ADVERTISEMENT

ഭീകരവാദം മൂന്നു പതിറ്റാണ്ട് പിന്നോട്ടടിപ്പിച്ച നാടാണു മരതകദ്വീപായ ശ്രീലങ്ക. വികസന പാതയിൽ അതിവേഗം മുന്നേറിയിരുന്ന സിലോൺ എന്ന മനോഹര രാജ്യത്തെ പിന്നോട്ടടിപ്പിച്ചതു മുപ്പതാണ്ട് നീണ്ട തമിഴ്–സിംഹള വംശീയ കലാപമായിരുന്നു. ഇരുവിഭാഗത്തിലുമായി ലക്ഷക്കണക്കിനു ജീവൻ പൊലിഞ്ഞ പോരാട്ടം ആരും ഒന്നും നേടാതെ അവസാനിച്ചപ്പോൾ ശേഷിച്ചത്, കണ്ണീർ കഥകൾ മാത്രം. പിതാവും സഹോദരങ്ങളും മക്കളും നഷ്ടപ്പെട്ട പതിനായിരക്കണക്കിനു കുടുംബങ്ങൾ – അത് എൽടിടിഇ അടക്കമുള്ള തമിഴ് ഗ്രൂപ്പുകളിലാണെങ്കിലും സിംഹള ഭൂരിപക്ഷമായ ശ്രീലങ്കൻ സൈന്യത്തിലും പൊലീസിലുമായാലും. ഇതാ ആ നാടു വീണ്ടും കേഴുന്നു. സ്ഫോടന പരമ്പരയുടെ കറുത്ത ഞായറാഴ്ച. നൂറുകണക്കിനു ജീവനുകൾ ഇല്ലാതായി. അതിന്റെ എത്രയോ ഇരട്ടി പേർക്കു പരുക്കേറ്റു. നാഷനൽ തൗഹീദ് ജമാഅത്ത് (എൻടിജെ) ആണു സ്ഫോടനപരമ്പരയ്ക്കു പിന്നിലെന്നു പറയപ്പെടുമ്പോഴും ‘ഒരു ഗ്രൂപ്പ്’ ആണു സംഭവത്തിനു പിന്നിലെന്നു സുരക്ഷിതമായി പറഞ്ഞുവയ്ക്കുകയാണു ശ്രീലങ്കൻ അധികൃതർ. 

പിന്നെയും തലപൊക്കുന്നുവോ!

30 വർഷത്തെ വംശീയയുദ്ധം ഏൽപിച്ച മുറിവുകളുണക്കിവരികയായിരുന്നു ശ്രീലങ്ക. രാഷ്ട്രീയ–ഭരണ അസ്ഥിരത ഉയർത്തിയ പരിമിതികൾക്കുള്ളിലും വിനോദസഞ്ചാര രംഗത്തും അടിസ്ഥാന സൗകര്യ രംഗത്തും ഏറെ മുന്നേറി ആ രാജ്യം. ചൈനയും ഇന്ത്യയും മത്സരിച്ച് അതിനു പിന്തുണയുമേകി. ചൈനയെ അനുകൂലിച്ച് ഏറെക്കാലം രാജ്യം ഭരിച്ച മുൻ പ്രസിഡന്റ് മഹിന്ദ രജപക്സെയുടെ കാലത്ത് ചൈന പതിനായിരക്കണക്കിനു കോടി രൂപയാണു ശ്രീലങ്കയിൽ മുടക്കിയത്. തുറമുഖങ്ങളും വിമാനത്താവളങ്ങളും അതിവേഗ പാതകളുമെല്ലാം അക്കാലത്ത് നിർമിക്കപ്പെട്ടു. അതുവഴി ശ്രീലങ്കയ്ക്കുമേൽ സാമ്പത്തികമായും സൈനികമായും ചൈന പിടിമുറുക്കാൻ ശ്രമിക്കുന്നതു വേറെ കാര്യം.

sri-lanka-ltte-attack
സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട എൽടിടിഇ പ്രവർത്തകർ. കിളിനോച്ചിയിൽ നിന്നുള്ള ദൃശ്യം (ഫയൽ ചിത്രം: എഎഫ്പി)

ഇന്ത്യക്കെതിരായി ഇന്ത്യൻ മഹാസമുദ്രത്തിൽ ഒരു  താവളമൊരുക്കുകയായിരുന്നു ഇതുവഴി ചൈനയുടെ ശ്രമം. പിന്നീട് ഇന്ത്യയെ അനുകൂലിക്കുന്ന നിലപാടുമായി റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായതോടെ ഇന്ത്യക്ക് ആശ്വാസമായി. ചൈനയ്ക്കു തിരിച്ചടിയും. ആ ഭരണവും അസ്ഥിരതയുടെ ഗതിയിലായി. രാജ്യാന്തരതലത്തിൽ നഷ്ടപ്പെട്ട പെരുമ വീണ്ടെടുക്കാൻ ശ്രമിച്ചുതുടങ്ങുമ്പോഴാണു ശ്രീലങ്കയ്ക്കു പ്രഹരമായി വീണ്ടുമൊരു ഭീകരാക്രമണം. ഇത് ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ എന്താകും സ്ഥിതി? പഴയ കാലത്തിലേക്കു തിരിഞ്ഞുനോക്കാൻ ഒരിക്കലും ആഗ്രഹിക്കുന്നുണ്ടാകില്ല ശ്രീലങ്കൻ ജനത. അതു തമിഴനായാലും സിംഹളനായാലും.

സിലോണാകാൻ കൊതിച്ച സിംഗപ്പൂർ

ഒരുപക്ഷേ, ആശ്ചര്യപ്പെടുത്തുന്ന തലക്കെട്ടാകാം ഇത്. ഇന്ന് ആരും വിശ്വസിക്കില്ല ഇക്കാര്യം. സിംഗപ്പൂരെവിടെ, വികസനത്തിൽ ബഹുദൂരം പിന്നിലുള്ള ശ്രീലങ്കയെവിടെ. എന്നാൽ, നാം പഴയ സിലോണിനെക്കുറിച്ചറിയണം. കിഴക്കനേഷ്യയിലെ ചെറുരാജ്യങ്ങൾ കൊതിയോടെ നോക്കിനിന്ന സിലോണിനെക്കുറിച്ച്. സിംഗപ്പൂരിനു സ്വാതന്ത്ര്യം ലഭിച്ചപ്പോൾ സ്‌ഥാനമേറ്റ പ്രഥമ പ്രധാനമന്ത്രി യശഃശ്ശരീരനായ ലീ ക്വാൻ യൂ പറഞ്ഞതു ചരിത്രരേഖയാണ്, ‘സിലോണിന്റെ മാതൃകയിൽ വളരണം സിംഗപ്പൂരിനും’. കാർഷികവികസനം വഴി കിഴക്കുള്ള സമീപരാജ്യങ്ങൾക്കു മാതൃകയായ രാജ്യം പിന്നീടു കണ്ടതെന്താണ്? അതേ ലീ ക്വാൻ യൂ ശ്രീലങ്കയുടെ പരിതാപാവസ്‌ഥയിൽ പിന്നീടു വിലപിച്ചതായും രേഖകളുണ്ട്.

SRI LANKA-UNREST-MILITARY
ജാഫ്നയിൽ ആഭ്യന്തര യുദ്ധകാലത്ത് എൽടിടിഇയ്ക്കെതിരെ ഷെല്ലുകൾ പ്രയോഗിക്കുന്ന ശ്രീലങ്കൻ സൈന്യം.

ചൈനക്കാരും തമിഴരും മലയക്കാരും ഇടതിങ്ങി വസിച്ചിട്ടും സിംഗപ്പൂരിനെ വംശീയകലാപങ്ങൾ ബാധിച്ചില്ല. ആ രാജ്യം വികസനപാതയിൽ അതിവേഗം ബഹുദൂരം മുന്നേറി. ശ്രീലങ്കയോ? വംശീയകലാപത്തിൽപ്പെട്ടു മൂന്നു പതിറ്റാണ്ടുകാലം വിറങ്ങലിച്ചുനിന്നു. വെടിയൊച്ചകളും ബോംബേറുകളും മൈൻ സ്‌ഫോടനങ്ങളുമായി ഒരു ദേശംമുഴുവൻ നടുക്കത്തിന്റെ നാളുകൾ പിന്നിട്ടു. സിംഹളനായാലും തമിഴനായാലും സ്വന്തം ജീവൻ രക്ഷിക്കാനുള്ള പെടാപ്പാടിലായിരുന്നു. കുഞ്ഞുങ്ങളും സ്‌ത്രീകളും വയോജനങ്ങളും രോഗികളുമെല്ലാം അതിജീവനത്തിനു വഴികാണാതെ മരണം മുന്നിൽ കണ്ടു. ആയിരങ്ങൾ പിടഞ്ഞുമരിച്ചു. പതിനായിരങ്ങൾ ആജീവനാന്തം മറക്കാനാകാത്ത വൈകല്യങ്ങളുടെ ശേഷിപ്പുകളായി.

ചിന്തയിൽപോലും വികസനം ഇല്ലാതെ...

പ്രശാന്ത സുന്ദരമാണു ശ്രീലങ്കൻ ദ്വീപ്. മരതകപ്പച്ചയുടെ ഭൂമി. പ്രകൃതിവിഭവങ്ങളാൽ സമൃദ്ധം. കേരളത്തിന്റെ വിസ്‌തീർണത്തിന്റെ ഇരട്ടിയോളം വലുപ്പം. മലയോരങ്ങളും തീരദേശങ്ങളും ഇടനാടുമെല്ലാമായി പ്രകൃതിവിഭവസമ്പന്നമായ സുന്ദരദേശം –പഴയ സിലോൺ, ഇന്നത്തെ ശ്രീലങ്ക.  പക്ഷേ, എൺപതുകളുടെ തുടക്കത്തിൽ ആരംഭിച്ച ആഭ്യന്തരകലാപം അടിച്ചമർത്താൻ ശ്രമിക്കുന്നതിനിടെ വികസനത്തെക്കുറിച്ചു ചിന്തിക്കാൻപോലുമാകാതെ നിന്നു ഭരണകൂടം. രാജ്യാന്തര വേദികളിൽ ശ്രീലങ്ക നടത്തുന്ന ചർച്ചകളെല്ലാം സമാധാനം കാംക്ഷിച്ചുള്ളതു മാത്രമായി. ഭരണകൂടവും സമരക്കാരും തമ്മിൽ നിഷ്‌പക്ഷവേദികളിൽ സന്ധിസംഭാഷണങ്ങൾ നടന്നു.

സമാന്തരരേഖകൾപോലെ ഒരിക്കലും സന്ധിയാകാതെ മുന്നേറിയ വൃഥാസംഭാഷണങ്ങൾ. അശാന്തിയുടെ നാളുകളിൽ ഇന്ത്യൻ സർക്കാരയച്ച സമാധാന പാലന സേന (ഐപികെഎഫ്) പോലും ലങ്കയിൽ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. വംശീയകലാപം സാവധാനത്തിൽ വടക്കും തെക്കുമെന്ന നിലയിൽ അധീനമേഖലകൾ തമ്മിലുള്ള പോരാട്ടമായി മാറി. വടക്കു തമിഴ് വംശജരുടെ പിടിയിലായി. വടക്കേ അറ്റത്തു ജാഫ്‌ന മുതൽ തെക്കുകിഴക്കൻ പ്രവിശ്യയിൽ ബത്തിക്കലോവ വരെ നീണ്ടു തമിഴ് ആധിപത്യം. സമാന്തര സർക്കാർ വടക്കൻ മേഖലയിൽ ഭരണം നിയന്ത്രിച്ചു. ശരിക്കും രണ്ടു രാജ്യങ്ങൾ തമ്മിലുള്ള പോരാട്ടം പോലെ ശക്‌തമായിരുന്നു യുദ്ധം.

അതിർത്തികൾ കടന്ന സിലോൺ പെരുമ

അമ്പട ലങ്കേ... എന്നു തോന്നിപ്പോകും സിലോണിന്റെ പ്രതാപ ചരിത്രം നോക്കിയാൽ. സിംഗപ്പുർ പ്രധാനമന്ത്രി വികസനത്തിന്റെ സിലോൺ മാതൃക സ്വീകരിക്കുമെന്നു പറഞ്ഞുവച്ചത് അതു നന്നായി അറിയാവുന്നതിനാലാകണം. നൂറ്റാണ്ടുകളോളം തേയില, രത്നങ്ങൾ, റബർ, സമുദ്രോൽപന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യുന്നതിൽ പ്രശസ്‌തിയുണ്ടായിരുന്നു സിലോണിന്. റോം, യൂറോപ്പിലെ മറ്റു രാജ്യങ്ങൾ, അറേബ്യ എന്നിവിടങ്ങളിലേക്കു വിവിധ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്‌തിരുന്ന സിലോണിനു വാളുകളടക്കമുള്ള പഴയകാല ആയുധങ്ങളുടെ നിർമാണത്തിലും ഖ്യാതിയുണ്ടായിരുന്നു. ഏറ്റവും തെക്കുള്ള ഹംബൻതോട്ട തുറമുഖം വഴി വൻതോതിൽ ഉരുക്കു കയറ്റുമതി ചെയ്‌തിരുന്നു സിലോണിൽനിന്ന്. ആ കയറ്റുമതിക്കാലം എഡി ഒന്നാം ദശകം മുതലുണ്ടായിരുന്നെന്നു ചരിത്രരേഖകൾ സാക്ഷ്യം പറയുന്നു. 

ഉയർന്ന ഗുണനിലവാരമുള്ള ഉരുക്കു നിർമിക്കാനുള്ള സാങ്കേതികവിദ്യ പണ്ടുതന്നെ സിലോണുകാർ സ്വായത്തമാക്കിയിരുന്നു. ഇന്നു ഹംബൻതോട്ട തുറമുഖം നവീകരിക്കാൻ ശ്രീലങ്കയ്‌ക്കു കോടിക്കണക്കിനു രൂപ നൽകുന്ന ചൈനക്കാരുടെ പൂർവപിതാമഹന്മാരും ഹംബൻതോട്ടയെ നോട്ടമിട്ടിരുന്നതായി ചരിത്രം പറയുന്നു. ബിസി 250ൽ ഹംബൻതോട്ടയെ പടിഞ്ഞാറോട്ടുള്ള സമുദ്രമാർഗമായി അവർ കണ്ടുവച്ചിരുന്നു. യൂറോപ്പുമായും അറേബ്യയുമായും ചൈന വ്യാപാരബന്ധം ഈ വഴി നടത്തിയിരുന്നത്രെ. ഒരു കാലത്തു പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും പിന്നീടു ബ്രിട്ടിഷുകാരുടെയും കോളനിയായിരുന്ന ശ്രീലങ്കയ്‌ക്കു സ്വാതന്ത്ര്യം ലഭിച്ചതു 1948 ഫെബ്രുവരി നാലിനാണ്. 1972ൽ സിലോൺ എന്ന പേരുമാറ്റി ശ്രീലങ്ക എന്ന പേരു സ്വീകരിച്ചു. ഒപ്പം ശ്രീലങ്ക റിപ്പബ്ലിക്കുമായി. അന്നു പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബണ്ഡാരനായകെയാണ് ഇതു ചെയ്‌തത്.

മുന്നോട്ടുതന്നെ

വംശീയ യുദ്ധം 2010നു ശേഷം അവസാനിച്ചപ്പോൾ ഒരു രാജ്യത്തെ പുനർനിർമിച്ചുതുടങ്ങുകയായിരുന്നു ശ്രീലങ്കൻ സർക്കാരും ജനതയും. യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന ജാഫ്നപോലുള്ള മേഖലയിൽ എല്ലാം തകർന്ന സ്ഥിതിയായിരുന്നു. കെട്ടിടങ്ങളുടെയും വീടുകളുടെയും മറ്റും നിർമാണമാണവിടെ യുദ്ധം അവസാനിച്ചതോടെ തുടങ്ങിയത്. 

വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ് യുദ്ധം തീർന്ന് ഏതാനും വർഷംകൊണ്ടുതന്നെ ശ്രീലങ്ക നടത്തി. ഇന്ത്യ അടക്കമുള്ള അയൽ രാജ്യങ്ങളിൽനിന്ന് ആയിരക്കണക്കിനു വിനോദസഞ്ചാരികൾ ലങ്കയിലെത്തി. അതു രാജ്യത്തിനു വലിയ വരുമാനവുമുണ്ടാക്കിത്തന്നു. വിവിധ ഉൽപന്ന കയറ്റുമതിയിലും വൻ വർധനയുണ്ടായി. സാമ്പത്തിക വളർച്ചാനിരക്കിലും ലങ്ക ഏറെ മുന്നേറി. വെളിച്ചെണ്ണയടക്കമുള്ള നാളികേരോൽപന്നങ്ങളും റബറും വ്യാവസായിക, സമുദ്രോൽപന്നങ്ങളുമെല്ലാം യഥേഷ്‌ടം കയറ്റി അയച്ചുതുടങ്ങി.

മലയാളികളുടെ പ്രിയദേശം

സിലോണും കേരളവും തമ്മിലുള്ള വാണിജ്യ ബന്ധങ്ങൾക്കു നൂറ്റാണ്ടുകളുണ്ടു പഴക്കം. സിലോണിലേക്കെന്നും കൊളംബിലേക്കെന്നുമെല്ലാം പറഞ്ഞ് ഒട്ടേറെ യാത്രകൾ മലയാളികൾ നടത്തിയിട്ടുണ്ടെന്നതു കഥകളല്ല. പൊറ്റെക്കാടിന്റെയും എംടിയുടെയുമെല്ലാം സാഹിത്യങ്ങളിൽ ‘കൊളംബ്’ യാത്രകൾ സ്‌ഥാനം പിടിച്ചിട്ടുണ്ട്. ബ്രിട്ടിഷുകാരുടെ കാലത്തായിരുന്നു ഈ യാത്രകളിലേറെയും. തേയിലത്തോട്ടങ്ങളിലെ പണികൾക്കും അധ്യാപകവൃത്തിക്കും പുറമെ ബ്രിട്ടിഷ് പട്ടാളത്തിൽ ജോലിക്കാരായും ഒട്ടേറെ മലയാളികൾ സിലോണിലെത്തി.

sri-lanka-blasts-kingsbury
സ്ഫോടനം നടന്ന കൊളംബോയിലെ കിങ്സ്ബറി ഹോട്ടൽ.

വിവിധ ചെറുകിട കമ്പനികളിൽ ജോലിക്കു ചേർന്നവരും കച്ചവടം ചെയ്‌തവരുമെല്ലാം ഒരുപാടുണ്ട്. സിലോൺ മലയാളികളുടെ ജനസംഖ്യ ലക്ഷങ്ങളിലായിരുന്നുവെന്നാണു പറയപ്പെടുന്നത്. കൃത്യമായ കണക്കു ലഭിച്ചത് 1981ലെ സർക്കാർ കാനേഷുമാരിപ്രകാരമാണ്. അന്നു ശ്രീലങ്കയിൽ 43,378 മലയാളികളുണ്ടെന്നാണു രേഖപ്പെടുത്തപ്പെട്ടത്. എന്നാൽ, വംശീയ യുദ്ധം തുടങ്ങിയതോടെ ശേഷിക്കുന്ന മലയാളികളിൽതന്നെ വലിയൊരു വിഭാഗം നാട്ടിലേക്കു മടങ്ങി. ഇവിടെ പിടിച്ചുനിന്നവരിൽ ഒരുപാടു പേർ ഇപ്പോഴും മലയാളത്തനിമ തുടരുന്നുവെങ്കിലും അനേകം കുടുംബങ്ങൾ സിംഹളരെയും തമിഴരെയും മറ്റും വിവാഹം ചെയ്‌തു മലയാളത്തിൽനിന്നു പൂർണമായും അകന്നു.

തൃശൂർ മേഖലയിൽനിന്നാണു ശ്രീലങ്കയിലേക്കു കൂടുതൽപേരുമെത്തിയിരുന്നതെന്നാണു കണക്ക്. ഇന്നു കൊളംബോയിലുള്ള ശ്രീലങ്കൻ മലയാളികളിൽ ഏറെ പേരുടെയും വേരുകൾ തൃശൂരിലാണ്. പ്രത്യേകിച്ച് ഇരിങ്ങാലക്കുട, വലപ്പാട്, കൊടുങ്ങല്ലൂർ, തൃപ്രയാർ, നാട്ടിക, ചാവക്കാട് ഭാഗങ്ങളിൽനിന്ന്. ലങ്കയിൽ വ്യവസായികളാണ് ഇവരിലേറെ പേരും. യുദ്ധം കഴിഞ്ഞതോടെ നാട്ടിൽനിന്നെത്തി ശ്രീലങ്കയിൽ ബിസിനസ് ആരംഭിച്ച മലയാളികളും ഒട്ടേറെയുണ്ട്.

റബർ, വ്യവസായ അനുബന്ധ ഉൽപന്നങ്ങൾ തുടങ്ങിയവ നടത്തുന്നവരും ഇവരിലേറെയുണ്ട്. ചിലർ വിനോദസഞ്ചാര വികസന രംഗത്തും പ്രവർത്തിക്കുന്നു. എൽഐസി, ഇന്ത്യൻ ഓയിൽ, ബാങ്കുകൾ, സ്വകാര്യ ബഹുരാഷ്‌ട്ര കമ്പനികൾ എന്നിവയിൽ ജോലിയുമായി കൊളംബോയിലെത്തിയവരും ഇന്നു ശ്രീലങ്കയിൽ മലയാളികളായുണ്ട്. പുതിയതായി അനേകം നിക്ഷേപകർ കേരളത്തിൽനിന്നു ശ്രീലങ്കൻ വിപണിയിലേക്കു ഭാഗ്യംതേടി വന്നെത്തുന്നുമുണ്ട്. ഇന്ത്യയുടെ മറ്റുഭാഗങ്ങളിൽനിന്നും പ്രമുഖ സംരംഭകർ ശ്രീലങ്കയിൽ മുതൽമുടക്കിത്തുടങ്ങിയിട്ടുണ്ട്.

അരുത്, കരിനിഴൽ വീഴരുത്

ഒരു രാജ്യത്തിന്റെയും വികസന പ്രതീക്ഷകളിന്മേൽ കരിനിഴൽ വീഴ്ത്തുന്ന ഇത്തരം ഭീകരാക്രമണങ്ങൾ ഉണ്ടാകരുത്. ഇന്ത്യൻ ഉപഭൂഖണ്ഡമേഖലയിൽ ഇത്തരം സംഭവം ആവർത്തിക്കാതിരിക്കാൻ ഇന്ത്യ എല്ലാ മുൻകരുതലുമെടുക്കുമെന്നു ശ്രീലങ്കൻ സ്ഫോടന പരമ്പരയ്ക്കു പിന്നാലെ ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. മൂന്നു പതിറ്റാണ്ടിലേറെ ശ്രീലങ്കൻ ജനത അനുഭവിച്ച ദുരിതം ആലോചനയ്ക്കും അപ്പുറമാണ്. അത്തരമൊരു സ്ഥിതിയിലേക്ക് ആ രാജ്യം ഇനിയും പോകരുത്. അത് എന്തു വില കൊടുത്തും തടഞ്ഞേ മതിയാകൂ. സമീപത്തെ വലിയ സൈനിക–സാമ്പത്തിക ശക്തിയെന്ന നിലയിൽ ആ ചുമതലയിൽനിന്ന് ഇന്ത്യയ്ക്കു വിട്ടുനിൽക്കാനുമാകില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com