ADVERTISEMENT

തൃശൂർ ∙ തിരഞ്ഞെടുപ്പിന് എല്ലാവരും മഷി പുരണ്ട ചൂണ്ടുവിരലിനൊപ്പം ചിത്രമെടുത്തപ്പോൾ  രാജൻ മാത്രം വ്യത്യസ്തനായി. രാജൻ  ഫോട്ടോയ്ക്കു പോസ് ചെയ്തതു മഷിപുരളാത്ത ചൂണ്ടുവിരലുമായി! അതെ, വോട്ടു ചെയ്തെങ്കിലം രാജന്റെ കൈവിരലിൽ മഷിതേച്ചില്ല. സംഗതി കള്ളവോട്ടല്ല താനും.

മണലൂർ പണ്ടാരൻ വീട്ടിൽ പി.ആർ.രാജനാണു ചൂണ്ടുവിരലിൽ മഷി പുരട്ടാതെ വോട്ടു ചെയ്തു വ്യത്യസ്തനായത്. അതിനു കാരണമോ മഷി അലർജി! കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തപ്പോഴാണു രാജന്റെ ഇടത്തേ ചൂണ്ടുവിരലിൽ അവസാനമായി മഷി പുരണ്ടത്. എന്നാൽ  ഒരാഴ്ച കഴിഞ്ഞപ്പോൾ കടുത്ത ചൊറിച്ചിൽ തുടങ്ങി.

മൂന്നുദിവസം കൊണ്ട് വിരലിന്റെ അറ്റത്തെ തൊലി പൊളിഞ്ഞു പോയി. അന്നതു കാര്യമായെടുത്തില്ലെങ്കിലും ഒരാഴ്ച കഴിഞ്ഞപ്പോൾ വീണ്ടും ചൊറിച്ചിൽ. തൊലി പൊളിഞ്ഞു പോകുകയും ചെയ്യും. രണ്ടു ഡോക്ടർമാരുടെ അടുത്തു ചികിൽസ തേടി. ഗുളികയും പുരട്ടാനുള്ള മരുന്നും തേച്ചു. അങ്ങനെയിരിക്കെയാണ് രാജന്റെ വിരലിനെ വെല്ലുവിളിച്ച് ഇത്തവണത്തെ തിരഞ്ഞെടുപ്പു വരുന്നത്.

വോട്ടവകാശം കിട്ടിയതുമുതൽ ഇതുവരെ വോട്ടുമുടക്കാത്ത രാജൻ, ജനറൽ ആശുപത്രിയിലെ ഡോക്ടറെ പോയി കണ്ടു. രാജനു വോട്ടിങ് മഷി അലർജിയാണെന്നും ചികിൽസയിലാണെന്നുമുള്ള മെഡിക്കൽ സർട്ടിഫിക്കറ്റുമായി മണലൂർ സെന്റ് തെരേസാസ് കോൺവന്റ് സ്കൂളിലെ പോളിങ് ബൂത്തിലെത്തി. പോളിങ് ഓഫിസറുടെ അനുമതി വാങ്ങി വോട്ടു ചെയ്യുകയായിരുന്നു. എല്ലാവരും മഷിപുരട്ടിയ സന്തോഷവുമായി ബൂത്തിൽ നിന്നിറങ്ങിയപ്പോൾ രാജൻ മഷിപുരട്ടാത്ത വിരലുമായി ഹാപ്പിയായി മടങ്ങി.

English Summary: Thrissur native PR Rajan voted without indelible ink

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com