ADVERTISEMENT

ന്യൂഡൽഹി∙ ‘ചൗക്കി ദാർ ചോർ ഹേ’ എന്ന രാഷ്ട്രീയ മുദ്രാവാക്യവും റഫാൽ കേസിലെ കോടതിയുത്തരവിനെക്കുറിച്ചുള്ള  പരാമർശവും കൂടിക്കുഴഞ്ഞുപോയതിൽ ഖേദമുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടിയാവശ്യപ്പെട്ട് ബിജെപി നേതാവ് മീനാക്ഷി ലേഖി നൽകിയ ഹർജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.  

റഫാൽ കേസിൽ കഴിഞ്ഞ ഡിസംബർ 14ന് നൽകിയ വിധിക്കെതിരെയുള്ള പുന:പരിശോധനാ ഹർജികളിൽ 3 ഒൗദ്യോഗിക രേഖകൾ പരിഗണിക്കരുതെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം കോടതി തളളിയിരുന്നു. ഇതിനെ വ്യാഖ്യാനിച്ചു നടത്തിയ പരാമർശത്തിലാണ് ‘ചൗക്കിദാർ’ മോഷണം നടത്തിയെന്നു കോടതി വ്യക്തമാക്കിയതായി രാഹുൽ ആരോപിച്ചത്. 

കോടതിയുത്തരവു വായിക്കാതെയും വിശകലനം ചെയ്യാതെയും പ്രചാരണച്ചൂടിൽ നടത്തിയ പരാമർശമാണെന്നും കോടതിയെ മോശപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും രാഹുൽ വിശദീകരിച്ചു. ചൗക്കിദാർ ചോർ ഹേ എന്നത് താനും തന്റെ പാർട്ടിയും കഴിഞ്ഞ ഒട്ടേറെ മാസങ്ങളായി പ്രചാരണത്തിൽ പ്രയോഗിക്കുന്നതാണ്. 

റഫാൽ ഇടപാട് കറപുരണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാരിന്റെ അധികാര ദുർവിനിയോഗത്തിന്റെ മികച്ച ഉദാഹരണമെന്നുമാണ് തന്റെയും കോൺഗ്രസിന്റെയും നിലപാട്. 

വിഷയം സംയുക്ത പാർലമെന്ററി സമിതി അന്വേഷിച്ച് നടപടിയെടുക്കേണ്ടതുമാണ്. 

എന്നാൽ, അത്തരമൊരു രാഷ്ട്രീയ മുദ്രാവാക്യത്തോടു കോടതി യോജിക്കില്ലെന്നും അത് എടുത്തുപറയില്ലെന്നും  വ്യക്തമാണ്. എന്നാൽ, കോടതി  ക്ളീൻ ചിറ്റ് നൽകിയെന്ന മട്ടിലാണ് മോദിയും മറ്റും പ്രചാരണം നടത്തുന്നത്. ഇതിനെ തടുക്കാനാണ് താൻ ശ്രമിച്ചിട്ടുള്ളതെന്നും രാഹുൽ വിശദീകരിച്ചു. 

ഇന്നലെ അമേഠിയിലും റായ്ബറേലിയിലും നടത്തിയ പ്രസംഗങ്ങളിൽ പലതവണ ‘ചൗക്കിദാർ ചോർ ഹേ’ എന്ന് രാഹുൽ ആവർത്തിച്ചു. മാധ്യമപ്രവർത്തകരോടും ഇക്കാര്യം ആവർത്തിച്ചു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com