ADVERTISEMENT

ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട വോട്ടെടുപ്പിൽ ബംഗാളിലും പഞ്ചാബിലും സംഘർഷം. ബംഗാളിലെ ബാസിര്‍ഹട്ടില്‍ പോളിങ് ബൂത്തിനു നേരെ ബോംബേറുണ്ടായി. തൃണമൂല്‍ കോണ്‍ഗ്രസ്, ബിജെപി പ്രവര്‍ത്തകര്‍ തെരുവിൽ ഏറ്റുമുട്ടി. ബാസിര്‍ഹട്ടില്‍ തൃണമൂൽ ബൂത്ത് പിടിച്ചതായി ബിജെപി ആരോപിച്ചു. ബിജെപി സ്ഥാനാർഥി സായന്തൻ ബസുവാണ് നൂറിലധികം ബിജെപി പ്രവർത്തകരെ വോട്ട് ചെയ്യാൻ തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അനുവദിച്ചില്ലെന്ന ആരോപണം ഉയർത്തിയത്.

ബംഗാളിലെ ബർസാത്തിൽ ബിജെപി ഓഫിസുകൾ അക്രമികൾ വ്യാപകമായി തീയിട്ടു നശിപ്പിച്ചു. നോർത്ത് കൊൽക്കത്തയിലെ ബിജെപി സ്ഥാനാർഥി രാഹുൽ സിൻഹ ആക്രമിക്കപ്പെട്ടതായി ബിജെപി ആരോപിച്ചു.പഞ്ചാബിൽ ഖാദൂർ സാഹിബ് മണ്ഡലത്തിലും വ്യാപക അക്രമം ഉണ്ടായി. വോട്ട് രേഖപ്പെടുത്തി മടങ്ങിയ കോൺഗ്രസ് പ്രവർത്തകർ സംഘർഷത്തിൽ കൊല്ലപ്പെട്ടു. കോൺഗ്രസ്– അകാലിദൾ പ്രവർത്തകർ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പരസ്‌പരം ഏറ്റുമുട്ടി. വോട്ടെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ  കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചു. ഏഴാംഘട്ട വോട്ടെടുപ്പില്‍   ഒരു മണി വരെ 40.26 ശതമാനം പോളിങ്  രേഖപ്പെടുത്തി. 

അതേസമയം ലോക്സഭാ തിര‍ഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്നവസാനിക്കാനിരിക്കെ കേന്ദ്രത്തില്‍ ബിജെപി ഇതരസര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കം സജീവമായി. ഇതിന്റെ സൂചനകൾ നൽകി ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഞായറാഴ്ച വീണ്ടും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും എൻസിപി അധ്യക്ഷൻ ശരത് പവാറിനെയും കണ്ടു. വൈകിട്ട് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെയും സന്ദർശിക്കും.

അഖിലേഷ് യാദവും മായാവതിയും തിങ്കളാഴ്ച ഡൽഹിയിലെത്തുന്നുമുണ്ട്. പ്രതിപക്ഷ ഐക്യത്തിനു മുന്നിട്ടിറങ്ങിയ ചന്ദ്രബാബു നായിഡു  ശരദ് പവാറുമായും, മഹാസഖ്യ നേതാക്കളായ അഖിലേഷ് യാദവ്, മായാവതി, അജിത് സിങ് എന്നിവരുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നും വീണ്ടും ചർച്ച നടത്തിയത്.

അതേസമയം  ബിഹാർ മുഖ്യമന്ത്രി  നിതീഷ് കുമാർ ബിജെപിയോട് സ്വരം കടുപ്പിച്ച് സംസാരിച്ചത് ബിജെപിയുമായി ഇടയുന്ന സൂചനയായി രാ‌ഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. ഗോഡ്സെ അനുകൂല പരാമര്‍ശത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രജ്ഞാ സിങ്ങിനെ പുറത്താക്കണമെന്നാണ് നിതീഷിന്റെ ആവശ്യം. 

English Summary: Chandrababu Naidu Meets Rahul Gandhi Again Today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com