ADVERTISEMENT

കൊല്‍ക്കത്ത ∙ ബംഗാളില്‍ ഏതുവിധത്തിലും മമത ബാനര്‍ജിയുടെ അപ്രമാദിത്വം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിയുമായി കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്. താഴെത്തട്ടില്‍ നിശബ്ദമായി ബിജെപിക്കു വേണ്ടി സിപിഎം അണികള്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏപ്രില്‍ 11 മുതല്‍ മേയ് 19 വരെയാണ് ബംഗാളിൽ തിരഞ്ഞെടുപ്പ്. പല ബൂത്തുകളിലും ബിജെപി- സിപിഎം ധാരണ നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തൃണമൂല്‍ കോണ്‍ഗ്രസിനെ അപേക്ഷിച്ച് പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍ ബിജെപിയുടെ സംഘടനാ സംവിധാനം ദുര്‍ബലമാണ്. സിപിഎമ്മിനു പ്രാതിനിധ്യമുളള പ്രദേശങ്ങളില്‍ പല പോളിങ് ബൂത്തുകളിലും സിപിഎം പ്രവര്‍ത്തകരാണ് ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു സഹായം നല്‍കുന്നത്. തൃണമൂല്‍ പ്രവര്‍ത്തകരില്‍നിന്നു കൊടിയ പീഡനം ഏറ്റുവാങ്ങേണ്ടിവരുന്ന സിപിഎമ്മുകാരാണ് മമതയെ പാഠം പഠിപ്പിക്കാനായി ബിജെപിയുമായി കൈകോര്‍ക്കുന്നത്. 

പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ സിപിഎമ്മും ബിജെപിയും പലയിടങ്ങളിലും ധാരണയില്‍ മല്‍സരിക്കുന്നുണ്ടെന്നു ഇരുപാര്‍ട്ടികളുടെയും പ്രാദേശിക നേതൃത്വം സമ്മതിച്ചത് വന്‍വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ തൃണമൂല്‍ പ്രചരിപ്പിക്കുന്ന കല്ലുവച്ച  നുണ മാത്രമാണെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതറാം യച്ചൂരി പറഞ്ഞത്. 

സംസ്ഥാനം ഭരിക്കുന്ന തൃണമൂലിനെതിരെ പ്രതിപക്ഷ കക്ഷികള്‍ക്ക് ഒറ്റയ്‌ക്കൊറ്റയ്ക്കു പിടിച്ചുനില്‍ക്കാനുള്ള സാഹചര്യമില്ലാത്ത പ്രദേശങ്ങളില്‍ ലോക്സഭയിലും ഈ നീക്കുപോക്കുകള്‍ ആവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. കൊല്‍ക്കത്തയിലെ ഉത്തര്‍ മണ്ഡലത്തില്‍ 1862 പോളിങ് ബൂത്തുകള്‍ ആണ് ആകെയുളള ഉള്ളത്. എന്നാല്‍ 500 ഓളം തിരഞ്ഞെടുപ്പ് ഏജന്റുമാരേ ബിജെപിക്ക് ഇവിടെ ഉള്ളൂ. ബാക്കിയുള്ള ബൂത്തുകളില്‍ സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ സഹായം ലഭിക്കുന്നതായി ദേശീയമാധ്യമങ്ങള്‍ പറയുന്നു.

വീടുകള്‍ കയറിയുളള പ്രചാരണത്തിനും മുദ്രവാക്യങ്ങള്‍ മുഴക്കാതെയുളള നിശബ്ദ പ്രചാരണത്തിനും ബിജെപിക്കു സിപിഎമ്മിന്റെ പിന്തുണയുണ്ട്.  ബിജെപിക്കു ഇലക്ഷന്‍ എജന്റില്ലാത്ത സ്ഥലങ്ങളില്‍ സിപിഎം പ്രവര്‍ത്തകരുടെ സഹായം ലഭിക്കുന്നുണ്ട്. ബിജെപിയെ സംബന്ധിച്ചിടത്തോളം ബംഗാളിലെ തിരഞ്ഞെടുപ്പ് ഫലം വളരെ നിര്‍ണായകമാണ്. ഉത്തര്‍പ്രദേശും (80) മഹാരാഷ്ട്രയും (48) കഴിഞ്ഞാല്‍ കൂടുതല്‍ (42) സീറ്റുകളുള്ള ബംഗാള്‍ വോട്ടെടുപ്പിലെ മൂന്നാമത്തെ പ്രബല മേഖലയാണ്.

ഹിന്ദി ബെല്‍റ്റുകളില്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍ക്കു പകരം വയ്ക്കാന്‍ ബിജെപി നോട്ടമിടുന്നത് ബംഗാളിനെയാണ്. 33 വര്‍ഷത്തെ ഭരണത്തിനു ശേഷം 2011 ല്‍ അധികാരം നഷ്ടപ്പെട്ട ശേഷം പിന്നീട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിന്റെ വോട്ട് വിഹിതത്തില്‍ വലിയ കുറവാണ് ഉണ്ടായത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റിൽ മാത്രമാണ് സിപിഎം വിജയിച്ചത്.

2011 ലെ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതം 39.6 ശതമാനമായിരുന്നു. ബിജെപിയുടേത് 4.06 ശതമാനവും. എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതം 25.6 ശതമാനമായി കുറഞ്ഞു. ബിജെപിയുടെത് 10.28 ശതമാനമായി വര്‍ധിച്ചു.

2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെയും തൃണമൂലിന്റെയും വോട്ട് വിഹിതം  വര്‍ധിക്കുകയാണ് ചെയ്തത്. അതുകൊണ്ട് തന്നെ സിപിഎം വോട്ടുകളാണ് ബിജെപിയിലേക്ക് പോകുന്നതെന്ന വിലയിരുത്തലുകളാണ് കൂടുതല്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ട് വിഹിതം 17 ശതമാനമായിരുന്നു. ഇടതുപക്ഷത്തിന്റെത് 30 ശതമാനവും.

English Summary: CPM cadres silently help BJP in fight against Mamata Banerjee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com