ADVERTISEMENT

നാടകീയ നീക്കങ്ങൾകൊണ്ടും രാഷ്ട്രീയ അസ്ഥിരതകൊണ്ടും കുതിരക്കച്ചവടംകൊണ്ടും കർണാടക പോലെ ഈ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രമായ മറ്റൊരു ഇന്ത്യൻ സംസ്ഥാനമുണ്ടോ? സംശയമാണ്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും കർണാടക രാഷ്ട്രീയത്തിന്റെ കൂടപ്പിറപ്പായ നാടകീയതയ്ക്കു കുറവുണ്ടായില്ല. മേയ് 23ന് രാജ്യമൊട്ടാകെ തിരഞ്ഞെടുപ്പു ഫലം പ്രഖ്യാപിക്കാനിരിക്കെ, ആകാംക്ഷയിലും ആശങ്കയിലും മറ്റു സംസ്ഥാനങ്ങളേക്കാൾ ബഹുദൂരം മുന്നിലാണ് കർണാടക.

നൂൽപ്പാലത്തിലൂടെ മുന്നേറുന്ന കർണാടകയിലെ ജനതാദൾ എസ് – കോൺഗ്രസ് സഖ്യകക്ഷി സർക്കാരിനെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ തിരഞ്ഞെടുപ്പു ഫലം. നടന്നത് ലോക്സഭാ തിരഞ്ഞെടുപ്പാണെങ്കിലും കർണാടകയിലെ തിരഞ്ഞെടുപ്പു ഫലം ദേശീയ രാഷ്ട്രീയത്തേക്കാൾ സംസ്ഥാന രാഷ്ട്രീയത്തിലെ ഗതിവിഗതികളെയാകും സ്വാധീനിക്കുക! കർണാടക രാഷ്ട്രീയത്തിലെ ത്രിമൂർത്തികളായ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, ബി.എസ്. യെഡിയൂരപ്പ എന്നിവരുടെ രാഷ്ട്രീയ ഭാവിയെപ്പോലും സ്വാധീനിക്കും, ഈ ഫലം.

ഇത്തവണത്തെ ഫലപ്രഖ്യാപനത്തോടെ കോൺഗ്രസ് - ദൾ സർക്കാരിനെ താഴെയിറക്കാനുള്ള ‘ഓപ്പറേഷൻ താമര’ പദ്ധതി വീണ്ടും സജീവമാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ സൂചന നൽകുകയും ചെയ്തിട്ടുണ്ട്. മേയ് 24നു താൻ വീണ്ടും മുഖ്യമന്ത്രിയാകുമെന്നാണ് ശിവമൊഗ്ഗയിൽ വോട്ട് ചെയ്തശേഷം യെഡിയൂരപ്പ പ്രതികരിച്ചത്.

കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും ജെഡിഎസ് നേതാവ് എച്ച്.ഡ‍ി. ദേവെഗൗഡയും (ഫയൽ ചിത്രം)
കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും ജെഡിഎസ് നേതാവ് എച്ച്.ഡ‍ി. ദേവെഗൗഡയും (ഫയൽ ചിത്രം)

∙ വോട്ടെടുപ്പ് രണ്ടു ഘട്ടം, പോളിങ്ങിൽ വർധന

രണ്ടു ഘട്ടങ്ങളായാണു കർണാടകയിൽ വോട്ടെടുപ്പു നടന്നത്. ഇരു ഘട്ടങ്ങളിലുമായി 68 ശതമാനത്തിലധികം പോളിങ്ങാണു സംസ്ഥാനത്തു രേഖപ്പെടുത്തിയത്. 2014ൽ 67.28 ശതമാനമായിരുന്ന സ്ഥാനത്താണിത്. ഏപ്രിൽ 18ന് രാജ്യവ്യാപകമായി നടന്ന രണ്ടാം ഘട്ടത്തിലാണ് കർണാടകയിലെ ആദ്യഘട്ട വോട്ടെടുപ്പു നടന്നത്. ആകെ 28 മണ്ഡലങ്ങളുള്ള കർണാടകയിലെ 14 മണ്ഡലങ്ങളിലാണ് 18ന് വോട്ടെടുപ്പു നടന്നത്. ആദ്യഘട്ട വോട്ടെടുപ്പിൽ രേഖപ്പെടുത്തിയത് 68.81% പോളിങ്. 2014ലെ തിരഞ്ഞെടുപ്പിൽ ഈ മണ്ഡലങ്ങളിലെ പോളിങ് ശരാശരി 68.60% ആയിരുന്നു. ആദ്യഘട്ടത്തിൽ 13 മണ്ഡലങ്ങളിലും മൽസരിച്ച ബിജെപി, മണ്ഡ്യയിൽ സ്വതന്ത്ര സ്ഥാനാർഥി സുമലതയെ പിന്തുണച്ചു. കോൺഗ്രസ് 10 സീറ്റിലും ജെഡിഎസ് നാലു സീറ്റിലും മൽസരിച്ചു.

മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകൻ നിഖിൽ ഗൗഡ സുമലതയെ നേരിട്ട മണ്ഡ്യയിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് – 80.23%. 2014ൽ ഈ 14 സീറ്റുകളിൽ ആറിടത്തു വീതം കോൺഗ്രസും ബിജെപിയും രണ്ടിടത്ത് ജെഡിഎസുമാണ് ജയിച്ചത്. ഏറ്റവും കുറവ് ബെംഗളൂരു സെൻട്രലിൽ - 50.84%. ദൾ ദേശീയ അധ്യക്ഷൻ ദേവെഗൗഡ മത്സരിച്ച തുമക്കൂരുവിൽ 77.11% പോളിങ് രേഖപ്പെടുത്തി.

23നു നടന്ന മൂന്നാം ഘട്ടത്തിലാണ് കർണാടകയിലെ ബാക്കി 14 മണ്ഡലങ്ങളിലെ വോട്ടെടുപ്പു നടന്നത്. 68.45 ശതമാനമാണ് ഈ ഘട്ടത്തിലെ പോളിങ്. വടക്കൻ കർണാടകയിലെ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു ഈ ഘട്ടത്തിലെ വോട്ടിങ്. ഇതിൽ കലബുറഗി, റായ്ച്ചൂർ, ബീദർ, കൊപ്പാൾ, ബെള്ളാരി എന്നിവ ഹൈദരാബാദ് കർണാടക മേഖലയിലും ചിക്കോഡി, ബെളഗാവി, ബാഗൽക്കോട്ട്, വിജയപുര, ഹാവേരി, ധാർവാഡ് എന്നിവ മുംബൈ കർണാടകയിലും ദാവനഗെരെ മധ്യ മേഖലയിലും ഉത്തര കന്നഡ തീരദേശത്തും ശിവമൊഗ്ഗ മലനാട്ടിലും ഉൾപ്പെടുന്നു. വിജയപുരയിലും ഉത്തര കന്നഡയിലും ദളും മറ്റുള്ളവയിൽ കോൺഗ്രസും ബിജെപിക്കെതിരെ മൽസരിച്ചു.

yeddyurappa-kumaraswamy-sumalatha
ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, മണ്ഡ്യയിലെ സ്ഥാനാർഥി സുമലത.

∙ നിഖിൽ ഗൗഡ തോൽക്കുമോ?

കർണാടകയിലെ താരമണ്ഡലങ്ങളിലൊന്നായ മണ്ഡ്യയിലെ ജനവിധി എന്താകുമെന്ന ആകാംക്ഷ ദേശീയ രാഷ്ട്രീയത്തിൽ പോലുമുണ്ട്. കഴിഞ്ഞ 18ന് നടന്ന തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ ഇക്കുറി സംസ്ഥാനത്തെ റെക്കോർഡ് പോളിങ്ങാണു രേഖപ്പെടുത്തിയത്. 80.23%. രാത്രി 9 വരെ പോളിങ് നടന്ന ബൂത്തുകൾ പോലുമുണ്ട്. കോൺഗ്രസ് പിന്തുണയോടെ മൽസരിക്കാൻ ആഗ്രഹിച്ചെത്തി ഒടുവിൽ ബിജെപി പാളയത്തിലായ നടി സുമലതയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡയുമാണ് ഇവിടെ പോരടിച്ചത്. കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണ പ്രത്യക്ഷത്തിൽത്തന്നെ ലഭിച്ച സുമലത ഇവിടെ ജയിച്ചുകയറുമെന്നാണു നിരീക്ഷണം.

നിഖിൽ ഗൗഡ പരാജയപ്പെടുമെന്നാണു വോട്ടെടുപ്പിനു പിന്നാലെ കർണാടക ഇന്റലിജൻസ് വിഭാഗത്തിന്റെ വിലയിരുത്തൽ. ബിജെപി പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ച സുമലത 2 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം നേടുമെന്നാണ് ഇന്റലിജൻസ് നിഗമനം. ജനതാദളിന്റെ കണക്കെടുപ്പിലും വിജയം ഉറപ്പല്ലെന്നാണു വിലയിരുത്തൽ. അതേസമയം, 2018ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിലെ എല്ലാ സീറ്റുകളും ദളാണു സ്വന്തമാക്കിയത്. ഇതു മാത്രമാണ് ദളിന് ആശ്വസിക്കാനുള്ള ഒരേയൊരു പിടിവള്ളി.

റിപ്പോർട്ടുകൾ പക്ഷേ പറയുന്നത് വിഭിന്നമായ വസ്തുതകളാണ്. ഭർത്താവും കോൺഗ്രസ് നേതാവുമായിരുന്ന അന്തരിച്ച നടൻ അംബരീഷിന്റെ ജന്മനാടായ മദ്ദൂരിൽ സുമലത വൻ മുന്നേറ്റം നടത്തുമെന്ന് ഇന്റലിജൻസ് പറയുന്നു. മലവള്ളി, മണ്ഡ്യ നിയമസഭാ മണ്ഡലങ്ങളും സുമലതയ്ക്കൊപ്പം നിൽക്കുമെന്നാണു വിലയിരുത്തൽ. നിഖിലിന്റെ വിജയമൊന്നും ഉറപ്പുപറയാനാവില്ലെന്ന് ഗതാഗത മന്ത്രിയും മണ്ഡ്യയിൽനിന്നുള്ള ദൾ എംഎൽഎയുമായ ഡി.സി. തമ്മണ്ണയും വ്യക്തമാക്കിയിരുന്നു. ഇവിടങ്ങളിലെ ദൾ എംഎൽഎമാരെ കുറ്റപ്പെടുത്തി കുമാരസ്വാമി രംഗത്തെത്തുകയും ചെയ്തു.

കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും (ഫയല്‍ ചിത്രം).
കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറും കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും (ഫയല്‍ ചിത്രം).

∙ നിയമസഭാ തിരഞ്ഞെടുപ്പിലെ കർ‘നാടകം’

2018 മേയിലായിരുന്നു കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്. 104 സീറ്റിൽ ജയിച്ച ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ ഗോവയിലും മണിപ്പുരിലും മേഘാലയയിലുമെല്ലാം ബിജെപി പ്രയോഗിച്ചു വിജയിച്ച തന്ത്രം ഇവിടെ കോൺഗ്രസ് തിരിച്ചു പ്രയോഗിച്ചു. 78 സീറ്റു നേടിയ കോൺഗ്രസ് 38 സീറ്റു നേടിയ ജനതാദൾ (എസ്) – ബിഎസ്പി (37+1) സഖ്യത്തിനൊപ്പം ചേർന്നു സർക്കാർ രൂപീകരിക്കാൻ തീരുമാനിച്ചു. തിരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപു തന്നെ സംസ്ഥാനത്തെ കാറ്റെങ്ങോട്ടാണു വീശുന്നതെന്നു വ്യക്തമായിരുന്നു. ത്രിശങ്കു സഭയുടെ സാധ്യതകളിലേക്കാണ് എക്സിറ്റ് പോളുകളും വിരൽ ചൂണ്ടിയത്.

ഭൂരിപക്ഷം കിട്ടാതെ വന്നാൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയായാൽ, ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാതിരുന്നാൽ തുടങ്ങി മൂന്നു സാധ്യതകളുടെയും അടിസ്ഥാനത്തിൽ പദ്ധതി തയാറാക്കാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ജനറൽ സെക്രട്ടറി വേണുഗോപാലിന് അനുമതി നൽകി. ജനതാദളിനെ കൂടെക്കൂട്ടി ‘കീപ്പ് ഔട്ട്’ ബിജെപി എന്നതായിരുന്നു പദ്ധതി. മുഖ്യമന്ത്രി സിദ്ധരാമയ്യ ആദ്യം ഇതിനെ എതിർത്തെങ്കിലും മേയ് 15നു ഫലം വന്നതോടെ തീരുമാനം മാറ്റേണ്ടി വന്നു. സംസ്ഥാനത്തു മൂന്നാം സ്ഥാനത്തിരിക്കേണ്ട പാർട്ടിക്കു മുഖ്യമന്ത്രിപദം എന്ന മോഹനവാഗ്ദാനം മുന്നിൽവച്ചതോടെ ദളിന്റെ എച്ച്.ഡി. ദേവെ ഗൗഡയും കുമാരസ്വാമിയും സമ്മതം മൂളി.

സർക്കാർ രൂപീകരിക്കാൻ ഗവർണർ ആദ്യം ക്ഷണിച്ചത് ബിജെപിയെ. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസവും അനുവദിച്ചു. എന്നാൽ ജെഡിഎസ് – കോൺഗ്രസ് സഖ്യം കോടതിയിലെത്തിയതോടെ യെഡിയൂരപ്പ എത്രയും വേഗം ഭൂരിപക്ഷം തെളിയിക്കണമെന്ന് ഉത്തരവെത്തി. സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്ന് ഉറപ്പായതോടെ, അധികാരമേറ്റ് 56ാം മണിക്കൂറിൽ മുഖ്യമന്ത്രി യെഡിയൂരപ്പ രാജിവച്ചു. സർക്കാർ രൂപീകരണത്തിനുള്ള ബിജെപി ശ്രമം പരാജയപ്പെട്ട സാഹചര്യത്തിൽ ഗവർണർ ദൾ - കോൺഗ്രസ് സഖ്യത്തെ ക്ഷണിച്ചു. രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ അവർ സർക്കാർ രൂപീകരിക്കുകയും ചെയ്തു.

കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി (ഫയല്‍ ചിത്രം).
കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി (ഫയല്‍ ചിത്രം).

∙ ഭരണകക്ഷിയിൽ തമ്മിൽത്തല്ല്

അധികാരമേറ്റതു മുതൽ അക്ഷരാർഥത്തിൽ ഞാണിന്മേൽക്കളിയാണ് ജെഡിഎസ് – കോണ്‍ഗ്രസ് ഭരണം. പലതവണ പിണങ്ങിയും വീണ്ടും ഇണങ്ങിയും സഖ്യകക്ഷി സർക്കാർ മുന്നോട്ടു പോകുന്നതിനിടെയാണു ലോക്സഭാ തിരഞ്ഞെടുപ്പ് എത്തിയത്. ജെഡിഎസും കോൺഗ്രസും സഖ്യമായാണു തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും പേരിലെ ഒരുമ തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഉണ്ടായിരുന്നില്ല എന്നതാണു യാഥാർഥ്യം. പല മണ്ഡലങ്ങളിലും ഇരുകൂട്ടരും പരസ്പരം കാലുവാരിയെന്ന അഭ്യൂഹം ശക്തം. നേതാക്കൾ ഇക്കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും അവർക്കും ഭയമുണ്ട്. നടി സുമലതയുടെ വരവോടെ വിവിഐപി പരിവേഷം ലഭിച്ച മണ്ഡ്യയിൽ ജെഡിഎസ് – കോൺഗ്രസ് സഖ്യ സ്ഥാനാർഥിയും കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡയ്ക്കെതിരെ കോൺഗ്രസ് പ്രവർത്തകർ പ്രത്യക്ഷത്തിൽത്തന്നെ പ്രചാരണം നടത്തിയിരുന്നു. സിദ്ധരാമയ്യയും ദേവെ ഗൗഡയും വേദി പങ്കിട്ട് പലപ്പോലും ‘ഒരുമ’ പ്രകടമാക്കാൻ ശ്രമിച്ചെങ്കിലും ഉദ്ദേശിച്ച ഫലം ലഭിച്ചോ എന്നു സംശയം.

കോൺഗ്രസ്സിനുള്ളിലെ പടലപിണക്കങ്ങളും മുന്നണിയെ ബാധിച്ചുവെന്നു വ്യക്തം. സഖ്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ താമര’ നീക്കങ്ങളെ സഹായിക്കുംവിധം നിലപാടെടുത്ത വിമത എംഎൽഎമാരെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ശക്തമായി ഇടപെടണമെന്നു കുമാരസ്വാമിക്ക് പലപ്പോഴും ആവശ്യപ്പെടേണ്ടി വന്നു. ചില കോൺഗ്രസ് എംഎൽഎമാർ ആർക്കൊപ്പമാണെന്ന് അവർക്കുതന്നെ സംശയം തോന്നുന്ന വിധമായിരുന്നു നിലപാടു മാറ്റം. റിസോർട്ട് രാഷ്ട്രീയമെന്ന, സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രയോഗത്തിനു പോലും കർണാടകയിലെ രാഷ്ട്രീയക്കാർ പുതിയ മാനം നൽകി.

ഇതിനെല്ലാം പുറമെ, മുഖ്യമന്ത്രി സ്ഥാനത്തേക്ക് സിദ്ധരാമയ്യയെ ഉയർത്തിക്കാട്ടിയുള്ള നീക്കങ്ങളും ചില കോൺഗ്രസ് നേതാക്കള്‍ നടത്തുന്നുണ്ട്. ദേവഗൗഡയും കുമാരസ്വാമിയും ചേർന്ന് തങ്ങളെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നുവെന്ന ആരോപണമുയർത്തിയാണ് ഈ മറുനീക്കം. മുഖ്യമന്ത്രിയാകാനില്ലെന്ന് സിദ്ധരാമയ്യ ആവർത്തിക്കുന്നുണ്ടെങ്കിലും ആ വാക്കുകൾക്ക് അത്ര കരുത്തു പോരാ.

ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പ (ഫയൽ ചിത്രം)
ബിജെപി നേതാവ് ബി.എസ്. യെഡിയൂരപ്പ (ഫയൽ ചിത്രം)

∙ തക്കം പാർത്ത് ബിജെപി

ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യകക്ഷി സർക്കാരിന്റെ പോക്ക് കണ്ണിമ ചിമ്മാതെ നിരീക്ഷിക്കുകയാണ് കർണാടക ബിജെപി. ഏതുനിമിഷവും കർണാടകയിൽ തങ്ങൾക്കു സർക്കാര്‍ രൂപീകരിക്കാൻ അവസരം ലഭിക്കുമെന്ന് അവർ കണക്കുകൂട്ടുന്നു. മേയ് 24ന് കർണാടകയിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന യെഡിയൂരപ്പയുടെ വാദവും ഇതിനോടു ചേർത്തു വായിക്കണം.

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും വലിയ രാഷ്ട്രീയ ആരോപണം നേരിട്ട പാർട്ടി ബിജെപിയാണെന്ന സവിശേഷത കൂടിയുണ്ട്. മുഖ്യമന്ത്രിയായിരുന്ന കാലത്ത് ബി.എസ്. യെഡിയൂരപ്പ ബിജെപി ദേശീയ നേതാക്കൾക്ക് നൽകിയ കോടികളുടെ കോഴയുമായി ബന്ധപ്പെട്ട ആരോപണമായിരുന്നു ഇതിൽ മുഖ്യം. യെഡിയൂരപ്പ ബിജെപി കേന്ദ്രനേതാക്കൾക്ക് ഉൾപ്പെടെ 1800 കോടി രൂപ നൽകിയെന്ന മാധ്യമ റിപ്പോർട്ട് ഉയർത്തി കടുത്ത വിമർശനമാണ് കോൺഗ്രസ് നടത്തിയത്.

76 വയസ്സു പിന്നിട്ട യെഡിയൂരപ്പയ്ക്ക് ബിജെപിയുടെ ‘അപ്രഖ്യാപിത’ നിയമമനുസരിച്ചു വിരമിക്കലിന് പ്രായമായിക്കഴിഞ്ഞു. 2023 വരെ താൻ സജീവ രാഷ്ട്രീയത്തിലുണ്ടാകുമെന്ന് യെഡിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഇക്കുറി കർണാടകയിൽ ബിജെപിക്ക് അടിപതറിയാൽ യെഡിയൂരപ്പയുടെ രാഷ്ട്രീയ ജീവിതത്തിന് ഏറെക്കുറെ വിരാമമാകാനാണിട. എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി തുടങ്ങിയ ‘വന്ദ്യ വയോധികരുടെ’ വഴിയേ ആകും യെഡിയൂരപ്പയുടെ ഭാവിയും.

കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ (ഫയൽ ചിത്രം)
കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ (ഫയൽ ചിത്രം)

∙ തിരഞ്ഞെടുപ്പു കാലത്തെ ‘സൂക്ഷ്മപരിശോധന’

തിരഞ്ഞെടുപ്പു പ്രചാരണ കാലത്ത് വ്യാപകമായിരുന്ന ആദായനികുതി റെയ്ഡുകളിൽ നല്ലൊരു പങ്ക് കർണാടകയിലും നടന്നു. ആദ്യഘട്ടത്തിൽ കോൺഗ്രസ്, ജനതാദൾ നേതാക്കളുടെ വീടുകളും ഓഫിസുകളും കേന്ദ്രീകരിച്ചായിരുന്നു റെയ്ഡെങ്കിൽ, രാഷ്ട്രീയ പകപോക്കലാണെന്ന ആരോപണം ഉയർന്നതോടെ ചില ബിജെപി നേതാക്കളും (പേരിനെങ്കിലും) റെയ്ഡിന് ഇരയായി.

കുമാരസ്വാമിയും മകൻ നിഖിൽ ഗൗഡയും സാധാരണ താമസിക്കുന്ന ശ്രീരംഗപട്ടണ കൃഷ്ണരാജ സാഗരയിലെ ഹോട്ടൽ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്തു. നിഖിൽ കഴിഞ്ഞ മൂന്നിനു ഹോട്ടലിൽ താമസിച്ചതിനു പിന്നാലെയായിരുന്നു ഇത്. മുഖ്യമന്ത്രിയും മകനും താമസിക്കാറുള്ള മുറിയും പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളും മറ്റും പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് കമ്മിഷനും ആദായനികുതി വകുപ്പും തന്നെയും കുടുംബത്തെയും ദ്രോഹിക്കുകയാണെന്നും 2 ദിവസത്തിനിടെ തന്റെ കാർ 13–14 വട്ടം പരിശോധിച്ചെന്നും വ്യക്തമാക്കി കുമാരസ്വാമി നേരിട്ടു രംഗത്തെത്തി.

പൊതുമരാമത്ത് മന്ത്രി എച്ച്.ഡി. രേവണ്ണയുടെ മകൻ പ്രജ്വൽ മൽസരിക്കുന്ന ‌ഹാസനെ ചുറ്റിപ്പറ്റിയും ആദായനികുതി റെയ്ഡു നടന്നു. കെആർ പേട്ടിലെ കോൺഗ്രസ് നേതാവ് കെ.ബി ചന്ദ്രശേഖറിന്റെ ബന്ധുവും ടൗൺ മുനിസിപ്പൽ കൗൺസിൽ മുൻ അംഗവുമായ കെ.ടി. ചക്രപാണി, മണ്ഡ്യ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എം.എസ് ആത്മാനന്ദ, മണ്ഡ്യയിലെയും ഹാസനിലെയും ദൾ പ്രചാരണം ഏകോപിപ്പിച്ച ചെറുകിട ജലസേചന മന്ത്രി സി.എസ്. പുട്ടരാജു എന്നിവർക്കെതിരെയും റെയ്ഡു നടന്നു. ബിജെപിയുടെ പ്രതികാര രാഷ്ട്രീയമെന്ന് ആരോപിച്ച് കുമാരസ്വാമിയും കോൺഗ്രസ് നേതാക്കളും നിരത്തിലിറങ്ങി പ്രതിഷേധിച്ചെങ്കിലും പരിശോധനകൾ ഇടതടവില്ലാതെ തുടർന്നു.

ഖനി മേഖലയായ ബെള്ളാരിയിൽ വോട്ടെടുപ്പിനു തലേന്ന് ബിജെപി – കോൺഗ്രസ് നേതാക്കളുടെ ബന്ധുക്കളുടെയും അടുപ്പക്കാരുടെയും വീടുകളിലും ഓഫിസുകളിലും ആദായ നികുതി റെയ്ഡ് നടത്തിയിരുന്നു. ബിജെപി എംഎൽഎ ബി.ശ്രീരാമുലുവിന്റെ അനുയായി രാജു, കോൺഗ്രസ് എംഎൽഎ ബി.നാഗേന്ദ്രയുടെ ബന്ധു യാരിസ്വാമി, ഗ്രാനൈറ്റ് ഖനി ഉടമയും കോൺഗ്രസ് നേതാവുമായ സൂര്യനാരായണ റെഡ്ഡി എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമാണു പരിശോധന നടന്നത്. മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ ലാഡ് സ്ഥിരമായി തങ്ങുന്ന ബെള്ളാരിയിലെ ഹോട്ടലിൽ നേരത്തെ റെയ്ഡ് നടത്തിയിരുന്നു.

∙ 2009, 2014 വർഷങ്ങളിലെ ഫലം

2009

ബിജെപി: 19 (+1)
കോൺഗ്രസ്: 6 (-2)
ജെഡിഎസ്: 3 (+1)

2014

ബിജെപി: 17 (-2)
കോൺഗ്രസ്: 9 (+3)
ജെഡിഎസ്: 2 (-1)

English Summary: Karnataka Election News, Election 2019, Karnataka Politics, Karnataka Winning Chances 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com