ADVERTISEMENT

ന്യൂഡല്‍ഹി∙ കേന്ദ്രഭരണം തീരുമാനിക്കുന്നതെന്നു രാഷ്ട്രീയ നിരീക്ഷകർ പറയാറുള്ള ഉത്തർപ്രദേശിലേക്കാണ് ഇക്കുറിയും രാജ്യം ഉറ്റുനോക്കിയത്. ബിജെപി ഉൾപ്പെടുന്ന എൻഡിഎ സഖ്യം ഉലഞ്ഞുപോകുമെന്നു കരുതിയതും ഉത്തർപ്രദേശിലാണ്. എസ്പി–ബിഎസ്പി സഖ്യം യുപി തൂത്തുവാരുമെന്നായിരുന്നു കണക്കുകൂട്ടലുകൾ. എന്നാൽ ആദ്യ ഫലസൂചനകൾ അനുസരിച്ച് എൻഡിഎ പരുക്കേൽക്കാതെ നിൽക്കുകയാണ്. മോദിയും രാജ്നാഥ് സിങ്ങും ഉൾപ്പെടെയുള്ള പ്രമുഖർ മത്സരിക്കുന്ന യുപിയിൽ ബിജെപിയുടെ അടിത്തറ ഇളകിയിട്ടില്ലെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്.

പതിറ്റാണ്ടുകളുടെ വൈരാഗ്യം മറന്നാണ് അഖിലേഷ് യാദവിന്റെ സമാജ്‌‍വാദി പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ്‌ പാർട്ടിയും യുപിയിൽ കൈകോർത്തത്. രണ്ടു പാർട്ടികളുടെയും അടിത്തൂണുകൾ യുപിയിൽ. പക്ഷേ, 2014ൽ മോദി തരംഗത്തിൽ 80ൽ 73 സീറ്റും എൻഡിഎ കൊണ്ടുപോയി. അതിജീവനത്തിനായാണ് 2019 ൽ ഒരുമിച്ചുനിൽക്കാൻ തീരുമാനിച്ചത്. എസ്പിയും ബിഎസ്പിയും ചേർന്നാൽ ബിജെപിയുടെ കാവിക്കോട്ടകൾ നിലംപൊത്തുമെന്നു രാഷ്ട്രീയ നിരീക്ഷകർ കണക്കുകൾ നിരത്തി.

യുപിയിൽ നഷ്ടം വരുമെന്നായിരുന്നു ബിജെപിയുടെയും കണക്കുകൂട്ടൽ. യുപി ഉൾപ്പെടെ ഉത്തരേന്ത്യയിലെ സീറ്റുനഷ്ടം ദക്ഷിണേന്ത്യയിലും ബംഗാളിലും ഒഡിഷയിലുമായി നികത്തുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ അഭിമുഖങ്ങളിൽ ആവർത്തിച്ചു. പക്ഷേ, ബിജെപിയെപ്പോലും അമ്പരപ്പിച്ചു യുപിയിൽ പാർട്ടി ഇളകാതെ നിൽക്കുന്നു. 2014ലെ തരംഗത്തിന്റെ അത്രയില്ലെങ്കിലും അറുപതോളം സീറ്റുകളിൽ ബിജെപി മുന്നിലാണ്.

എസ്പി, ബിഎസ്പി, ആർഎൽഡി എന്നിവ ഉൾപ്പെട്ട മഹാഘട്ബന്ധന് 15 സീറ്റ്. സഖ്യമില്ലാതെ ഒറ്റയ്ക്കു മത്സരിച്ച കോൺഗ്രസിന് ഒരു സീറ്റും. രാഹുൽ–പ്രിയങ്ക തരംഗം യുപിയിൽ വീശിയില്ലെന്നാണ് ഫലസൂചനകൾ കാണിക്കുന്നത്. ഏറ്റവുമധികം ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിലെ ജനവിധി എന്താകുമെന്ന കാര്യത്തിൽ എക്സിറ്റ് പോൾ സർവേകൾ വ്യത്യസ്തമായ ചിത്രമാണു നൽകിയത്. ടൈംസ്നൗ–വിഎംആർ സർവേ യുപിയിൽ 58 സീറ്റ് എൻഡിഎയ്ക്ക് പ്രവചിച്ചു. എബിപിയുടെ പ്രവചനം 22 സീറ്റ് മാത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com