ഗോഡ്സെ രാജ്യസ്നേഹി: മാപ്പു പറഞ്ഞ് തടിയൂരി ബിജെപി നേതാവ് പ്രജ്ഞ സിങ്

sadhvi-pragya-singh-thakur
പ്രജ്ഞ സിങ് ഠാക്കൂർ. ചിത്രം: എഎൻഐ, ട്വിറ്റർ
SHARE

ഭോപാൽ ∙ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയെ പ്രകീര്‍ത്തിച്ചതിൽ മാപ്പു പറഞ്ഞ് ഭോപാലിലെ ബിജെപി സ്ഥാനാര്‍ഥി സാധ്വി പ്രജ്ഞാ സിങ് ഠാക്കൂര്‍. പ്രസ്താവന വിവാദമായതോടെ പ്രജ്ഞ മാപ്പു പറയണമെന്നു ബിജെപി ആവശ്യപ്പെട്ടിരുന്നു. ഗാന്ധിജിയെ അപമാനിച്ചവര്‍ക്കു രാജ്യം മാപ്പു നല്‍കില്ലെന്നു കോണ്‍ഗ്രസ് പ്രതികരിച്ചു.

ഗോഡ്സെയെ ഭീകരവാദി എന്നു വിളിക്കുന്നവര്‍ ആത്മപരിശോധന നടത്തണം. തിരഞ്ഞെടുപ്പില്‍ ഇവര്‍ക്കു തക്കതായ മറുപടി ലഭിക്കും എന്നുമായിരുന്നു പ്രജ്ഞയുടെ വാക്കുകൾ. രാജ്യത്തെ ആദ്യത്തെ ഭീകരവാദി ഗോഡ്സെ ആയിരുന്നുവെന്ന നടൻ കമല്‍ഹാസന്‍റെ പ്രസ്താവനയ്ക്കു മറുപടി പറയുകയായിരുന്നു പ്രജ്ഞ.

നാഥുറാം ഗോഡ്സെ രാജ്യസ്നേഹിയായിരുന്നു, ഇപ്പോഴും ആണ്. എന്നും അങ്ങനെയായിരിക്കും. അദ്ദേഹത്തെ ഭീകരവാദിയെന്നു വിളിക്കുന്നവർ സ്വയം ഉള്ളിലേക്കു നോക്കണമെന്നും തിരഞ്ഞെടുപ്പിൽ ഇതിനുള്ള മറുപടി ലഭിക്കുമെന്നും പ്രജ്ഞ പറഞ്ഞു. 2008ലെ മാലെഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ ഇപ്പോൾ ജാമ്യത്തിലാണ്.

കടുത്ത വർഗീയ രാഷ്ട്രീയം പയറ്റുന്ന ഭോപ്പാലിൽ ഇത്തരം വിവാദ പ്രസ്താവനകൾ പലതവണ നടത്തിയിട്ടുള്ളയാളാണു പ്രജ്​ഞ. മുംബൈ ഭീകരാക്രമണത്തിൽ ഭീകരരെ നേരിട്ട് വീരമൃത്യു വരിച്ച ഹേമന്ദ് കർക്കറെയെ ശപിച്ചിരുന്നെന്ന പ്രസ്താവനയും പ്രജ്ഞയുടേതായി വന്നു. അയോധ്യയിൽ ബാബ്റി മസ്ജിദ് പൊളിച്ചതിൽ താനും പങ്കെടുത്തിരുന്നുവെന്ന വാക്കുകളും ഇവരിൽനിന്നുണ്ടായി. ഇത്തരം പ്രസ്താവനകളെത്തുടർന്ന് പ്രചാരണത്തിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രജ്ഞയെ വിലക്കിയിരുന്നു.

പ്രജ്ഞയുടെ പ്രസ്താവനയ്ക്കെതിരെ ബിജെപി രംഗത്തെത്തി. ഗോഡ്സെ രാജ്യസ്നേഹിയായിരുന്നുവെന്ന പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും അപലപിക്കുന്നതായും പാർട്ടി വക്താവ് ജി.വി.എൽ. നരസിംഹ റാവു പറഞ്ഞു. പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, സംസ്ഥാന ബിജെപി ഘടകം തുടങ്ങിയവർ രാജ്യത്തോട് മാപ്പു പറയണമെന്നു കോൺഗ്രസ് ആവശ്യപ്പെട്ടു.

English Summary: BJP's Pragya Thakur Apologises For Calling Mahatma Gandhi Assassin Nathuram Godse A "Patriot"; Election 2019, Bhopal Election News

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
FROM ONMANORAMA