ADVERTISEMENT

ബെംഗളൂരു∙ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ കര്‍ണാടകയില്‍ സഖ്യം ശക്തമാക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസും ജെഡിഎസും. സഖ്യ ധാരണകള്‍ക്കു വിരുദ്ധമായി പ്രസ്‍താവനകളും നീക്കങ്ങളും നടത്തരുതെന്നു കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംസ്ഥാന നേതാക്കള്‍ക്കു ശക്തമായ നിര്‍ദേശം നല്‍കി. കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസിനൊപ്പം ഉറച്ചു നില്‍ക്കുമെന്നു ജെഡിഎസ് ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൗഡയും വ്യക്തമാക്കി. 

കര്‍ണാടകയില്‍ ബിജെപിക്കു വലിയ നേട്ടമെന്ന സൂചന നല്‍കിയാണ് എക്‌സിറ്റ് ഫലങ്ങളെല്ലാം പുറത്തു വന്നത്.സഖ്യമായുള്ള മത്സരത്തില്‍ ആത്മവിശ്വാസമര്‍പ്പിച്ചിരിക്കുന്ന കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ക്കു വിരുദ്ധമായിരുന്നു ഫലങ്ങള്‍. ഇതിനു പിന്നാലെയാണ് സഖ്യത്തില്‍ പ്രശ്നങ്ങളുണ്ടാക്കരുതെന്നു സംസ്ഥാനനേതാക്കള്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയത്. കുമാരസ്വാമി സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി നീക്കങ്ങള്‍ക്കു തടയിടാനാണു സഖ്യകക്ഷി ബന്ധം അരക്കിട്ടുറപ്പിക്കാനുള്ള നീക്കങ്ങള്‍ എഐസിസി നേതൃത്വം ശക്തമാക്കിയത്. 

തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും ജെഡിഎസ് കോണ്‍ഗ്രസിനൊപ്പം നിലകൊള്ളുമെന്നു ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയും വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചേക്കില്ലെന്നും പ്രാദേശിക കക്ഷികളുടെ പിന്തുണയോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ദേവഗൗഡ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നതെന്നും ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിച്ചുകഴിഞ്ഞാല്‍ ഏകോപന സമിതി യോഗം വീണ്ടും ചേരുമെന്നും കര്‍ണാടക പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു വ്യക്തമാക്കി. 

English Summary: HD Deve Gowda reiterates support to Congress 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com