sections
MORE

കോൺഗ്രസ് മിന്നലാക്രമണം കടലാസിലും വിഡിയോ ഗെയിമിലും: പരിഹസിച്ച് മോദി

Narendra Modi Speech
സിക്കറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മോദി പ്രസംഗിക്കുന്നു. ചിത്രം എഎൻഐ.
SHARE

ജയ്‌പൂർ ∙ യുപിഎ ഭരണകാലത്തു 6 തവണ മിന്നലാക്രമണം നട‌ത്തിയിരുന്നുവെന്ന കോൺഗ്രസ് വെളിപ്പെടുത്തലിനെ പരിഹസിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. കടലാസില്‍ മാത്രം മിന്നലാക്രമണം നടത്താന്‍ കോണ്‍ഗ്രസിനെ കൊണ്ടു മാത്രമേ സാധിക്കൂവെന്നു മോദി പരിഹസിച്ചു. കടലാസിലും വിഡിയോ ഗെയിമിലും ആണ് മിന്നലാക്രമണങ്ങൾ നടത്തിയതെങ്കിൽ അതിന്റെ എണ്ണം ആറ് ആയാലും 25 ആയാലും പറഞ്ഞിട്ടു കാര്യമില്ലെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ സിക്കറില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് മോദി കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ചത്.

‘ഇന്നലെ കോണ്‍ഗ്രസ് മിന്നലാക്രമണം നടത്തിയെന്നു പറഞ്ഞ് ആറ് തീയതികൾ പുറത്തുവിട്ടു. എന്തു തരം സര്‍ജിക്കല്‍ സ്‌ട്രൈക്കാണിത്. തീവ്രവാദികള്‍ക്കോ നടത്തിയവര്‍ക്കോ പാക്കിസ്ഥാൻ സര്‍ക്കാരിനോ അതേപ്പറ്റി അറിയില്ല. എന്തിന് ഇന്ത്യക്കാര്‍ക്കു പോലും അറിയില്ല. റിമോട്ട് കണ്‍ട്രോള്‍ ഭരണകാലത്ത് സ്ട്രൈക്ക് എന്നൊരു വാക്ക് വാർത്തയിലൂടെ എങ്കിലും ജനങ്ങൾ കേട്ടിട്ടുണ്ടോ?. 2016ലെ മിന്നലാക്രമണത്തെ അവരാദ്യം പരിഹസിച്ചു, പിന്നെ പ്രതിഷേധിച്ചു. ഇപ്പോള്‍ പറയുന്നു ഞാനും ഞാനും , ഇതൊരു  വിഡിയോ ഗെയിം അല്ല– മോദി പരിഹസിച്ചു. 

സ്വാതന്ത്ര്യം നേടി ദശാബ്ദങ്ങൾ കഴിഞ്ഞിട്ടും ഇന്ത്യയെ പാമ്പാട്ടികളുടെ നാടായി ചിത്രീകരിക്കാനാണു കോൺഗ്രസ് ശ്രമിക്കുന്നതെന്നു മോദി കുറ്റപ്പെടുത്തി. റായ്‌ബറേലിയിൽ പ്രിയങ്ക ഗാന്ധി പാമ്പാട്ടികൾക്കൊപ്പം സമയം പങ്കിടുന്ന വിഡിയോ ചൂണ്ടിക്കാട്ടിയാണു വിമർശനം. വ്യാഴാഴ്ച കോണ്‍ഗ്രസ് നേതാവായ രാജീവ് ശുക്ലയാണ് യുപിഎ കാലത്തു നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കുകളുടെ തീയതി പുറത്തുവിട്ടത്. ദേശസുരക്ഷയുടെ ക്രെഡിറ്റ് ബിജെപിയെടുക്കുന്നത് അവസാനിപ്പിക്കണമെന്നും എല്ലാ സര്‍ക്കാരുകളും ചെയ്ത കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സൈനിക നടപടികൾ തിരഞ്ഞെടുപ്പു പ്രചാരണ‌ത്തിന് ഉപയോഗിക്കുന്നതു പ്രതിരോധിക്കാനാണ് കോൺ‌ഗ്രസ് രംഗ‌ത്തെത്തിയത്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ നടത്തിയതിനു പുറമേ, എ.ബി. വാജ‌്പേയിയുടെ കാലത്തും 2 മിന്നലാക്രമണം നടത്തിയിരുന്നു. അപ്പോഴൊന്നും സൈനിക നീക്കങ്ങളെക്കുറിച്ചു പത്രസമ്മേളനം വിള‌ിച്ചു രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കാൻ ശ്രമിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് വക്താവ് രാജീവ് ശുക്ല പറഞ്ഞത്. യുപിഎ കാലത്തു ഒട്ടേറെ തവണ മിന്നലാക്രമണം നടത്തിയിരുന്നതായി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് കഴിഞ്ഞദിവസം വെളിപ്പെടു‌ത്തിയിരുന്നു. ഇതിനു പിന്നാലെയാണു തീയതി അടക്കം വെ‌ളിപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തിയത്.

2008 ജൂൺ 19നു പൂഞ്ച് മേഖലയിലെ ഭട്ടാലിലായിരുന്നു യുപിഎ കാല‌ത്തെ ആദ്യ മിന്നലാക്രമണം. ഇതിനു പിന്നാലെ, 2011 സെപ്റ്റംബർ 30നു കെല്ലിലെ നീലം വാലി, 2013 ജനുവരി 6 നു സവ്വാൻ പത്ര ചെക്ക് പോസ്റ്റ്, 2013 ജൂലൈ 27–28 നു നസാപിർ സെക്ടർ, 2013 ഓഗസ്റ്റ് ആറിനും ഡിസംബർ 23നും വീണ്ടും നീലം വാലി എന്നിങ്ങനെ മിന്നലാക്രമണം നടത്തിയിട്ടുണ്ടെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. വാജ്പേയിയുടെ കാലത്തു 2000 ൽ നഡാല എൻക്ലേവിലും 2003ൽ പൂ‌ഞ്ചിലെ ബാരോ മേഖലയിലും സമാന സൈനികനീക്കം നടന്നതായും ശ്ലുക വ്യക്തമാക്കിയിരുന്നു.

English Summary: Not A Video Game": PM Modi Jibe At Congress Surgical Strikes Claim

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA