ADVERTISEMENT

തിരുവനന്തപുരം ∙ നിയമസഭാകക്ഷി നേതാവിനെച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം രൂക്ഷമാകുന്നു. തിങ്കളാഴ്ച നിയമസഭ സമ്മേളിക്കാനിരിക്കെ പി.ജെ.ജോസഫിനെതിരെ ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിൻ കത്തയച്ചതാണു പുതിയ വിവാദം. ജോസഫ് കേരള കോൺഗ്രസ് എമ്മിന്റെ നിയമസഭാകക്ഷി നേതാവല്ലെന്ന് അറിയിച്ച് സ്പീക്കര്‍ക്കാണു കത്ത് നല്‍കിയത്. കക്ഷി നേതാവിനെ കണ്ടെത്താന്‍ സാവകാശം വേണമെന്നും റോഷി കത്തിൽ ആവശ്യപ്പെട്ടു. ചെയര്‍മാന്‍ തിരഞ്ഞെടുപ്പിന് ശേഷമേ നിയമസഭാക്ഷി നേതാവിനെ തിരഞ്ഞെടുക്കൂ എന്നും പറയുന്നുണ്ട്.

നിയമസഭാ കക്ഷിനേതാവിന്റെ സീറ്റ് ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. കെ.എം.മാണി അന്തരിച്ച സാഹചര്യത്തിലാണിത്. പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം പിടിച്ചെടുക്കാനുള്ള ജോസഫിന്റെ നീക്കമായിട്ടാണ് മാണിപക്ഷം ഇതിനെ വ്യാഖ്യാനിക്കുന്നത്. മാണി ഇല്ലാത്ത സാഹചര്യത്തില്‍, നിയമസഭ കക്ഷി നേതാവെന്ന നിലയില്‍  മുന്‍നിരയിലുള്ള അദ്ദേഹത്തിന്റെ ഇരിപ്പിടം ഉപനേതാവായ ജോസഫിന് നല്‍കണമെന്നാണ് മോന്‍സ് ജോസഫ് സ്പീക്കര്‍ക്ക് നല്‍കിയ കത്തിലെ ആവശ്യം.

പുതിയ നിയമസഭ കക്ഷി നേതാവിനെ തിരഞ്ഞെടുത്തിട്ടില്ല. നിലവിലുള്ളയാള്‍ ഇല്ലെങ്കില്‍ ഉപനേതാവായിരിക്കും കക്ഷിനേതാവ് എന്നതാണ് പാര്‍ട്ടിയുടെ ചട്ടമെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് മോന്‍സ് കത്ത് നല്‍കിയിരിക്കുന്നത്. സാങ്കേതിക നടപടി മാത്രമാണിതെങ്കിലും പാര്‍ട്ടി അധ്യക്ഷസ്ഥാനവും നിയമസഭ കക്ഷി നേതൃസ്ഥാനവും പിടിച്ചെടുക്കാനുള്ള ജോസഫ് വിഭാഗത്തിന്റ നീക്കമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. രണ്ടു സ്ഥാനവും താന്‍ വഹിക്കുമെന്നും സംസ്ഥാന കമ്മിറ്റി ഉടന്‍ വിളിക്കില്ലെന്നും ജോസഫ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയാണ് മോന്‍സ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്. എന്നാല്‍ പാര്‍ട്ടിയില്‍ ഒരു പദവിയും സ്വയംപ്രഖ്യാപിതമല്ലെന്നും പാര്‍ട്ടി അംഗങ്ങളുടെ യോഗം ചേര്‍ന്നുവേണം നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനെന്നുമായിരുന്നു മാണിപക്ഷത്തെ എന്‍.ജയരാജ് എംഎല്‍എയുടെ മറുപടി. എന്നാല്‍ വിട്ടുവീഴ്ചയില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. ജോസഫിന്റെ നിര്‍ദേശങ്ങളോടു മാണിപക്ഷത്തെ എംഎല്‍എമാര്‍ ഏതുരീതിയില്‍ പ്രതികരിക്കുമെന്നതു ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com