ADVERTISEMENT

പാലക്കാട്∙ സ്പിരിറ്റു കടത്തു കേസില്‍ എക്സൈസ് തിരയുന്ന സിപിഎം നേതാവ് അത്തിമണി അനിലിനെ സംരക്ഷിക്കുന്നതു ഉന്നതപൊലീസ് ഉദ്യോഗസ്ഥര്‍. എസ്ഐയെ ആക്രമിച്ച കേസുള്‍പ്പെടെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു. ജനതാദൾ എസ് പ്രവർത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൊഴിയുണ്ടായിട്ടും പൊലീസ് പ്രതിയാക്കിയില്ല. ‌അനിലിന്റെ ക്രൂരതയില്‍ കൈകാലുകൾക്കു ചലനശേഷി നഷ്ടപ്പെട്ട യുവാവ് നീതി തേടുകയാണ്. 

"എന്നെ ചവിട്ടി വീഴ്ത്തുകയായിരുന്നു. അവന്റെ കൈയിലുളള വാള്‍ എടുത്ത് വീശി. പിടിച്ചപ്പോള്‍ വിരല്‍ തെറിച്ചുപോയി. താഴെവീണു കിടക്കുമ്പോള്‍ കൈ ഒടിച്ചുപിടിച്ചു കൂടെയുള്ളവരോടു വെട്ടാന്‍ പറഞ്ഞു. അങ്ങനെയാണു വെട്ടിയത്"- സിനീഷ് പറയുന്നു

സിപിഎമ്മിന്റെ പ്രാദേശിക നേതാവായിരിക്കെ അത്തിമണി അനില്‍ നടത്തിയ ക്രൂരതയാണ് പെരുമാട്ടി കൊരിയാര്‍ചള്ളയില്‍ സിനീഷ് പറഞ്ഞത്. കൈകാലുകള്‍ വെട്ടിനുറുക്കിയതിലൂടെ ചലനശേഷി നഷ്ടപ്പെട്ടു രണ്ടുവര്‍ഷമായി വീടിനുളളില്‍ കഴിയുന്ന സിനീഷിന് ഇന്നേവരെ പൊലീസില്‍ നിന്നു നീതികിട്ടിയില്ല.

അത്തിമണി അനിലാണു തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് ആവര്‍ത്തിച്ചു പറഞ്ഞിട്ടും ചിറ്റൂര്‍ പൊലീസ് അനിലിനെ  പ്രതിയാക്കിയില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെയാണ് അനിലിനെ വളര്‍ത്തിയതും സംരക്ഷിക്കുന്നതും."അനില്‍ എന്നെ വെട്ടിയത് ഞാന്‍ കണ്ടതാണ്. അതുകൊണ്ട് ഇത് ആരോടു പറയാനും തയാറാണ്. ഞാന്‍ അന്നേ പറഞ്ഞതാണ്. പക്ഷേ കേസ് ചാര്‍ജ് ചെയ്യാത്തത് അന്നത്തെ സിഐ ഹംസയുടെ ഇടപെടല്‍ കൊണ്ടാണ്. അയാളുടെ ഇടപെടല്‍ കൊണ്ടാണ് അവന്‍ കേസില്‍നിന്നൊഴിവായത്. ഇനി എവിടേവേണമെങ്കിലും പറയാം"- സനീഷ് പറഞ്ഞു. 

ചിറ്റൂര്‍ എസ്ഐ എം.ജെ. ജിയോയെ ആക്രമിച്ച കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയത് അനിലിന്റെ രാഷ്ട്രീയ സ്വാധീനത്തിന്റെ തെളിവാണ്. സ്പിരിറ്റു കടത്തില്‍ സിപിഎമ്മില്‍ നിന്നു പുറത്താക്കിയതോടെ എക്സൈസിന് പിടികൊടുക്കാതെ അത്തിമണി അനില്‍ തമിഴ്‌‍നാട്ടിലേക്കു രക്ഷപെട്ടെന്നാണു വിവരം.

English Summary:  Spirit haul: Former CPM branch secretary is an accused in attempt of  murder and violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com