ADVERTISEMENT

ന്യൂഡൽഹി ∙ യുപി, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന എൻ.ഡി. തിവാരുയുടെ മകൻ രോഹിത് ശേഖർ തിവാരിയുടെ മരണവുമായി ബന്ധപ്പെട്ട് രോഹിതിന്റെ ഭാര്യ അപൂർവ പൊലീസ് കസ്റ്റഡിയിൽ. രോഹിതിന്റെ ഭാര്യ അപൂർവയാണു കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. അപൂർവയോടൊപ്പം വീട്ടിൽ ജോലി ചെയ്തിരുന്ന രണ്ടു പേരെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് രോഹിതിന്റെ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. അസ്വാഭാവിക മരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നാണ് കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. അപൂർവയെ ക്രൈംബ്രാ‍ഞ്ച് എട്ടു മണിക്കൂറുകളോളം ശനിയാഴ്ച ചോദ്യം ചെയ്തിരുന്നു. അപൂർവയ്ക്ക് രോഹിതിന്റെ സ്വത്തുക്കളിൽ കണ്ണുണ്ടായിരുന്നെന്ന് രോഹിതിന്റെ അമ്മ ഉജ്വല മൊഴി നൽകി. അപൂർവ ജോലി ചെയ്യുന്ന സുപ്രീം കോടതിക്കു സമീപമാണ് ഇപ്പോൾ താമസിക്കുന്ന വീടെന്നും അത് കൈവശപ്പെടുത്തുകയാണു ലക്ഷ്യമെന്നും ഉജ്വല പറഞ്ഞു. 

രോഹിതിനെ കൂടാതെ തന്റെ മറ്റൊരു മകനായ സിദ്ധാർഥിന്റെ സ്വത്തുക്കളും തന്റെ വരുതിയിലാക്കാൻ അപൂർവ ശ്രമിക്കുന്നുണ്ടെന്നും ഉജ്വല മൊഴി നല്‍കി. രോഹിതും അപൂർവയും ഒരു മാട്രിമോണിയൽ വെബ്സൈറ്റിലൂടെ ലക്നൗവിൽ വച്ചാണ് കണ്ടുമുട്ടിയത്. അപൂർവയുമായുള്ള വിവാഹത്തിന് ആദ്യം രോഹിതിനു താല്‍പര്യമില്ലായിരുന്നു. പിന്നീടു തങ്ങൾ വിവാഹിതരാകാൻ പോകുകയാണെന്നും പറഞ്ഞു എന്റെ അടുത്ത് എത്തി. എന്നാൽ വിവാഹത്തിനു മാസങ്ങൾക്കു ശേഷം വിവാഹമോചനത്തിന് ഇരുവരും ഒരുമിച്ചു പലതവണ ശ്രമിച്ചിട്ടുണ്ട്. ജൂണോടു കൂടി വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു– ഉജ്വല പറഞ്ഞു.

എപ്രിൽ 16 നാണ് രോഹിത് ശേഖറിനെ ഡൽഹിയിലെ ഡിഫൻസ് കോളനിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. ബലം പ്രയോഗിച്ചു ശ്വാസം മുട്ടിച്ചതാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നു. ഇതോടെയാണ് കേസിൽ ദുരൂഹതയുണ്ടെന്നു കാണിച്ച് അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടത്. രോഹിത് ആറു വർഷം നീണ്ട നിയമപോരാട്ടത്തിന് ഒടുവിലാണ് എൻ.ഡി. തിവാരിയുടെ മകനാണെന്നു സ്ഥാപിച്ചെടുത്തത്.

English Summary: Wife of ND Tiwari's son Rohit Shekhar "prime suspect" in murder: report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com