ADVERTISEMENT

കൊച്ചി ∙ തെക്കൻ കേരളത്തിൽ നാലു മണ്ഡലങ്ങളിൽ യുഡിഎഫും രണ്ടു മണ്ഡലത്തിൽ ഫോട്ടോ ഫിനിഷുമാണ് മനോരമ ന്യൂസ് – കാർവി ഇൻസൈറ്റ്സ് എക്സിറ്റ്പോൾ പ്രവചിക്കുന്നത്. ഇവിടെ ഒരു മണ്ഡലത്തിൽ എൻഡിഎ നേരിയ മുൻതൂക്കം നേടുമെന്നും സർവേ വ്യക്തമാക്കുന്നു. എൻഡിഎ മുന്നേറ്റമുണ്ടാക്കുമെന്നു പ്രതീക്ഷിക്കുന്ന പത്തനംതിട്ടയിൽ അതിനു സാധ്യതയില്ലെന്നാണു പ്രവചനം. തുടക്കം മുതൽ എൽഡിഎഫ് മുന്നിട്ടുനിന്ന ആലപ്പുഴയിൽ എ.എം.ആരിഫിനായിരിക്കും മുൻതൂക്കമെന്നും വിലയിരുത്തുന്നു.

ആലപ്പുഴയിൽ ഫോട്ടോഫിനിഷ്

alappuzha-exit-poll

എൽഡിഎഫിന്റെ എ.എം.ആരിഫ് എഎൽഎ, യുഡിഎഫിന്റെ കരുത്തുറ്റ വനിതാ സ്ഥാനാർഥി ഷാനിമോൾ ഉസ്മാൻ, പിഎസ്‍സി മുൻ ചെയർമാൻ കെ.എസ്.രാധാകൃഷ്ണൻ എന്നിവരുടെ സ്ഥാനാർഥിത്വങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് ആലപ്പുഴ. യുഡിഎഫ്, എൽഡിഎഫ് സ്ഥാനാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ച ആലപ്പുഴയിൽ ഇത്തവണ ഫോട്ടോഫിനിഷായിരിക്കുമെന്നാണ് എക്സിറ്റ്പോൾ ഫലം. മണ്ഡലത്തിൽ ആരിഫിനായിരിക്കും നേരിയ മുൻതൂക്കം.

മാവേലിക്കരയിൽ കൊടിക്കുന്നിൽ

മാവേലിക്കരയിൽ കോൺഗ്രസിന്റെ ദേശീയ നേതാവ് കൊടിക്കുന്നിൽ സുരേഷിന് വിജയമെന്നു എക്സിറ്റ്പോൾ ഫലം. എൽഡിഎഫിന്റെ ചിറ്റയം ഗോപകുമാറും എൻഡിഎയുടെ തഴവ സഹദേവനുമാണ് എതിർ സ്ഥാനാർഥികൾ. മറ്റ് അത്ഭുതങ്ങളൊന്നും മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നില്ല എന്നാണു വിലയിരുത്തൽ.

പത്തനംതിട്ടയിൽ ആന്റോ

pathanamthitta-exit-poll

ശബരിമല വിഷയം മുതൽ കെ.സുരേന്ദ്രന്റെ സ്ഥാനാർഥിത്വം വരെ ചർച്ചയായ മണ്ഡലമാണു പത്തനംതിട്ട. ശബരിമല വിഷയം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. എന്നാൽ ഇത്തവണയും യുഡിഎഫിന്റെ ആന്റോ ആന്റണി വിജയിക്കുമെന്നാണ് സർവേ ഫലം. എൽഡിഎഫിന്റെ വീണാ ജോർജ് എംഎൽഎയ്ക്ക് വിജയം സ്വന്തമാക്കാനാവില്ല എന്നാണു വ്യക്തമാകുന്നത്.

കൊല്ലത്ത് പ്രേമചന്ദ്രൻ

സിപിഎമ്മിന്റെ കരുത്തനായ സ്ഥാനാർഥി കെ.എൻ.ബാലഗോപാൽ പഴയ എൽഡിഎഫ് പ്രമുഖൻ എൻ.കെ.പ്രേമചന്ദ്രനോട് ഏറ്റുമുട്ടുമ്പോൾ പ്രേമചന്ദ്രൻ തന്നെ മണ്ഡലം നിലനിർത്തുമെന്നാണ് എക്സിറ്റ്പോൾ ഫലം വ്യക്തമാകുന്നത്. കെ.വി.സാബുവാണ് എൻഡിഎ സ്ഥാനാർഥി.

ആറ്റിങ്ങലിൽ സമ്പത്ത്

എൽഡിഎഫിന്റെ ഉറച്ച മണ്ഡലമായി വിലയിരുത്തുന്ന ആറ്റിങ്ങൽ ഇത്തവണയും എ.സമ്പത്ത് നിലനിർത്തുമെന്ന് എക്സിറ്റ്പോൾ ഫലം. യുഡിഎഫിന്റെ കരുത്തുറ്റ സ്ഥാനാർഥി അടൂർ പ്രകാശിന് ഇവിടെ നേട്ടമുണ്ടാക്കാനാവില്ലെന്നാണ് വിലയിരുത്തൽ. എൻഡിഎയുടെ ശോഭ സുരേന്ദ്രന്റെ സ്ഥാനാർഥിത്വം കൊണ്ട് കൂടി ശ്രദ്ധേയമായ മണ്ഡലമാണ് ആറ്റിങ്ങൽ.

തിരുവനന്തപുരത്ത് ഫോട്ടോഫിനിഷ്

thiruvanthapuram-exit-poll

മൂന്നു മുന്നണികളും ശക്തരായ സ്ഥാനാർഥികളെ കളത്തിലിറക്കിയ മണ്ഡലമാണ് തിരുവനന്തപുരം. യുഡിഎഫിനായി ശശി തരൂർ വീണ്ടും മൽസരിക്കുമ്പോൾ എൽഡിഎഫിന്റെ സി.ദിവാകരനും എൻഡിഎയുടെ കുമ്മനം രാജശേഖരനുമായിരുന്നു എതിരാളികൾ. ഇത്തവണ ഫോട്ടോഫിനിഷ് ആയിരിക്കുമെന്നാണ് എക്സിറ്റ്പോൾ ഫലം വ്യക്തമാക്കുന്നത്. നേരിയ മുൻതൂക്കം ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനായിരിക്കും. യുഡിഎഫ് സ്ഥാനാർഥി രണ്ടാം സ്ഥാനത്തെത്തുമെന്നും വിലയിരുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com