഹി∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയ ഇന്റർനെറ്റ് പരമ്പരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ലക്ഷ്യമിടുന്ന ‘മോദി: ജേണി ഓഫ് കോമൺമാൻ’ എന്ന പരമ്പരയ്ക്കാണ് വിലക്ക്. വെബ് പരമ്പരയുടെ ആദ്യഭാഗം ഈ മാസം മൂന്നിനാണ് എത്തിയത്. പരമ്പരയിലെ അഞ്ച് ഭാഗങ്ങൾ ഇപ്പോൾ ലഭ്യമാണ്. മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഇതു നീക്കം ചെയ്യാൻ കമ്മിഷൻ ഉത്തരവു നൽകി. മോദിയെക്കുറിച്ചുള്ള സിനിമ ‘പിഎം നരേന്ദ്ര മോദി’യുടെ റിലീസ് നേരത്തെ തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കിയിരുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗങ്ങളും തിരഞ്ഞെടുപ്പു റാലികളും സംപ്രേഷണം ചെയ്യാനായി ആരംഭിച്ച ‘നമോ ടിവി’ക്ക് കമ്മിഷൻ ഇളവുകൾ പ്രഖ്യാപിച്ചു. വോട്ടെടുപ്പിനു മുൻപുള്ള 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണ ഘട്ടത്തിൽ പ്രധാനമന്ത്രിയുടെ പ്രസംഗം തൽസമയം സംപ്രേഷണം ചെയ്യുന്നതിൽ തടസമില്ല. എന്നാൽ സ്ഥാനാർഥികളെയോ മണ്ഡലങ്ങളെയോ പരമർശിക്കരുതെന്നു കമ്മിഷൻ നിർദേശിച്ചു. നിശബ്ദപ്രചാരണ സമയത്തു നമോ ടിവിയിൽ തിരഞ്ഞെടുപ്പു വിവരങ്ങൾ പാടില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നരേന്ദ്ര മോദിയുടെ ചുരുക്കപ്പേരിട്ട ചാനൽ ‘നമോ ടിവി’ പ്രമുഖ ‍ഡിടിഎച്ച് ശൃംഖലകൾ വഴി കഴിഞ്ഞ മാസം 31നാണ് സംപ്രേഷണം ആരംഭിച്ചത്. ട്വിറ്റർ അറിയിപ്പിലൂടെ പ്രധാനമന്ത്രി ഇതിന്റെ സമർപ്പണം നിർവഹിക്കുകയും ചെയ്തു. എന്നാൽ, ലൈസൻസ് അപേക്ഷ പോലും നൽകാതെയാണ് ചാനൽ തുടങ്ങിയതെന്ന വെളിപ്പെടുത്തൽ പിന്നീടുണ്ടായി. ഉടമകൾ ആരെന്നോ പ്രവർത്തനം എവിടെയാണെന്നോ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിച്ചിരുന്നില്ല. മന്ത്രാലയം അനുവദിച്ച ചാനലുകളുടെ പട്ടികയിലും നമോ ടിവി ഉൾപ്പെട്ടിരുന്നില്ല.

English Summary: Election Commission bans web series on PM Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com