ADVERTISEMENT

തൃശൂർ∙ കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാൻ അനുവദിക്കില്ലെന്ന സൂചനയുമായി വനം മന്ത്രി കെ.രാജു. സാമൂഹ മാധ്യമമായ ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് ഈ സൂചന നൽകുന്നത്. ഇതോടെ ആന ഉടമകളും സർക്കാരും തമ്മിലുള്ള യുദ്ധം പരസ്യമായി. ഈ ആനയെ എഴുന്നള്ളിക്കാൻ അനുവദിച്ചില്ലെങ്കിൽ ഇനിയുള്ള ഉത്സവങ്ങൾക്ക് ആനകളെ നൽകിയില്ലെന്നു ആന ഉടമസ്ഥ സംഘം മുന്നറിയിപ്പു നൽകിയിരുന്നു.

വനം മന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ‍ എന്ന ആനയ്ക്കു രേഖകൾ പ്രകാരം 54 വയസ്സ് കഴിഞ്ഞതായി കാണുന്നുണ്ടെങ്കിലും അതിന് അതിലേറെ പ്രായമുള്ളതായി പരിശോധനയിൽ മനസ്സിലായിട്ടുണ്ട്. അതു ദഹന സംബന്ധമായ പ്രശ്‌നങ്ങൾ‍ ഉള്ളതും പ്രായം ചെന്നതു കാരണം സാധാരണ നിലയിലുള്ള കാഴ്ച ശക്തി ഇല്ലാത്തതുമാണ്. വലതുകണ്ണിനു തീരെ കാഴ്ചയില്ലാത്തതിനാൽ ഒറ്റ കണ്ണ് കൊണ്ട് പരിസരം കാണേണ്ട അവസ്ഥയിലുള്ള ഈ ആനയെ അമിതമായി ജോലിഭാരം ഏല്‍പ്പിച്ചു കൊണ്ട് ഉടമസ്ഥർ‍ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. അതിന്റെ കാഴ്ചശക്തി കുറവു കാരണം എല്ലാ വശങ്ങളിലുമായി 4 പാപ്പാന്‍മാരുടെ സഹായത്തിലാണ് അതിനെ ഉത്സവങ്ങളിൽ എഴുന്നള്ളിക്കാറുണ്ടായിരുന്നത്.

ഇതൊക്കെയായിട്ടും അതു പല തവണ അക്രമാസക്തമായിട്ടുണ്ട്. 2009 മുതലുള്ള കണക്കുകൾ‍‍ മാത്രം പരിശോധിച്ചാൽ‍ അത് 7 പേരെ കൊലപ്പെടുത്തിയിട്ടുണ്ട്. അതു കൂടാതെ തിരുവമ്പാടി ചന്ദ്രശേഖരൻ‍, കൂനത്തൂർ‍ കേശവൻ‍‍ എന്നീ നാട്ടാനകളെ കുത്തി കൊലപ്പെടുത്തിയിട്ടുമുണ്ട്. ഏറ്റവുമൊടുവിലായി 08-02-19ൽ‍ രണ്ട് ആളുകളെ കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഈ ആനയെ എഴുന്നെള്ളിക്കുന്നതിനു നിയന്ത്രണം ഏർ‍പ്പെടുത്തിയത്. മരണപ്പെട്ടവരുടെ ആശ്രിതർക്ക് ആനയുടമകൾ‍ നല്‍കേണ്ട നഷ്ടപരിഹാരമോ ഇന്‍ഷുറന്‍സ് തുകയോ പോലും പല കേസുകളിലും ഇനിയും നല്‍കിയിട്ടില്ലെന്നതാണു വസ്തുത.

തെച്ചിക്കോട്ടുകാവു രാമചന്ദ്രൻ (ഫയൽ ചിത്രം)
തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ (ഫയൽ ചിത്രം)

ഇത്രയും അക്രമ സ്വഭാവമുള്ള ആനയെ തലയെടുപ്പിന്റെ മികവു കൊണ്ടു മാത്രം തൃശ്ശൂർ‍ പൂരം പോലുള്ള ഒരു ഉത്സവത്തിന് എഴുന്നെള്ളിച്ചാൽ‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ട് വളരെ വലുതായിരിക്കും. അമ്പലപരിസരം മുഴുവൻ‍ തിങ്ങി നിറഞ്ഞിരിക്കുന്ന ആളുകളിൽ‍ എഴുന്നള്ളിച്ചു നിൽ‍ക്കുന്ന ഈ ആനയുടെ ഒരു ചെറിയ പിണക്കമോ പ്രതികരണമോ പോലും വലിയ ദുരന്തമായി മാറാൻ‍ സാദ്ധ്യതയുണ്ട്. അപകടകാരികളായ ഇത്തരം ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നെള്ളിച്ചു കൊണ്ടു വരുന്നതു സൃഷ്ടിക്കാവുന്ന ദുരന്തം പറഞ്ഞറിയിക്കാൻ‍‍ കഴിയാത്തതാണ്.

ഈ ആനയെ സംബന്ധിച്ചു വിദഗ്ധരായ ആളുകൾ‍ ഉൾപ്പെട്ട ഒരു സമിതി പരിശോധിച്ച് ചീഫ് വൈൽ‍ഡ്‌ലൈഫ് വാർ‍ഡനു റിപ്പോർ‍ട്ട് സമർ‍പ്പിക്കുകയും ആയതിന്റെ അടിസ്ഥാനത്തിൽ‍ ഇതിനെ എഴുന്നെള്ളിക്കുന്നത് അഭികാമ്യമല്ല എന്ന് ചീഫ് വൈൽ‍ഡ്‌ലൈഫ് വാർ‍ഡൻ‍‍ റിപ്പോർ‍ട്ട് ചെയ്തിട്ടുള്ളതുമാണ്.

ഈ ആനയെ എഴുന്നള്ളിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള അധികാരം ജില്ലാ കലക്ടർ‍ക്കാണ്.

ഇക്കാര്യത്തിൽ‍ കേവലം ആവേശ പ്രകടനങ്ങൾക്കല്ല ജന നന്മ ലക്ഷ്യമാക്കി, ജനങ്ങൾ‍ക്ക് അപകടമുണ്ടാവാതിരിക്കാനുള്ള മുൻ‍കരുതലുകൾക്കാണു സർ‍ക്കാർ‍ പ്രാധാന്യം കൊടുക്കുന്നത്. ഉത്സവങ്ങളും പൂരങ്ങളുമെല്ലാം മുൻ‍‍വർ‍ഷങ്ങളിലെപ്പോലെ തന്നെ യാതൊരു തടസ്സവും കൂടാതെ നടത്തുന്നതിനുള്ള തീരുമാനമാണു സർ‍ക്കാർ‍ സ്വീകരിച്ചു നടപ്പാക്കുന്നത്.

ഈ വിഷയം സംബന്ധിച്ചു സാമൂഹ മാധ്യമങ്ങളിലും മറ്റും വലിയതോതിലുള്ള വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. എത്ര അപകടകാരിയായ ആനയായാലും അതിനെ എഴുന്നള്ളിച്ച് കോടികൾ‍ സമ്പാദിക്കണമെന്ന് ആഗ്രഹമുള്ള, ജനങ്ങളുടെ ജീവന് അൽ‍പ്പവും വില കൽ‍പ്പിക്കാത്ത നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് ഇത്തരം പ്രചരണങ്ങൾ‍ക്കു പിന്നിൽ‍. ഇതു മനസ്സിലാക്കി ജനങ്ങൾ ഇത്തരം വ്യാജപ്രചരണങ്ങളിൽ വഞ്ചിതരാകരുതെന്ന് അഭ്യർ‍ത്ഥിക്കുന്നു.

English Summary: Thechikottukavu Ramachandran, Forest Minister K Raju Facebook Post, Thrissur Pooram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com