ADVERTISEMENT

കൊച്ചി∙ കൊമ്പന്‍  തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ആനയെ തൃശൂർ പൂരത്തലേന്ന് എഴുന്നളളിക്കാൻ അനുവദിക്കമെന്ന ഹർജിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. ഈ വിഷയത്തിൽ കലക്ടർ അധ്യക്ഷനായ, ഡിഎ​ഫ്ഒയും ഡോക്ടർമാരും ഉൾപ്പെട്ട നാട്ടാന പരിപാലന നിരീക്ഷണക്കമ്മറ്റിക്കാണ് വിദഗ്ധ അഭിപ്രായം ​ഉള്ളത്, ഹൈക്കോടതിക്ക് വിദഗ്​ധ അഭിപ്രായം നൽകാനുള്ള സംവിധാനം ഇല്ല എ​ന്നു ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

രാവിലെ കേസ് പരിഗണിക്കുമ്പോൾ തന്നെ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കോടതിയല്ല, പകരം വിദഗ്ധ സമിതിയാണ് ​എ​ന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കോടതി ഇടപെടില്ലെന്നു വ്യക്തമാക്കിയതോടെ വിഷയത്തില്‍ അന്തിമതീരുമാനം ഇന്നുണ്ടാകും. കലക്ടര്‍ അധ്യക്ഷനായ സമിതി ഇന്ന് ഉച്ചയോടെ തീരുമാനം അറിയിക്കും. ആനയ്ക്കു വിലക്കേര്‍പ്പെടുത്തിയ തൃശൂര്‍ കലക്ടറുടെ നടപടി ചോദ്യം ചെയ്തായിരുന്നു ഹര്‍ജി. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിൽ പ്രതിഷേധിച്ച് തൃശൂർ പൂരത്തിന് ആനകളെ നൽകില്ലെന്ന നിലപാടിലാണ് ഉടമകൾ. കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് തെച്ചിക്കോട്ടുകാവ് ദേവസ്വം ഉടമകൾ കോടതിയെ സമീച്ചത്. വനം ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ ഗൂഢാലോചനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കിനു പിന്നിലെന്നാണ്  ആരോപണം.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കാതെ പൂരത്തിനും മറ്റു പൊതുപരിപാടികള്‍ക്കും ആനകളെ നല്‍കില്ലെന്ന് ആന ഉടമകള്‍ തീരുമാനമെടുത്തതോടെയാണ് പൂരം പ്രതിസന്ധിയിലായത്. തുടര്‍ന്നു മന്ത്രിമാരും ആനയുടമകളും തമ്മില്‍ ചര്‍ച്ച നടത്തിയെങ്കിലും കോടതിവിധിക്കായി കാത്തിരിക്കുകയായിരുന്നു. 

പൂരത്തില്‍ ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്കു വിലക്കുണ്ടെന്ന് തൃശൂര്‍ കലക്ടര്‍ ടി.വി. അനുപമ ഇന്നലെ വ്യക്തമാക്കിയിരുന്നു. നീരുള്ളതിനും അപകടസാധ്യതയുളളതിനും വിലക്ക് ബാധകമാണന്നും കലക്ടര്‍ അറിയിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ല. ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണന്നും അനുപമ പറഞ്ഞു. ഈ മാസം 12 മുതല്‍ 14 വരെയാണു വിലക്ക് നിലനില്‍ക്കുക. ഇത്തരം ആനകളെ ഒഴിവാക്കിയാണു ദേവസ്വങ്ങളുടെ പട്ടിക തയാറാക്കിയതെന്നും കലക്ടര്‍ പറഞ്ഞു.

തൃശൂര്‍ പൂരം മനോഹരമായി നടത്താനുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ജനങ്ങള്‍ക്കും ആന ഉടമകളുടെ സംഘടനയ്ക്കും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതായി ചര്‍ച്ചകള്‍ക്കു ശേഷം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചിരുന്നു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ ആനകളെ പൂരത്തിന് വിട്ടുനല്‍കില്ലെന്ന ആന ഉടമകളുടെ നിലപാടിനെത്തുടര്‍ന്നാണു സര്‍ക്കാര്‍ യോഗം വിളിച്ചത്. എല്ലാ പ്രശ്‌നങ്ങളും തുറന്ന മനസ്സോടെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്നു കടകംപള്ളി പറഞ്ഞു. വനംവകുപ്പ് ആനപരിപാലത്തില്‍ സ്വീകരിക്കുന്ന നിലപാടുകളെ സംബന്ധിച്ച് ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തില്ല. അതു വലിയ പ്രശ്‌നമായതിനാല്‍ മുഖ്യമന്ത്രി വന്നശേഷം ചര്‍ച്ച ചെയ്തു തീരുമാനിക്കും - കടകംപള്ളി പറഞ്ഞു.

പൂരത്തിന് ആനകളെ എഴുന്നള്ളിക്കില്ലെന്ന നിലപാടില്‍നിന്ന് ആനയുടമകള്‍ പിന്‍മാറും എന്നാണ് വിശ്വസിക്കുന്നതെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞിരുന്നു. 

യോഗത്തില്‍ പോസിറ്റീവായാണ് ആനയുടമകള്‍ പ്രതികരിച്ചത്. സര്‍ക്കാര്‍ വിശ്വാസങ്ങളെ മാനിക്കുന്നു. പൂരം പൊലിമയോടെ നടക്കണം. മുഖ്യമന്ത്രി വന്നശേഷം ബാക്കി തീരുമാനങ്ങളെടുക്കും. പൂരത്തിന്റെ കാര്യത്തില്‍ പ്രതിസന്ധി ഇല്ല. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കില്ല. പൂരത്തിനു തലേദിവസം നടക്കുന്ന ചടങ്ങിലാണു രാമചന്ദ്രന്‍ കുറച്ചുനേരം പങ്കെടുക്കുന്നത്. അതിനുള്ള അപേക്ഷ കലക്ടറുടെ കമ്മിറ്റിയാണ് പരിഗണിക്കേണ്ടത്. സര്‍ക്കാരിനു തീരുമാനിക്കാന്‍ കഴിയില്ല. ഉചിതമായ തീരുമാനം കലക്ടര്‍ എടുക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.

സര്‍ക്കാരുമായി പോസിറ്റീവായ ചര്‍ച്ചയാണ് നടന്നതെന്നും മറ്റു കാര്യങ്ങള്‍ നാളെ കമ്മിറ്റി കൂടി തീരുമാനിക്കുമെന്നും ആന ഉടമകളുടെ സംഘടനയെ പ്രതിനിധീകരിച്ചെത്തിയ എംഎല്‍എ കെ.ബി.ഗണേഷ് കുമാര്‍ പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ കോടതി വിധി വരാനുണ്ട്. നിയമപ്രശ്‌നങ്ങളുമുണ്ട്. വനംവകുപ്പാണ് ഇപ്പോള്‍ പ്രശ്‌നങ്ങളുണ്ടാക്കിയത്. വനംവകുപ്പിന്റെ നിലപാടുകള്‍ കാരണം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു മാത്രമല്ല മറ്റു ആനകള്‍ക്കും ഉത്സവത്തില്‍ പങ്കെപ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. തീരെ നിവൃത്തിയില്ലാത്തതിനാലാണ് ആനയുടമകള്‍ക്ക് കടുത്ത നിലപാട് എടുക്കേണ്ടിവന്നത്.

തൃശൂര്‍ പൂരത്തിന് സ്വകാര്യ വ്യക്തികള്‍ സൗജന്യമായാണ് ആനയെ കൊടുക്കുന്നത്. വലിയ ലാഭം ഇതിലൂടെ ഉണ്ടാകുന്നുവെന്ന പ്രചാരണം തെറ്റാണ്. തെച്ചികോട്ടുകാവ് രാമചന്ദ്രന് ദിവസം ഒരു ടണ്‍ പട്ട വേണം. 36 ലക്ഷം രൂപയാണ് ഒരു വര്‍ഷം പരിപാലനത്തിനായി ചെലവാക്കുന്നത്. 4 പാപ്പാന്‍മാര്‍ക്കു ശമ്പളം കൊടുക്കുന്നുണ്ട്. രാമചന്ദ്രനു കണ്ണിനു കാഴ്ചയില്ലെന്നു പറയുന്നതു ശരിയല്ല. ഭാഗികമായി കാഴ്ചയ്ക്ക് പ്രശ്‌നങ്ങളുണ്ട്. 90 ആന തൃശൂര്‍ പൂരത്തിനു വേണ്ടിവരും. അത്രയും ആന ദേവസ്വം ബോര്‍ഡിന് ഉണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് പരിശോധിക്കാം- ഗണേഷ് പറഞ്ഞു.

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ആനയുടമകളുടെയും സംയുക്ത യോഗത്തിന്റെ തീരുമാനം മന്ത്രി കെ.രാജു അട്ടിമറിച്ചെന്നു ഗണേഷ് ആരോപിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ ജില്ലയില്‍ ആഴ്ചയില്‍ മൂന്നു ദിവസം എഴുന്നള്ളിക്കാമെന്നായിരുന്നു രാജു കൂടി പങ്കെടുത്ത യോഗത്തിന്റെ തീരുമാനം. പിന്നീട് കൂടിയാലോചനകളില്ലാതെ വനംമന്ത്രി തീരുമാനം മാറ്റി. വിഷയത്തില്‍ രാജുവിന്റെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്നും ആന ഉടമ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ ഗണേഷ് പറഞ്ഞു.

കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ഉടമസ്ഥയിലുള്ള രാമചന്ദ്രന്‍. അമ്പത് വയസിലേറെ പ്രായമുള്ള ആനക്ക് കാഴ്ചശക്തി കുറവാണ്. കേരളത്തിൽ 'ഏകഛത്രാധിപതി' പട്ടമുള്ള ഏക ആനയും തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. ആറ് പാപ്പാൻമാരും നാല് സ്ത്രീകളും ഒരു വിദ്യാർത്ഥിയും ഉൾപ്പെടെ 13 പേരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഇടഞ്ഞോടിയതിനിടെ ഇതുവരെ മരണപ്പെട്ടത്. 1984 ലാണ് തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിൽ ആനയെ നടക്കിരുത്തുന്നത്. പിന്നീട് അഞ്ചു കൊല്ലത്തിനിടെ ആറ് പാപ്പാൻമാരെയാണ് രാമചന്ദ്രൻ കൊലപ്പെടുത്തിയത്. ഈ പശ്ചാത്തലത്തിലാണ് ആനയെ എഴുന്നള്ളിക്കുന്നതിന് വിലക്കുമായി വനം മന്ത്രിയും കലക്ടറുമുൾപ്പെടെയുള്ളവർ രംഗത്തു വന്നത്.

English Summary : Thechikkottukavu Ramachandran Trichur Pooram Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com