സ്മൃതി ഇറാനിയുടെ സഹായി വെടിയേറ്റു മരിച്ചു; രാഷ്ട്രീയ വൈരമെന്ന് പൊലീസ്

Surendra-Singh-amethi
സുരേന്ദ്ര സിങ്
SHARE

ലക്‌നൗ∙ ഉത്തർപ്രദേശിലെ അമേഠിയിലെ മുൻ ഗ്രാമതലവനും ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയുമായ പാർട്ടി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് സുരേന്ദ്ര സിങ് എന്നയാളെ വീട്ടിൽ വെടിയേറ്റനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചെന്നും സംശയമുള്ളവരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അമേഠി എസ്പി രാജേഷ് കുമാർ പറഞ്ഞു. കൊലപാതകത്തിനു പിന്നിലെ കാരണം വ്യക്തമല്ല. രാഷ്ട്രീയ വൈരാഗ്യമാണു കാരണമെന്നാണു പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.

മുൻ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ബിജെപി നേതാവ് മനോഹർ പരീക്കർ ദത്തെടുത്തിരുന്ന ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിങ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ ബിജെപി സ്ഥാനാർഥിയായിരുന്ന സ്മൃതി ഇറാനിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കുവേണ്ടിയാണ് സുരേന്ദ്ര സിങ് സ്ഥാനമൊഴിഞ്ഞത്.

15 വർഷം തുടർച്ചയായി അമേഠി എംപിയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ വീഴ്ത്തി അവിടെ ജയിച്ച സ്മൃതി ഇറാനിയുടെ വിജയത്തിൽ സുരേന്ദ്ര സിങ് നിർണായക പങ്ക് വഹിച്ചിരുന്നു. പൊതുയോഗങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ബിജെപി നേതൃത്വത്തിന്റെ ഉൾപ്പെടെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

English Summary: Amethi BJP Worker, Who Campaigned For Smriti Irani, Shot Dead

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA