ADVERTISEMENT

തിരുവനന്തപുരം∙ പോളിങ്ങിനിടെ സംസ്ഥാനത്ത് 10 പേർ മരിച്ചു. കോട്ടയം വൈക്കത്ത് വോട്ടു ചെയ്യാൻ ഇറങ്ങിയ 84കാരി കുഴഞ്ഞു വീണു മരിച്ചു. വൈക്കം തൃക്കരായിക്കുളം റോസമ്മ ഔസേഫ് ആണു മരിച്ചത്. പോളിങ് ബൂത്തിലേക്കു പോകാൻ ഓട്ടോയിൽ കയറുമ്പോഴാണ് കുഴഞ്ഞു വീണത്. ആലപ്പുഴ മാവേലിക്കര കണ്ടിയൂർ യുപി സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ വ്യക്തി കുഴഞ്ഞുവീണു മരിച്ചു. മറ്റം വടക്ക്, പെരിങ്ങാട്ടംപള്ളിൽ പ്രഭാകരൻ(74) ആണ് മരിച്ചത്. വോട്ട് ചെയ്തു പുറത്തിറങ്ങിയ ശേഷമാണ് പ്രഭാകരൻ കുഴഞ്ഞുവീണത്. 

കാസർകോട് പുല്ലൂരിൽ വോട്ട് ചെയ്യാൻ പോകുന്ന വഴിയിൽ മധ്യവയസ്കൻ കുഴഞ്ഞു വിണു മരിച്ചു. പുല്ലൂർ സ്വദേശി കെ.ആർ. ബാബുരാജാണ് കുഴഞ്ഞു വിണു മരിച്ചത്.

തലശ്ശേരി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു കൊണ്ടിരിക്കെ മുസ്‍ലിം ലീഗ് പ്രാദേശിക നേതാവ് എ.കെ. മുസ്തഫ(52) തലശ്ശേരി മാരിയമ്മ ഇസ്‍ലാമിയ എൽപി സ്കൂൾ ബൂത്തിൽ തളർന്നു വീണു മരിച്ചു. 

തളിപ്പറമ്പ് ചുഴവി വേണുഗോപാല മാരാർ വോട്ടെടുപ്പ് കഴിഞ്ഞു തിരിച്ചു വീട്ടിലെത്തിയപ്പോൾ തളർന്നുവീഴുകയായിരുന്നു. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊല്ലം കിളികൊല്ലൂരിൽ വോട്ടു ചെയ്യാനെത്തിയ ആൾ കുഴഞ്ഞു വീണാണ് മരിച്ചു. ഇരവിപുരം മണ്ഡലത്തിലെ കിളികൊല്ലൂർ എൽപി സ്കൂളിൽ 5ാം നമ്പർ ബൂത്തിലാണു സംഭവം. കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (പുരുഷൻ-63) ആണു മരിച്ചത്. വോട്ടർ പട്ടികയിൽ പേരു കാണാത്തതിനെത്തുടർന്നു പോളിങ് ഓഫിസറുമായി സംസാരിക്കവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വയനാട് പനമരത്ത് വോട്ട് ചെയ്യാന്‍ വീട്ടില്‍നിന്ന് ഇറങ്ങിയയാള്‍ കുഴഞ്ഞുവീണു മരിച്ചു. അഞ്ഞണിക്കുന്ന് ആദിവാസി കോളനിയിലെ ബാലന്‍ (64) ആണു വഴിയില്‍ കുഴഞ്ഞുവീണത്. പനമരം സിഎച്ച്സിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്കുശേഷം മാനന്തവാടി ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിച്ചു.

കണ്ണൂർ കൂത്തുപറമ്പിലും പത്തനംതിട്ട റാന്നിയിലും എറണാകുളം കാലടിയിലുമാണ് മറ്റു മരണങ്ങൾ. കാലടിയിൽ പാറപ്പുറം കുമാരനാശാൻ സ്മാരക എൽപിഎസ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ കാഞ്ഞൂർ പാറപ്പുറം വെളുത്തേപ്പിള്ളി ത്രേസ്യാക്കുട്ടി (87) കുഴഞ്ഞുവീണു മരിച്ചു. വോട്ട് ചെയ്യാൻ സ്ലിപ് വാങ്ങിയശേഷം ബൂത്തിനുള്ളിൽ തളർന്നു വീഴുകയായിരുന്നു. 2 കിലോമീറ്റർ അകലെ കാഞ്ഞൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

കണ്ണൂർ കൂത്തുപറമ്പ് മണ്ഡലത്തിലെ ചൊക്ലി രാമവിലാസം എച്ച്എസ്എസ് പോളിങ് ബൂത്തിൽ വോട്ട് ചെയ്യാൻ വരിയിൽനിന്ന സ്ത്രീ തളർന്നുവീണു മരിച്ചു. കാഞ്ഞിരത്തിൻ കീഴിൽ മൂടോളി വിജയി (65) ആണ് മരിച്ചത്. പത്തനംതിട്ടയിൽ വോട്ടുചെയ്യാൻ പോളിങ് ബൂത്തിൽ കയറിയ റാന്നി പേഴുംപാറ മൂശാരിയത്ത് ചാക്കോ മത്തായി (പാപ്പച്ചൻ–66) കുഴഞ്ഞുവീണ് മരിച്ചു. വടശേരിക്കര പഞ്ചായത്തിലെ പേഴുംപാറ ഡിപിഎം യുപിഎസ് 178–ാം നമ്പർ ബൂത്തിലായിരുന്നു വോട്ട് ചെയ്യാനെത്തിയത്.

അതിനിടെ, തൃശൂർ ചാലക്കുടി മണ്ഡലത്തിലെ തുമ്പൂർമുഴി ഫുഡ് ടെക്നോളജി ബൂത്തിൽ സെക്കന്റ് പോളിങ് ഓഫിസർ തളർന്നുവീണു. അര മണിക്കൂറിനു ശേഷം ഫസ്റ്റ് പോളിങ് ഓഫീസറും വീണു. പകരം ആളെ നിയോഗിച്ചു.

ഏനാദിമംഗലം ചായലോട് യുപി സ്കൂൾ 143–ാമ നമ്പർ ബൂത്തിൽ പോളിങ് ഓഫിസർ കുഴഞ്ഞുവീണു. പിരളശേരി എൽപിഎസ് 69–ാം നമ്പർ ബൂത്തിലെ പോളിങ് ഓഫിസർ പ്രണുകുമാർ അപസ്മാര ബാധയെത്തുടർന്ന് കുഴഞ്ഞു വീണു. ഇവരെ ആശുപത്രിയിലേക്കുമാറ്റി.

തിരഞ്ഞെടുപ്പു ജോലിക്കിടെ ഉദ്യോഗസ്ഥൻ കുഴഞ്ഞു വീണു. കൂത്താട്ടുകുളം ഒലിയപ്പുറം മൂർക്കനാട് സിബി മാത്യൂവാണ് രക്തസമ്മർദ്ദം ഉയർന്നു കുഴഞ്ഞു വീണത്. തിരഞ്ഞെടുപ്പു പരിശീലനത്തിനു പോയപ്പോൾ സിബിക്കു സൂര്യാതപം ഏറ്റിരുന്നു. എംജി സർവകലാശാല ജീവനക്കാരനാണ്. വെളിയന്നൂർ താമരക്കാട് അങ്കണവാടിയിലെ ബൂത്തിലാണു സംഭവം.

English Summary: 6 dead during polling, 2 polling officers in hospitals, Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com