ADVERTISEMENT

മംഗളൂരു∙ കാസർകോട് പെരിയ ഇരട്ട കൊലക്കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. എട്ടാം പ്രതി പാക്കം സ്വദേശി സുബീഷിനെയാണു മംഗളൂരു വിമാനത്താവളത്തിൽ വച്ചു ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. സുബീഷ് കൃത്യത്തിൽ നേരിട്ടു പങ്കെടുത്തിരുന്നുവെന്നാണു ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. സംഭവം നടന്നു രണ്ടു ദിവസത്തിനുശേഷം ഷാർജയിലേയ്ക്കു കടന്ന സുബീഷിനെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ അന്വേഷണ സംഘം നടത്തിയിരുന്നു. ഇതു വിജയിക്കാതെ വന്നതോടെ ഇന്റർപോളിന്റെ സഹായം തേടിയതിനു പിന്നാലെയാണു പ്രതി മടങ്ങിയെത്തിയത്.

ഇന്നു പുലർച്ചെ രണ്ടരയോടെയായിരുന്നു അറസ്റ്റ്. പ്രതിയെ ഇന്നുതന്നെ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും സിപിഎം മുൻ ബ്രാഞ്ച് കമ്മറ്റി അംഗം പീതാംബരന്റെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഉദുമ ഏരിയ സെക്രട്ടറി കെ.മണികണ്ഠനേയും പെരിയ ലോക്കൽ സെക്രട്ടറി എൻ.ബാലകൃഷ്ണനേയും കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷണത്തില്‍ ക്രൈംബ്രാഞ്ച്, സിപിഎം നേതൃത്വവുമായി ഒത്തുകളിക്കുകയാണെന്നു കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ ആരോപിച്ചു. കേസ് സിബിഐക്കു കൈമാറാതിരിക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സിപിഎം നേതാക്കളുടെ അറസ്റ്റ്. ഏരിയ സെക്രട്ടറിയുടെ അറസ്റ്റോടെ സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പങ്ക് വ്യക്തമായെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലപാതകം സംബന്ധിച്ച അന്വേഷണം കൃത്യമായി പുരോഗമിക്കുന്നുവെന്ന് ഹൈക്കോടതിയെ തെറ്റിധരിപ്പിക്കാനുള്ള തന്ത്രമാണ് സിപിഎം നേതാക്കളുടെ അറസ്റ്റെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന വാദം ഇനി ജനങ്ങള്‍ അംഗീകരിക്കില്ലെന്നും കൃപേഷിന്റെ അച്ഛന്‍ പറഞ്ഞു.

കേസ് സിബിഐക്ക് വിടണമെന്ന ഉറച്ച നിലപാടിലാണ് കുടുംബാംഗങ്ങള്‍. അതേസമയം ഏരിയ സെക്രട്ടറി കൂടി പ്രതിയായതോടെ ജില്ലയിലെ സിപിഎം നേതൃത്വവും പ്രതിരോധത്തിലായി. കേസന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്നു എന്നതിന്റെ തെളിവാണ് നേതൃനിരയിലുള്ളവരുടെ അറസ്റ്റ് എന്ന് ന്യായീകരിക്കാനാണ് ജില്ലാ ഘടകത്തിന്റെ ശ്രമം. പുതിയ സംഭവവികാസങ്ങളെ മുന്‍നിര്‍ത്തി സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം വീണ്ടും ചര്‍ച്ചയാക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.

English Summary: Periya Twin Murder - one more arrested in Mangaluru

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com