ADVERTISEMENT

പനജി ∙ ഇന്ത്യയിൽ ഏറ്റവും കുറവ് ലോക്സഭാ മണ്ഡലങ്ങൾ ഉള്ള സംസ്ഥാനങ്ങളിൽ ഒന്നായ ഗോവയിലെ രണ്ടു സീറ്റുകൾ ബിജെപിയും കോൺഗ്രസും പങ്കിട്ടെടുത്തു. ഗോവ നോർത്തിൽ ബിജെപിയും ഗോവ സൗത്തിൽ കോൺഗ്രസുമാണ് ജയിച്ചത്. നിയമസഭ ഉപതിരഞ്ഞെടുപ്പു നടന്ന 4 സീറ്റിൽ മൂന്നും കോൺഗ്രസ് നേടി. മുൻ മുഖ്യമന്ത്രിയായിരുന്ന മനോഹർ പരീക്കറുടെ വിയോഗത്തെത്തുടർന്ന് ഒഴിവു വന്ന പനജി നിയമസഭാ മണ്ഡലത്തിൽ കോൺഗ്രസിന് അട്ടിമറി വിജയം നേടാനുമായി.

ഏപ്രിൽ 23 ന് കേരളത്തിനൊപ്പമാണ് ഗോവയിലെ തിരഞ്ഞെടുപ്പ് നടന്നത്. 1,135,811 വോട്ടർമാരാണ് ആകെ വോട്ടുചെയ്യാൻ ഉണ്ടായിരുന്നത്. 72.04 ആയിരുന്നു ഗോവയിലെ ആകെ പോളിങ് ശതമാനം. 2014ലെ തിരഞ്ഞെടുപ്പിനേക്കാൾ (76.86 ശതമാനം) കുറവായിരുന്നു പോളിങ്. മൂന്നു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതേ ദിവസം തന്നെ നടന്നിരുന്നു. മാൻഡ്രെം മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് അന്ന് രേഖപ്പെടുത്തിയത്- 81.61 ശതമാനം. ഷിരോദ (80.09), മാപുസ (75.15) എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ പോളിങ് ശതമാനം. പൊതുവേ സമാധാനപരമായിരുന്നു ഗോവയിലെ തിരഞ്ഞെടുപ്പുകളെല്ലാം. ചിലയിടങ്ങളിൽ ഇവിഎം മെഷീനുകളിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും അവ വേഗത്തിൽ പരിഹരിച്ച് വോട്ടെടുപ്പ് മുടങ്ങാതെ കൊണ്ടുപോകാൻ സാധിച്ചുവെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ കുനാൽ പറഞ്ഞു. നീണ്ട അവധി ദിവസങ്ങളും അവധിക്കാലവും ആയതിനാൽ ആണ് പോളിങ് കുറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

goa-lok-sabha-election-2014

നോർത്ത് ഗോവയിൽ ഷിർപാദ് യെസോസോ നായിക്കും സൗത്ത് ഗോവയിൽ നരേന്ദ്ര കേശവ് സ്വവേയ്ക്കറുമായിരുന്നു ബിജെപിയുടെ സ്ഥാനാർഥികൾ. 2014ലെ തിരഞ്ഞെടുപ്പിൽ നോർത്ത് ഗോവയിൽ ഒരു ലക്ഷത്തിലധികം വോട്ടിനും സൗത്ത് ഗോവയിൽ മുപ്പത്തിരണ്ടായിരത്തിൽ അധികം വോട്ടിനുമാണ് ബിജെപി സ്ഥാനാർഥികൾ ജയിച്ചത്. നോർത്ത് ഗോവയിൽ കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് ഗിരീഷ് ചോദൻക്കറും ദക്ഷിണ ഗോവയിൽ മുൻമുഖ്യമന്ത്രി ഫ്രാൻസികോ സർദിൻഹയുമാണ് മൽസരിച്ചത്. സാന്നിധ്യമറിയിച്ച് ആംആദ്മി പാർട്ടിയും ഇവിടെ മൽസരത്തിന് ഇറങ്ങിയിരുന്നു. നോർത്ത് ഗോവയിൽ പ്രദീപ് പഡ്ഗോൻകറും സൗത്ത് ഗോവയിൽ ഇൽവിസ് ഗോമസുമായിരുന്നു എഎപി സ്ഥാനാർഥികൾ.

നാടകീയം, പിന്തുണ പിൻവലിക്കൽ

ബിജെപിയുടെ നേതൃത്വത്തിലുളള പ്രമോദ് സാവന്ത് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി (എംജിപി) തീരുമാനിച്ചത് തിരഞ്ഞെടുപ്പിന് മുൻപ് ഗോവൻ രാഷ്ട്രീയത്തിൽ നിർണായകമായി. തങ്ങളുടെ പിന്തുണ കോൺഗ്രസിനാണെന്ന് എംജിപി അധ്യക്ഷൻ ദീപക് ധവാലിക്കർ പറഞ്ഞു. എംജിപിയെ വിഘടിപ്പിച്ചതും മുതിര്‍ന്ന നേതാവ് സുദിന്‍ ധവാലിക്കറിനെ സഖ്യകക്ഷി സര്‍ക്കാരില്‍ നിന്നു കാരണമില്ലാതെ പുറത്താക്കിയതുമാണ് എംജിപിയെ ചൊടിപ്പിച്ചത്. പ്രമോദ് സാവന്ത് സർക്കാരിൽ ഉപമുഖ്യമന്ത്രിയായ മുതിർന്ന എംജിപി നേതാവ് സുദിൻ ധവാലിക്കറിനെ പുറത്താക്കിയും രണ്ട് എംജിപി എംഎൽമാരെ ബിജെപിയിൽ ലയിപ്പിച്ചുമാണു സർക്കാരിനെ വീഴ്ത്താനുളള കോൺഗ്രസിന്റെ തന്ത്രത്തെ ബിജെപി പ്രതിരോധിച്ചത്

English summary: Lok Sabha Election Goa Election News Elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com