ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിലെ കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടികയിൽ ഇടം നേടി ഷീലാ ദീക്ഷിത്. കോൺഗ്രസ് തിങ്കളാഴ്ച പുറത്തിറക്കിയ ആറംഗ സ്ഥാനാർഥി പട്ടികയിലാണ് മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത് ഇടം നേടിയത്. ഏഴു സീറ്റുകൾ ഉള്ളതിൽ ആറിടത്തെ സ്ഥാനാർഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത്. തെക്കൻ ഡൽഹി സീറ്റിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ തീരുമാനമായില്ല.‍‌‌

ഇവിടെ സിഖ് വിരുദ്ധ കലാപത്തിൽ കുറ്റാരോപിതനായ സജ്ജൻ കുമാറിന്റെ സഹോദരൻ രമേഷ് കുമാറിനെ നിർത്താനുള്ള തീരുമാനത്തിൽ സിഖ് സംഘടനകളിൽനിന്നു പ്രതിഷേധം ഉയർന്നിരുന്നു. നാമനിർദേശ പ്രതിക സമർപ്പിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് കോണ്‍ഗ്രസ് ഇന്നു സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മെയ് 12 നാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ്.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന കപിൽ സിബൽ പട്ടികയിൽ ഇല്ല. പരമ്പരാഗത മണ്ഡലമായ ചാന്ദ്നിചൗക്കിൽ നിന്ന് ഇത്തവണ മത്സരിക്കാൻ അദ്ദേഹം നേരത്തേ വിമുഖത കാട്ടിയിരുന്നു. ബിജെപി– എഎപി– കോൺഗ്രസ് ത്രികോണ മത്സരം നടക്കുന്നതിനാലാണ് ചാന്ദ്നി ചൗക്കിൽനിന്നു മത്സരിക്കാൻ താൽപര്യമില്ലെന്ന് കപിൽ പറഞ്ഞതെന്നാണ് റിപ്പോർട്ടുകൾ. 

കിഴക്ക് പടിഞ്ഞാറൻ ഡൽഹിയിൽ നിന്നാണ് ഷീലാ ദീക്ഷിത് ഇത്തവണ ലോക്സഭയിലേക്കു മത്സരിക്കുക. ഷീലാ ദീക്ഷിതിന്റെ മുൻഗാമിയായ അജയ് മാക്കനാണ് ഇത്തവണ ന്യൂഡൽഹിയിൽ നിന്നു ജനവിധി തേടുന്നത്. മറ്റു സ്ഥാനാർഥികളും മണ്ഡലങ്ങളും– അരവിന്ദ് സിങ് ലൗലി: കിഴക്കൻ ഡൽഹി, ജെ.പി. അഗർവാൾ: ചാന്ദ്നി ചൗക്ക്, രാജേഷ് ലിലോതിയ: വടക്ക് പടിഞ്ഞാറൻ ഡൽഹി, മഹബൽ മിശ്ര: പടിഞ്ഞാറൻ ഡൽ‍ഹി.

ആം ആദ്മി പാർട്ടിയുമായി യാതൊരു സഖ്യത്തിനുമില്ലെന്ന് കോൺഗ്രസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എഎപി ഏഴു പേരടങ്ങുന്ന സ്ഥാനാർഥി പട്ടിക പുറത്തു വിട്ടിട്ടുണ്ട്. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ മുഴുവൻ സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.

English summary: Sheila Dikshit to contest from Delhi, Congress names 6 candidates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com