ADVERTISEMENT

ന്യൂഡൽഹി∙ ശ്രീലങ്കയിലെ പള്ളികളിൽ ഈസ്റ്റർ ദിനത്തിലുണ്ടായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ മാലദ്വീപ് മുതൽ ബംഗ്ലദേശ് വരെയുള്ള രാഷ്ട്രങ്ങളിൽ പടർന്നുകിടക്കുന്ന ഐഎസ് പ്രോത്സാഹനമുള്ള ഭീകര സംഘങ്ങളിലേക്കു ശ്രദ്ധ തിരിക്കുകയാണ് ലോകരാഷ്ട്രങ്ങൾ. ഈ മേഖലയിൽ നടക്കുന്ന ഭീകരാക്രമണങ്ങളിൽ സ്ഥിരം കണ്ണികളാണ് ഇത്തരം ചെറുഗ്രൂപ്പുകൾ. ശ്രീലങ്കൻ പള്ളികളിലെ ആക്രമണത്തിന്റെ പേരില്‍ സംശയങ്ങൾ വിരൽ ചൂണ്ടുന്നത് ഒരേയൊരു സംഘടനയിലേക്കാണ്. തമിഴ്നാട്ടിലടക്കം സാന്നിധ്യമുള്ള തൗഹീദ് ജമാഅത്താണ് (എസ്എൽ‌ടിജെ) ആക്രമണങ്ങൾക്കു പിന്നിലെന്ന് സംശയമുള്ളതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു‍.

ദശാബ്ദങ്ങൾക്കു മുൻ‌പേ ചാവേറാക്രമണങ്ങൾ കണ്ടെത്തി പരീക്ഷിച്ചവരാണ് ശ്രീലങ്കയിൽ സജീവമായിരുന്ന എൽടിടിഇ അഥവാ തമിഴ്പുലികൾ. എന്നാൽ ഞായറാഴ്ചത്തെ ആക്രമണം എസ്എൽ‌ടിജെയുടെ ആസൂത്രണമാണെന്നാണു കരുതുന്നത്. ശ്രീലങ്കന്‍ തൗഹീദ് ജമാഅത്തിന് രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യയിൽ നിർണായക സ്വാധീനമുണ്ട്. ശരീഅത്ത് നിയമം നടപ്പാക്കാൻ ശ്രമിക്കുകയും സ്ത്രീകൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്ത് ഇവിടെ സജീവമാണു സംഘടന.

ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം ശ്രീലങ്കൻ പൊലീസ് മേധാവിയടക്കം പത്ത് ദിവസം മുൻപ് തന്നെ ജാഗ്രതാ നിർദേശം നൽകിയിട്ടും ഭീകരാക്രമണങ്ങൾ തടയാൻ പോലും ഭരണകൂടത്തിനു സാധിച്ചില്ല. പള്ളികളും കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും ആക്രമിക്കാൻ‌ ഭീകരർ പദ്ധതിയിടുന്നുണ്ടെന്നായിരുന്നു പൊലീസ് മേധാവിയുടെ മുന്നറിയിപ്പ്. 2016ൽ ധാക്കയിൽ നടന്ന ഹോലെ ആർട്ടിസാൻ ബേക്കറി ചാവേറാക്രമണത്തിനു സമാനമാണ് ശ്രീലങ്കയിലെ ഭീകരനീക്കം. പ്രദേശത്തെ യുവാക്കളെ ഉപയോഗിച്ച് നടത്തിയ ഈ ഭീകരാക്രമണത്തിനു പിന്നിലുള്ളവർക്ക് ഇസ്‍ലാമിക് സ്റ്റേറ്റ് പരിശീലനം നൽകിയിരുന്നു. 

നേരത്തേ എസ്എൽ‌ടിജെയുടെ നീക്കങ്ങള്‍ക്കെതിരായി ശ്രീലങ്കയിൽ ബുദ്ധമത വിശ്വാസികളുടെ പ്രതിഷേധം ഉയരുകയും ഇതു പിന്നീട് മതങ്ങൾ തമ്മിലുള്ള തർങ്ങൾക്കും വഴിയൊരുക്കിയിരുന്നു. ശ്രീലങ്കയിലെ ബുദ്ധമത പ്രതിമകള്‍ക്കെതിരെ അടുത്ത കാലത്ത് അക്രമങ്ങളുണ്ടാകുന്നതും പതിവായിരുന്നു. ശ്രീലങ്കയിലെ ആകെ ജനസംഖ്യയിൽ 70 ശതമാനവും ബുദ്ധമത വിശ്വാസികളാണ്. 12.6 ശതമാനം ഹിന്ദുക്കളും 9.7 ശതമാനം പേർ മു‍സ്‍ലിം വിഭാഗവുമാണ്. 7.6 ശതമാനമാണ് ക്രിസ്ത്യൻ ജനവിഭാഗങ്ങളുള്ളത്. 

2009ലെ ആഭ്യന്തര യുദ്ധത്തിനൊടുവിലാണ് ശ്രീലങ്കയിൽ മതങ്ങളുടെ പേരിലുള്ള കലഹങ്ങൾ കൂടുതൽ സജീവമായത്. ശ്രീലങ്കയിൽ തന്നെയുള്ള വിഭാഗങ്ങളാണ് അക്രമത്തിനു പിന്നിലെന്നാണ് പ്രാഥമിക അന്വേഷണം വിരല്‍ ചൂണ്ടുന്നത്. എന്നാൽ പുറത്തുനിന്നുള്ള സഹായം ലഭിക്കാതെ ശ്രീലങ്കൻ ഗ്രൂപ്പുകൾക്ക് അതു സാധിക്കില്ലെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

English Summary: Thawheed Jamaat, group active in Tamil Nadu, prime suspect behind Srilanka Blast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com