ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ ദിവസംപിടികൂടിയ വന്‍  സ്വർണക്കടത്തിന് ചുക്കാൻ പിടിച്ചത് മൂന്നംഗ സംഘം.സംഘത്തിനു നേതൃത്വം നല്‍കിയ അഡ്വ. ബിജു മനോഹരനെ പുറമെ ജിത്തു, വിഷ്ണു എന്നിവരാണു സംഘത്തിലെ മുഖ്യകണ്ണികള്‍.

ജിത്തു ദുബായിലും മറ്റുള്ളവർ കേരളത്തിലും ഇടപാടുകൾക്കു നേതൃത്വം നൽകിയാണ് സ്വര്‍ണക്കടത്ത്. അഭിഭാഷകന്റെ സംഘം രണ്ടരമാസത്തിനിടെ എട്ടുതവണ സ്വര്‍ണം കടത്തിയതായി ഡിആര്‍ഐയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒരു യാത്രയ്ക്കു ആയിരം ദിർഹം പ്രതിഫലമെന്ന് അറസ്റ്റിലായ സുനിൽ വെളിപ്പെടുത്തി. സെറീനയും സുനിലും കുറ്റം സമ്മതിച്ചെന്നും ഡിആർഐ റിപ്പോർട്ടിൽ പറയുന്നു. 

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തിനു പിടിയിലായ സുനില്‍കുമാറും സെറീനയും ദുബായില്‍ നിന്നുള്ള സ്വര്‍ണക്കടത്തിന്റെ മുഖ്യകണ്ണികളാണ്. ആറു മാസത്തിനിടെ അഞ്ച് തവണ ഇരുവരും ചേർന്നു സ്വര്‍ണം കടത്തി.ഒളിവിലുള്ള അഭിഭാഷകന്‍ അഡ്വ. ബിജു മനോഹരന് ഇരുവരുമായി വര്‍ഷങ്ങളുടെ ബന്ധമുണ്ടെന്നും ഡിആര്‍ഐ സ്ഥിരീകരിച്ചു. ബിജുവിനായുള്ള അന്വേഷണത്തിന്റെ ഭാഗമായി ഭാര്യയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. 

കഴിഞ്ഞ ദിവസം പിടികൂടിയ ഇരുപത്തിയഞ്ച് കിലോയില്‍ ഒതുങ്ങുന്നതല്ല സെറീനയുടെയും സുനില്‍കുമാറിന്റെയും സ്വര്‍ണക്കടത്ത് ചരിത്രം. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ സമീപകാലത്തായി അഞ്ച് തവണ സ്വര്‍ണം കടത്തിയെന്നാണു ഡിആര്‍ഐയ്ക്ക് മൊഴി ലഭിച്ചിരിക്കുന്നത്.

ദുബായില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സെറീനയാണ് സ്വര്‍ണം എത്തിക്കുന്നതിനു നേതൃത്വം നല്‍കുന്നത്. കഴക്കൂട്ടം സ്വദേശിയായ സെറീന ഇതിനായി ഭൂരിഭാഗം ദിവസങ്ങളിലും ദുബായിലാണ് താമസം. 

ഒരാഴ്ച മുന്‍പ് തിരുവനന്തപുരത്തിയപ്പോഴാണ് ഇപ്പോള്‍ പിടിയിലായ സ്വര്‍ണക്കടത്ത് ആസൂത്രണം ചെയ്തത്. തിരുവനന്തപുരം തിരുമല സ്വദേശിയായ സുനില്‍കുമാര്‍ ആശ്രിത നിയമനത്തിലൂടെ ലഭിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ജോലിയില്‍ നിന്ന് അവധിയെടുത്താണ് സ്വര്‍ണക്കടത്തിന് ഇറങ്ങിയത്. സെറീനയ്ക്കൊപ്പമല്ലാതെ രണ്ട് മാസത്തിനിടെ നാല് തവണ ദുബായില്‍ പോയി വന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ഈ യാത്രകളിലും സ്വര്‍ണം കടത്തിയതായാണ് ഡിആര്‍ഐയുടെ നിഗമനം. ഇവരെ നിയോഗിച്ച അഡ്വ. ബിജു മനോഹരന്‍‌ വിമാനത്താവളത്തിലെത്തിക്കുന്ന സ്വര്‍ണം അത് വാങ്ങിയവര്‍ക്ക് എത്തിച്ച് നല്‍കുന്ന പ്രധാന കണ്ണിയെന്നാണ് സൂചന. ബിജുവിന്റെ സഹായിയടക്കം മറ്റ് മൂന്നു പേരുടെ പങ്കും സംശയിക്കുന്നുണ്ട്. സെറീനയും സുനില്‍കുമാറും റിമാന്‍ഡിലായതോടെ  കൂടുതല്‍ കണ്ണികളെ പിടിക്കാനായി ഇരുവരുടെയും മൊഴികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com