ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണം സ്ഥിരീകരിച്ചു മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. കാസർകോട് മൂന്നിടത്തു കള്ളവോട്ട് നടന്നെന്നു കമ്മിഷൻ അറിയിച്ചു. കണ്ണൂര്‍ ജില്ലയിലെ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എയുപി സ്കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ പത്മിനി, സലീന എന്‍.പി, സുമയ്യ കെ.പി. എന്നിവര്‍ കള്ളവോട്ടു ചെയ്തെന്നു പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. പിലാത്തറയിൽ പത്മിനി രണ്ടു തവണ വോട്ടു ചെയ്തു. സുമയ്യ, സലീന എന്നിവരും രണ്ടുവോട്ട് ചെയ്തു. കള്ളവോട്ട് ചെയ്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മീണ വ്യക്തമാക്കി. ഇവര്‍ക്കെതിരെ ഐപിസി 171 (സി, ഡി, എഫ്) വകുപ്പുകളനുസരിച്ച് കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി.

പഞ്ചായത്തംഗമായ സലീനയെ അയോഗ്യയാക്കാന്‍ ശുപാര്‍ശ നല്‍കി. മൂന്നു പേര്‍ക്കെതിരെയും ക്രിമിനല്‍ കേസ് എടുക്കാന്‍ നിര്‍ദേശിച്ചു. കള്ളവോട്ട് ചെയ്യാന്‍ സഹായിച്ചത് എല്‍ഡിഎഫ് ബൂത്ത് ഏജന്റാണ്. കള്ളവോട്ടിന് വഴിയൊരുക്കിയ ബൂത്ത് ഏജന്റിനെതിരെ നടപടി വരും. ഓപ്പണ്‍ വോട്ടാണു ചെയ്തതെന്ന സിപിഎം വാദം വസ്തുതാവിരുദ്ധമാണ്. ചട്ടത്തില്‍ കംപാനിയന്‍ വോട്ട് മാത്രമേയുള്ളൂ. കംപാനിയന്‍ വോട്ടിനു വോട്ടര്‍ ഒപ്പമുണ്ടാകണമെന്നാണു ചട്ടം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയെടുക്കും– മീണ പറഞ്ഞു.

കള്ളവോട്ട് നടന്നുവെന്നു തെളിഞ്ഞാല്‍ ജനപ്രാതിനിധ്യ നിയമം, ഇന്ത്യന്‍ശിക്ഷാ നിയമം എന്നിവ അനുസരിച്ച് ഒരുവര്‍ഷം വരെ തടവും പിഴയുമാണു ശിക്ഷ. ഉദ്യോഗസ്ഥർക്കെതിരെ സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളാണ് ആദ്യഘട്ടത്തില്‍ കൈക്കൊള്ളുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം കൂടി പരിഗണിച്ചാവും തുടര്‍നടപടികൾ സ്വീകരിക്കുക. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പോളിങ് ഏജന്റുമാര്‍ക്കെതിരെ അന്വേഷണം നടത്തി വീഴ്ച കണ്ടെത്തിയാല്‍ നടപടിയെടുക്കും. റീ പോളിങ് വേണോ എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷനാണെന്നും ടീക്കാറാം മീണ പറഞ്ഞു.

കള്ളവോട്ട് ഇങ്ങനെ:
∙പത്മിനി – പിലാത്തറ എയുപി സ്കൂളിലെ 19ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്യാനെത്തുന്നു. ആദ്യം 5.20ന് വോട്ട് രേഖപ്പെടുത്തി പുറത്തേക്ക് പോകുന്നു. പിന്നീട് അതേ വേഷത്തില്‍ വീണ്ടുമെത്തി 5.47ന് വോട്ടു ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തം. പത്മിനി ഈ ബൂത്തിലെ വോട്ടറും മുന്‍ ജനപ്രതിനിധിയുമാണ്.

∙സലീന എന്‍.പി. – പഞ്ചായത്ത് അംഗം. സലീനയ്ക്ക് 19ാം നമ്പര്‍ ബൂത്തില്‍ വോട്ടില്ല. 17ാം നമ്പര്‍ ബൂത്തിലെ വോട്ടറാണ് (നമ്പര്‍ 822). സലീനയുടേത് ഓപ്പണ്‍വോട്ടാണെന്ന വാദം അന്വേഷണത്തില്‍ തള്ളി. ശാരീരിക അവശതയുള്ളവരെ സഹായിക്കാനാണ് പകരം വോട്ടു ചെയ്യുന്നതെങ്കില്‍ അവര്‍ ഒപ്പം വേണമെന്ന നിബന്ധനപാലിച്ചില്ല. ഇതിനുള്ള അപേക്ഷയും നല്‍കിയില്ല. നിയമപരമായി ഓപ്പണ്‍ വോട്ടെന്ന പ്രയോഗം ഇല്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അസിസ്റ്റഡ് വോട്ട്(ഒരാളെ സഹായിക്കാനായി അയാളുടെ സാന്നിധ്യത്തില്‍ മറ്റൊരാള്‍ ചെയ്യുന്ന വോട്ട്) മാത്രമേ ഉള്ളൂ. സലീന 17ാം നമ്പര്‍ ബൂത്തില്‍ സ്വന്തം വോട്ട് രേഖപ്പെടുത്തിയോ എന്ന് അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. റജിസ്റ്ററുകള്‍ വോട്ടിങ് മെഷീനുകള്‍ക്കൊപ്പം സീല്‍ ചെയ്ത മുറികളിലായതിനാല്‍ ഇവ തുറന്നു പരിശോധിക്കുന്നതിനു തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വേണം.

∙ സുമയ്യ കെ.പി. – സുമയ്യ 19ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ അല്ല. ബൂത്ത് നമ്പര്‍ 24ലെ വോട്ടറാണ്(നമ്പര്‍ 315). പോളിങ് ഏജന്റ് പുറത്തേക്ക് പോയപ്പോള്‍ പകരക്കാരിയായാണ് ഇവര്‍ ബൂത്തിനകത്ത് എത്തിയത്. 5.41ന് ഇവര്‍ വോട്ട് ചെയ്തു.

∙കെ.സി. രഘുനാഥ്( വ്യാപാരി വ്യവസായി സമിതി നേതാവ്) – ശാരീരിക അവശതയുള്ള ഡോക്ടര്‍ക്ക് വോട്ടു ചെയ്യാന്‍ സഹായിക്കാനാണ് രഘുനാഥ് വന്നത്. ഡോക്ടര്‍ക്ക് ബൂത്തിലേക്ക് വരാന്‍ കഴിയില്ലെന്ന് ഇയാള്‍ ബൂത്തിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. പുറത്ത് വാഹനത്തിലുണ്ടായിരുന്ന ഡോക്ടറുടെ അടുത്തേക്ക് റജിസ്റ്റര്‍ കൊണ്ടു പോയി വിരല്‍ മുദ്ര പതിപ്പിച്ചശേഷം ഇയാള്‍ മടങ്ങിവന്നു. വോട്ടു ചെയ്യാനെത്തിയ ഡോക്ടര്‍ ബൂത്തിന് അകത്തേക്ക് വരണം എന്നാണ് നിയമം. ഡോക്ടറുടെ സാന്നിധ്യത്തിലേ മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയൂ. എന്നാല്‍ പുറത്തുവച്ചാണ് ഡോക്ടറുടെ വിരല്‍ മുദ്ര റജിസ്റ്ററില്‍ പതിപ്പിച്ചത്. ഡോക്ടറെ വീല്‍ചെയറില്‍ അകത്തേക്ക് കൊണ്ടുവരാമായിരുന്നെങ്കിലും ചെയ്തില്ല. ഈ നടപടികള്‍ക്കുശേഷം കെ.സി.രഘുനാഥല്ല ഡോക്ടറുടെ വോട്ട് ചെയ്തത്. ബൂത്തിനകത്തുണ്ടായിരുന്ന ചുവന്ന ഷര്‍ട്ടു ധരിച്ചയാളാണ് ഡോക്ടറുടെ വോട്ട് ചെയ്തത്. പിന്നീട് ഇരുവരും തിരിച്ചുപോയി. 2 പേര്‍ക്കുമെതിരെ അന്വേഷണം നടത്തും. കുറ്റക്കാരാണെന്നു കണ്ടെത്തിയാല്‍ നടപടി.

∙ യുഡിഎഫ്, എല്‍ഡിഎഫ് പോളിങ് ഏജന്റുമാര്‍ – ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ യുഡിഎഫ് പോളിങ് ഏജന്റ് ബൂത്തിലുണ്ടായിരുന്നില്ല. പ്രിസൈഡിങ് ഓഫിസറുടെ റിപ്പോര്‍ട്ടനുസരിച്ച് രാവിലെ ബൂത്തിയെത്തിയ ഏജന്റ് 11 മണിക്ക് പുറത്തുപോയി. യുഡിഎഫ് ഏജന്റിന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ചവന്നോ എന്ന് പരിശോധിക്കും. വീഴ്ചയുണ്ടെങ്കില്‍ നടപടി. യുഡിഎഫ് ഏജന്റ് പോയശേഷം ബൂത്തില്‍ ഉണ്ടായിരുന്നത് എല്‍ഡിഎഫിന്റെയും സ്വതന്ത്ര സ്ഥാനാര്‍ഥിയുടെയും പോളിങ് ഏജന്റുമാര്‍. എല്‍ഡിഎഫ് ഏജന്റ് സതീഷ് ചന്ദ്രനാണ് മൂന്നു സ്ത്രീകളെ കള്ള വോട്ടു ചെയ്യാന്‍ സഹായിച്ചതെന്നാണ് റിട്ടേണിങ് ഓഫിസറുടെ റിപ്പോര്‍ട്ട്. സതീഷ് ചന്ദ്രനും നിയമ നടപടി നേരിടേണ്ടിവരും.

∙ ഉദ്യോഗസ്ഥര്‍ – വലിയ തിരക്ക് അനുഭവപ്പെട്ടതിനാല്‍ ബൂത്തിലെത്തിയ ആളുകളെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. ഈ വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കമ്മിഷന്‍. ഉദ്യോഗസ്ഥര്‍ക്ക് മറ്റു മാര്‍ഗങ്ങള്‍ തേടാമായിരുന്നു. അവര്‍ അതു ചെയ്തില്ല. ഇതില്‍ വിശദമായ അന്വേഷണം കലക്ടര്‍ നടത്തും. ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതാണോ വീഴ്ച വന്നതാണോ എന്ന് വിശദമായി പരിശോധിക്കും. കാസര്‍ഗോഡ് കലക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ടാണ് ലഭിച്ചത്. നാളെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചശേഷം തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും. കമ്മിഷന്‍ നിര്‍ദേശം അനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍. മൈക്രോ, ജനറല്‍ ഒബ്സര്‍വര്‍മാരുടെ റിപ്പോര്‍ട്ട്, പ്രിസൈഡിങ് ഓഫിസറുടെ ഡയറി എന്നിവ പരിശോധിച്ചശേഷമായിരിക്കും കമ്മിഷന്‍ തീരുമാനമെടുക്കുകയെന്നും ടീക്കാറാം മീണ പറഞ്ഞു. ആരു പരാതി പറഞ്ഞാലും അന്വേഷിക്കും. കണ്ണൂരിലെ 1,857 ബൂത്തിലും വെബ് കാസ്റ്റിങ് ഉണ്ടായിരുന്നു. വെബ് കാസ്റ്റിങ് തിരഞ്ഞെടുപ്പില്‍ വളരെയേറെ പ്രയോജനപ്പെട്ടതായും ടീക്കാറാം മീണ പറഞ്ഞു.

കാസർകോട്, കണ്ണൂർ ജില്ലകളിൽ വ്യാപകമായി കള്ളവോട്ടു നടന്നെന്ന ആരോപണത്തിനു പിന്നാലെ അവ സാധൂകരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു സിപിഎം പ്രതിരോധത്തിലായിരുന്നു. കണ്ണൂർ കല്യാശേരി നിയമസഭാ മണ്ഡലത്തിലെ 19 ാം ബൂത്തിലെ ദൃശ്യങ്ങളാണു കോൺഗ്രസ് പുറത്തുവിട്ടത്. പയ്യന്നൂർ 136 ാം നമ്പർ ബൂത്തിലും തൃക്കരിപ്പൂർ 48 ാം നമ്പർ ബൂത്തിലും ഒന്നിലേറെ വോട്ടുകൾ ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കമ്മിഷന്റെ തൽസമയ വെബ് കാസ്റ്റിങ് വിഡിയോകളാണിത്.

കല്യാശേരി നിയമസഭാ മണ്ഡലം കാസർകോട് ലോക്സഭാ മണ്ഡലത്തിന്റെ ഭാഗമാണ്. ഇവിടെ ചെറുതാഴം പഞ്ചായത്തിലെ പിലാത്തറ എയുപി സ്കൂൾ 19ാം നമ്പർ ബൂത്തിൽ ഒരു സ്ത്രീ 2 തവണ വോട്ടു ചെയ്യുന്നതിന്റെയും മറ്റു ബൂത്തുകളിലെ വോട്ടർമാരായ സിപിഎം പഞ്ചായത്തംഗവും മുൻ പഞ്ചായത്തംഗവും സിപിഎം പ്രാദേശിക നേതാവും വോട്ടു ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ബൂത്തിൽ 40 മിനിറ്റിനിടയിൽ 6 കള്ളവോട്ടുകൾ ചെയ്തെന്നാണ് ആരോപണം ഉയർന്നത്.

ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതിയുയർന്നു. ആലപ്പുഴ മണ്ഡലത്തിൽ, സിപിഐ നേതാവും കായംകുളം നഗരസഭാ കൗൺസിലറുമായ ജലീൽ എസ്.പെരുമ്പളത്ത് ഒന്നാംകുറ്റി നെല്ല് ഗവേഷണ കേന്ദ്രത്തിലെ 89–ാം നമ്പർ ബൂത്തിൽ 800–ാം ക്രമനമ്പരിലും കൊയ്പ്പള്ളി കാരാഴ്മ സ്കൂളിലെ 82–ാം നമ്പർ ബൂത്തിൽ 636 -ാം ക്രമ നമ്പരിലും വോട്ട് ചെയ്തതായാണു യുഡിഎഫും ബിജെപിയും പരാതി നൽകിയിരിക്കുന്നത്.

മാവേലിക്കര മണ്ഡലത്തിലെ കുറത്തികാട് സെന്റ് ജോൺസ് എംഎസ്‌സി യുപിഎസിലെ 77–ാം നമ്പർ ബൂത്തിൽ എസ്എഫ്ഐ പ്രവർത്തക കള്ളവോട്ട് ചെയ്തെന്നാണു യുഡിഎഫിന്റെ ആരോപണം. സിപിഎം പ്രാദേശിക നേതാവിന്റെ, വിദേശത്തുള്ള മകളുടെ വോട്ട് എസ്എഫ്ഐ പ്രവർത്തക ചെയ്തതെന്നും ഇവർക്കെതിരെയും ബൂത്ത് ലെവൽ ഓഫിസർക്കെതിരെയും പരാതി നൽകുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.

അതേസമയം, പിലാത്തറ എയുപി സ്കൂളിൽ പ്രവർത്തിച്ച 19 ാം നമ്പർ ബൂത്തിൽ വോട്ടില്ലാത്ത സിപിഎം പ്രാദേശിക നേതാക്കളും പഞ്ചായത്ത് അംഗവും ബൂത്തിലെത്തിയത് ഓപ്പൺ വോട്ടുചെയ്യാനാണ് എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ വിശദീകരണം. സിപിഎം കള്ളവോട്ട് ചെയ്യാറില്ല. കല്യാശേരി 17ാം നമ്പർ ബൂത്തിലെ 822ാം നമ്പർ വോട്ടറും ചെറുതാഴം പഞ്ചായത്ത് അംഗവുമായ എം.വി.സലീന സ്വന്തം വോട്ടിനു പുറമെ 19ാം നമ്പർ ബൂത്തിലെ 29ാം നമ്പർ വോട്ടറായ നഫീസയുടെ സഹായിയായി ഓപ്പൺ വോട്ട് ചെയ്തിട്ടുണ്ട്.

ഒരേ കെട്ടിടത്തിലാണ് 2 ബൂത്തുകളും പ്രവർത്തിക്കുന്നത്. പഞ്ചായത്ത് മുൻ അംഗമായ കെ.പി.സുമയ്യ കല്യാശ്ശേരി മണ്ഡലത്തിലെ 24ാം നമ്പർ ബൂത്തിലെ 315ാം നമ്പർ വോട്ടറാണ്. ഇവർ പിലാത്തറ യുപി സ്കൂളിലെ 19ാം നമ്പർ ബൂത്തിലെ ഏജന്റുമായിരുന്നു. ഈ ബൂത്തിലെ 301ാം നമ്പർ വോട്ടറായ സി.ശാന്ത ആവശ്യപ്പെട്ടത് അനുസരിച്ചാണ് അവരുടെ ഓപ്പൺ വോട്ട് ചെയ്തത്.

കല്യാശ്ശേരി മണ്ഡലത്തിലെ 19ാം നമ്പർ ബൂത്ത് എജന്റാണ് മൂലക്കാരൻ കൃഷ്ണൻ. ഈ ബൂത്തിലെ 189ാം നമ്പർ വോട്ടറായ കൃഷ്ണന്റെ ആവശ്യത്തെ തുടർന്ന് മൂലക്കാരൻ കൃഷ്ണനും ഓപ്പൺ വോട്ട് ചെയ്തു. 994ാം നമ്പർ വോട്ടറായ ഡോ: കാർത്തികേയനു വാഹനത്തിൽ നിന്ന് ഇറങ്ങാൻ പ്രയാസമായതിനാൽ പ്രിസൈഡിങ് ഓഫിസറെ അറിയിക്കുന്നതിനാണ് പിലാത്തറ പട്ടണത്തിലെ വ്യാപാരിയായ കെ.സി.രഘുനാഥ് ബൂത്തിന്റെ കതകിനു സമീപം പോയത്.

ഓപ്പൺ വോട്ടു ചെയ്യുന്നത് ആർക്കുവേണ്ടിയാണോ അവർ അടുത്തുണ്ടാകണം എന്ന ചട്ടം ചൂണ്ടിക്കാട്ടിയപ്പോൾ വോട്ടർ അടുത്തുണ്ടെന്നും ദൃശ്യങ്ങളിൽ കൃത്രിമം കാണിച്ചതാണെന്നുമായിരുന്നു ജയരാജന്റെ മറുപടി. ഓപ്പൺ വോട്ടു ചെയ്യുമ്പോൾ വലതു കൈവിരലിലാണു മഷി പുരട്ടുക. എന്നാൽ, ദൃശ്യങ്ങളിൽ ഇടതുകൈവിരലിൽ തന്നെയാണല്ലോ മഷി പുരട്ടുന്നതെന്ന ചോദ്യത്തിന് ജയരാജന്റെ മറുപടി ഇങ്ങനെ: ‘നിങ്ങൾ ഇപ്പോൾ പരിശോധിച്ചാൽ അവരുടെ രണ്ടു കയ്യിലെ വിരലിലും മഷിയടയാളം കാണാം’.

English Summary: Kerala CEO Teeka Ram Meena confirms bogus vote in Kasaragod Constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com