ADVERTISEMENT

ഒരു സംസ്‌ഥാനത്തെ ലോക്‌സഭാ നിയോജക മണ്ഡലങ്ങളുടെയും നിയമസഭാ നിയോജക മണ്ഡലങ്ങളുടെയും എണ്ണം എപ്പോഴും ഒരു നിശ്‌ചിത അനുപാതത്തിലായിരിക്കും. അതായത് ലോക്‌സഭാ മണ്ഡലങ്ങളുടെ എണ്ണത്തിന്റെ പൂർണ ഗുണിതമായിരിക്കും നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം. അതിർത്തി നിർണയത്തിന്റെ മാർഗരേഖയിൽ (6–ാം വകുപ്പ്) ഇതു വ്യക്‌തമാക്കിയിട്ടുണ്ട്. കേരളത്തിൽ ഇതു യഥാക്രമം 20, 140 ആണ്. ഒരു ലോക്‌സഭാ മണ്ഡലത്തിൽ 7 നിയമസഭാ മണ്ഡലങ്ങളാണു കേരളത്തിലുള്ളത്. എന്നാൽ 2008ലെ ഡീലിമിറ്റേഷനുശേഷം 5 സംസ്‌ഥാനങ്ങളിൽ ഈ അനുപാതം പാലിക്കപ്പെടുന്നില്ല.

സംസ്‌ഥാനങ്ങളുടെ പേര്, ലോക്‌സഭാ – നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം, മറ്റുള്ളവയിൽ‌നിന്നു വ്യത്യസ്തമായ ലോക്‌സഭാ മണ്ഡലങ്ങളുടെ പേരും അവയിൽ ഉൾപ്പെട്ട നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും ശേഷിച്ച ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണവും അവയിൽ അടങ്ങിയ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും താഴെ ചേർക്കുന്നു.

ബിഹാർ (40, 243) ∙ ബെഗുസരായ്, നളന്ദ, അറ (7 വീതം), 37 ലോക്സഭാ മണ്ഡലങ്ങൾ 6 വീതം.
ജാർഖണ്ഡ് (14, 81) ∙ ഛത്ര, ലോഹർദഗ, ഹസാരിബാഗ് (5 വീതം), 11 ലോക്സഭാ മണ്ഡലങ്ങൾ 6 വീതം.
മധ്യപ്രദേശ് (29, 230) ∙ സത്‌ന, ഛിന്ദ്വാര (7 വീതം), 27 ലോക്സഭാ മണ്ഡലങ്ങൾ 8 വീതം.
ഛത്തീസ്‌ഗഡ് (11, 90) ∙ ദുർഗ്, റായ്‌പൂർ (9 വീതം), 9 ലോക്സഭാ മണ്ഡലങ്ങൾ 8 വീതം.
ഉത്തർപ്രദേശ് (80, 403) ∙ ഷാജഹാൻപൂർ, ഉന്നാവോ, ഫത്തേപൂർ (6 വീതം), 77 ലോക്സഭാ മണ്ഡലങ്ങൾ 5 വീതം.

2000ൽ വിഭജിക്കപ്പെട്ട സംസ്‌ഥാനങ്ങളിലാണ് ഈ പ്രത്യേകതയുള്ളത്. പുതിയ സംസ്‌ഥാനങ്ങളിലും അവയുടെ മാതൃ സംസ്‌ഥാനങ്ങളിലും വിഭജന സമയത്തുണ്ടായിരുന്ന നിയോജക മണ്ഡലങ്ങളുടെ എണ്ണം, 2008ലെ ഡീലിമിറ്റേഷനിൽ അതേപടി നിലനിർത്താനായിരുന്നു ഈ ക്രമീകരണം. അതേസമയം ഉത്തരാഖണ്ഡിൽ (ഉത്തരാഞ്ചൽ) 5 ലോക്‌സഭാ മണ്ഡലങ്ങളും 70 നിയമസഭാ മണ്ഡലങ്ങളുമാണുള്ളത്. സംസ്‌ഥാനം രൂപീകരിക്കുമ്പോൾ 22 നിയമസഭാ മണ്ഡലങ്ങൾ മാത്രമാണുണ്ടായിരുന്നത്. 2001ൽ നടത്തിയ ഡീലിമിറ്റേഷനിൽ ഇത് 70 ആയി ഉയർത്തി. നിയമസഭാ സീറ്റുകളു‌ടെ എണ്ണം 60ൽ കുറയാതിരിക്കാനാണിത് (ഭരണഘടന വകുപ്പ് 170).

ആന്ധ്രാപ്രദേശ് – തെലങ്കാനാ വിഭജനസമയത്ത് (2014) അതിനു മുൻപുള്ള അനുപാതം (ഒരു ലോക്‌സഭാ മണ്ഡലത്തിൽ 7 നിയമസഭാ മണ്ഡലങ്ങൾ) തന്നെ നിലനിർത്തി. ഇപ്പോൾ ലോക്‌സഭാ – നിയമസഭാ മണ്ഡലങ്ങൾ ആന്ധ്രാപ്രദേശ് 25, 175; തെലങ്കാന 17, 119 എന്നിങ്ങനെയാണ്.

ലോക്‌സഭാ നിയോജക മണ്ഡലങ്ങളുടെയും നിയമസഭാ നിയോജക മണ്ഡലങ്ങളുടെയും ആകെ എണ്ണം നിശ്‌ചിത അനുപാതത്തിലാണെങ്കിലും ഒരേ സംസ്ഥാനത്തിലെ ലോക്‌സഭാ മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം വ്യത്യസ്തമായിരിക്കുന്ന സംസ്ഥാനങ്ങളുണ്ട്. വിശദവിവരങ്ങൾ താഴെ ചേർക്കുന്നു.

അരുണാചൽ പ്രദേശ് (2, 60) ∙ അരുണാചൽ വെസ്റ്റ് (33), അരുണാചൽ ഈസ്റ്റ് (27).
മണിപ്പൂർ (2, 60) ∙ ഇന്നർ മണിപ്പൂർ (32), ഔട്ടർ മണിപ്പൂർ (28)
മേഘാലയ (2, 60) ∙ ഷില്ലോങ് (36), തുറ (24).
അസം (14, 126) ∙ കരിംഗഞ്ച് (8), സിൽചാർ (7), ഓട്ടോണമസ് ഡിസ്ട്രിക്ട് (5), തേസ്പൂർ, നൗഗോങ്, ദിബ്രൂഗഡ്, ലഖിംപൂർ മണ്ഡലങ്ങളിൽ 9 വീതം, ശേഷിച്ച 7 മണ്ഡലങ്ങളിൽ 10 വീതം.
ജമ്മു കശ്മീർ (6, 90) ∙ ബരാമുള്ള (16), ശ്രീനഗർ (16), അനന്തനാഗ് (17), ഉദംപൂർ (17), ജമ്മു (20), ലഡാക്ക് (4).\

English Summary: Lok Sabha Election 2019, Interesting Facts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com