ADVERTISEMENT

ഒരു തടവ് ശൊന്നാൽ നൂറു തടവ് ശൊന്ന മാതിരിയെന്ന ഡയലോഗ് സിനിമയിൽ പറഞ്ഞതു സ്റ്റൈൽ മന്നൻ രജനീകാന്താണ്. രാഷ്ട്രീയത്തിൽ പക്ഷേ, ഉലക നായകൻ കമൽ ഹാസനോളം അതിനർഹരായവരുണ്ടാകില്ല. രാഷ്ട്രീയത്തിലേക്കു കാലെടുത്തുവയ്ക്കും മുൻപേ പല ലക്ഷ്യങ്ങളിൽ തറക്കുന്ന വാക്കുകൾ തൊടുക്കാൻ മിടുക്കനായിരുന്നു കമൽ.

രാഷ്ട്രീയക്കാരന്റെ വേഷമണിഞ്ഞതോടെ പലപ്പോഴും വാക്കുകൾ കൈവിട്ടു പോയി. പലതു കൈവിട്ടു പോകണമെന്ന ലക്ഷ്യത്തോടെ  പറഞ്ഞതാണെന്നതു വേറെ കാര്യം. ഹിന്ദു തീവ്രവാദമെന്ന പ്രയോഗത്തിലൂടെ നേരത്തെയും വിവാദത്തിനു തിരികൊളുത്തിയിട്ടുണ്ട് കമൽ. പിന്നീട്  വാക്കുകൾ വളച്ചൊടിച്ചുവെന്ന വിശദീകരണവുമായി വന്നു.

ഗോഡ്സെയെ ഹിന്ദു തീവ്രവാദിയെന്നു വിശേഷിപ്പിച്ചു കമൽ നടത്തിയ പ്രസംഗം വീണ്ടും കൈവിട്ടുപോയിരിക്കുന്നു. എതിർത്തും പിന്തുണച്ചും പാർട്ടികളും സംഘടനകളും രംഗത്തിറങ്ങിക്കഴി‍ഞ്ഞു. കമലിന്റെ രാഷ്ട്രീയപാർട്ടിയുടെ അംഗീകാരം റദ്ദാക്കുന്നതുൾപ്പെടെയുള്ള കടുത്ത നടപടികൾ വേണമെന്ന ആവശ്യമാണു ബിജെപി ഉന്നയിച്ചിരിക്കുന്നത്.

കോൺഗ്രസും ദ്രാവിഡ കഴകവും പിന്തുണയുമായി രംഗത്തുവന്നതോടെ കമലിന്റെ വാക്കുകൾ കുറച്ചു ദിവസങ്ങൾ കൂടി തമിഴക രാഷ്ട്രീയത്തിന്റെ കേന്ദ്ര ബിന്ദുവാകുമെന്നുറപ്പായി. നേരത്തേ വിവാദത്തിനു തിരികൊളുത്തിയ ചില കമൽ ഡയലോഗുകളിൽ ചിലത്.

കശ്മീരിൽ ഹിതപരിശോധന

പുൽവാമ  ഭീകരാക്രമണത്തിനു പിന്നാലെ, കശ്മീരിൽ ഹിതപരിശോധന ആവശ്യമാണെന്നു ചാനൽ അഭിമുഖത്തിൽ കമൽ പറ‍ഞ്ഞതു വൻ വിവാദമായി. എന്നാൽ, വർഷങ്ങൾക്കു മുൻപ് തമിഴ് വാരികയിലെഴുതിയ നിലപാടിൽ ഉറച്ചു നിൽക്കുന്നോയെന്ന ചോദ്യത്തിനു ഉത്തരം നൽകുക മാത്രമാണു ചെയ്തതെന്ന വിശദീകരണവുമായി താരം രംഗത്തു വന്നു. 

പൂണൂൽ 

ട്വിറ്ററിൽ ആരാധകരുമായി  നടത്തിയ സംവാദത്തിൽ പൂണൂലിനെക്കുറിച്ചു പറഞ്ഞതു ബ്രാഹ്മണ സമുദായത്തിന്റെ പ്രതിഷേധത്തിനിടയാക്കി. എന്നെ ഒരുപാട് ബാധിച്ച ഒരു നൂല് ഞാൻ ഒഴിവാക്കി- പൂണൂൽ എന്നായിരുന്നു ട്വീറ്റ്. 

മക്കളുടെ ജാതി

മക്കളെ  ജാതിരഹിതരായി വളർത്തേണ്ടതിനെക്കുറിച്ച് വിശദീകരിക്കുന്ന കമലിന്റെ ട്വീറ്റും വൻ ചർച്ചയ്ക്കു വഴിവച്ചു. തന്റെ രണ്ടു മക്കളേയും സ്കൂളിൽ ചേർത്ത സമയത്തു ജാതിക്കോളം ഒഴിവാക്കിയെന്നായിരുന്നു കമലിന്റെ ട്വീറ്റ്. ഇങ്ങനെ ചെയ്യുന്നവരെ ആഘോഷിക്കണമെന്നു കമൽ കൂട്ടിച്ചേർത്തു. എന്നാൽ, കമലിന്റെ മകൾ ശ്രുതി നേരത്തേ നൽകിയ അഭിമുഖങ്ങളിലൊന്നിൽ താൻ അയ്യങ്കാറാണെന്നു പറയുന്ന ദൃശ്യവുമായി ഒരാൾ രംഗത്തു വന്നതോടെ ചർച്ച കൊഴുത്തു.

കെട്ട പഴങ്ങൾ 

രാഷ്ട്രീയത്തിലിറങ്ങാൻ  തീരുമാനിച്ചപ്പോൾ എന്തുകൊണ്ടു ഡിഎംകെ- അണ്ണാഡിഎംകെ പാർട്ടികളിലൊന്നിൽ ചേർന്നില്ലെന്നു ചോദ്യത്തിനുള്ള മറുപടി രൂക്ഷമായ പ്രതികരണങ്ങൾക്കു കാരണമായി. ഉത്തരം ഇതായിരുന്നു-  എനിക്ക് ഭയങ്കര വിശപ്പുണ്ട്. എന്നു കരുതി കെട്ട പഴങ്ങൾ എടുത്തു കഴിക്കാനാകുമോ?

ഗ്രാമസഭയെന്ന ആശയം

ഗ്രാമസഭയെന്ന ആശയം മക്കൾ നീതി മയ്യത്തിൽനിന്നു ഡിഎംകെ കട്ടെടുത്തുവെന്ന കമലിന്റെ പ്രസ്താവന ഡിഎംകെയും താരവും തമ്മിലുള്ള തുറന്ന പോരിനു വഴിവച്ചു. പതിറ്റാണ്ടുകൾക്കു മുൻപു കരുണാനിധിയും സ്റ്റാലിനും ഗ്രാമസഭകളിൽ പങ്കെടുക്കുന്ന ചിത്രങ്ങൾ പങ്കുവച്ചായിരുന്നു ഡിഎംകെയുടെ മറുപടി. ഇതുമായി  ബന്ധപ്പെട്ട് താരത്തിനെതിരെ ട്രോളുകളും പ്രചരിച്ചു.

English Summary: The many controversies of Kamal Haasan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com