ADVERTISEMENT

ന്യൂഡൽഹി∙  കേരളത്തിൽ നിന്ന് മുതിര്‍ന്ന ബിജെപി നേതാവ്‌ വി. മുരളീധരൻ രണ്ടാം മോദി മന്ത്രിസഭയിൽ അംഗമാകും. സത്യപ്രതിജ്ഞക്ക് ക്ഷണം ലഭിച്ചെന്ന് മുരളീധരൻ അറിയിച്ചു. നിലവിൽ മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗമാണ് മുരളീധരൻ. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ ഇക്കാര്യം വിളിച്ച് അറിയിച്ചെന്നും മുരളീധരന്‍ പറഞ്ഞു. തലശേരി സ്വദേശിയായ മുരളീധരന്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തുടര്‍ന്ന് സംഘടനയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. ബിജെപിയിലെത്തിയ മുരളീധരന്‍ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി. നെഹ്‌റു യുവകേന്ദ്രയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങിൽ രണ്ടാം എന്‍ഡിഎ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. നിയുക്ത മന്ത്രിമാരെ നാലരയ്ക്ക് പ്രധാനമന്ത്രി കാണും. സഖ്യകക്ഷികള്‍ക്ക് ഒരു മന്ത്രിസ്ഥാനം വീതം നല്‍കാമെന്ന നിലപാടാണ് ബിജെപിക്ക്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകാനിടയില്ല. അമിത് ഷാ മോദിയുമായി ഇന്ന് രാവിലെ അവസാനവട്ട ചര്‍ച്ചകള്‍ നടത്തി. 

രാജ്നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമര്‍, അര്‍ജുന്‍ റാം മേഘ്‍വാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവഡേക്കര്‍, സദാനന്ദ ഗൗഡ എന്നിവര്‍ മന്ത്രിസഭയില്‍ തുടരും. സഖ്യകക്ഷികളില്‍ നിന്ന് അനുപ്രിയ പട്ടേല്‍, റാം വിലാസ് പസ്വാന്‍, ഹസിമ്രത് കൗര്‍ ബാദല്‍, അരവിന്ദ് സാവന്ത് എന്നിവര്‍ മന്ത്രിമാരാകും. അല്‍ഫോണ്‍സ് കണ്ണന്താനം ഇത്തവണയും മന്ത്രിസഭയില്‍ ഇടംപിടിക്കാനാണ് സാധ്യത. ബിജെപി ദേശീയ നേതൃത്വത്തിന്‍റെ നിര്‍ദേശ പ്രകാരം കുമ്മനം രാജശേഖരന്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട്. യുപിയിലെ ബറേലിയില്‍ നിന്നുള്ള ലോക്സഭാംഗം സന്തോഷ് ഗാങ്‍വാര്‍ പ്രൊടെം സ്പീക്കറാകും. അജിത് ഡോവല്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് സ്ഥാനത്ത് തുടരും. 

പഴുതടച്ച സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാനുള്ള  വിദേശരാഷ്ട്രത്തലവൻമാർ ഡൽഹിയിലെത്തി. ഡൽഹി പൊലീസിലെയും അർധസൈനിക വിഭാഗങ്ങളിലെയും 10000 ഉദ്യോഗസ്ഥരെയാണ് സത്യപ്രതിജ്ഞാ ചടങ്ങിന്റെ സുരക്ഷയ്ക്ക്  നിയോഗിച്ചിട്ടുള്ളത്. നഗരത്തിലെ പ്രധാന നിരത്തുകളിലെല്ലാം നാലു മണി മുതൽ കർശന ഗതാഗത നിയന്ത്രണമുണ്ട്. പ്രധാനമന്ത്രിയും വിദേശ രാഷ്ട്രത്തലവൻമാരും കടന്നു വരുന്ന വഴിയിൽ മാത്രം 2000 സുരക്ഷാ ഉദ്യോഗസ്ഥരാണുള്ളത്.

ബിംസ്റ്റെക് കൂട്ടായ്മയിലെ രാഷ്ട്രത്തലവൻമാരാണ് ഇത്തവണ ചടങ്ങിൽ അതിഥികളാവുന്നത്. ബംഗ്ലാദേശ് പ്രസിഡന്റ്  അബ്ദുൾ ഹമീദ്, ശ്രീലങ്കൻ പ്രസിഡൻറ് മൈത്രിപാല സിരിസേന, മൗറിഷസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നൗത്ത്, ഭൂട്ടാൻ പ്രധാനമന്ത്രി ഡോ. ലോട്ടയ് ഷെറിങ്, മ്യാൻമർ പ്രസിഡന്റ് യു വിൻ മിന്റ്, നേപ്പാൾ പ്രധാനമന്ത്രി ശർമ ഓലി, തായ്‌ലൻഡ് പ്രതിനിധി ഗ്രി സാദ  ബൂൺറച്ച് എന്നിവർക്ക് പുറമെ ഷാങ്ങ് ഹായ് കോർപ്പറേഷൻ ഓർഗനൈനേഷൻ അധ്യക്ഷൻ, കിർഗ് റിപ്പബ്ലിക് പ്രസിഡന്റ് സുരോൺ ബേ ജീൻബകോവും ചടങ്ങിൽ പങ്കെടുക്കും. പാക്കിസ്ഥാന് ഇത്തവണ ക്ഷണമില്ല. 2014 ൽ പാക്ക് പ്രധാനമന്ത്രി നവാസ് ഷെരിഫിനു ക്ഷണമുണ്ടായിരുന്നെങ്കിലും 2019 ൽ ഇന്ത്യ പാക്ക് ബന്ധം ഊഷ്മളമല്ലെന്ന സന്ദേശമാണ് ന്യൂഡൽഹി നൽകുന്നത്. 

രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന നരേന്ദ്ര മോദി ചടങ്ങിനു മുൻപായി മഹാത്മാ ഗാന്ധിക്ക് ആദരാഞ്ജലികളർപ്പിച്ചു. രാജ്ഘട്ടിലെത്തിയതിനു പിന്നാലെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിക്കും മോദി ആദരമർപ്പിച്ചു. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വീരജവാന്മാരുടെ സ്മാരകത്തിൽ മോദി പുഷ്പചക്രം സമർപ്പിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷാ, രവിശങ്കർ പ്രസാദ്, മേനകാ ഗാന്ധി, സ്മൃതി ഇറാനി, ജെ.പി.നഡ്ഡ എന്നിവരും മോദിയെ അനുഗമിച്ചിരുന്നു. 

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർ സത്യപ്രതിജ്ഞാച്ചടങ്ങിൽ പങ്കെടുക്കില്ല. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, സ്ഥാനമൊഴിയുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽനിന്നുള്ള ബിജെപി, എൻഡിഎ നേതാക്കളും പങ്കെടുക്കും.

നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ കേരളത്തിന് വലിയ പ്രതീക്ഷകളെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള പറഞ്ഞു. കേരളത്തോട് എന്നും മോദി മമത കാണിച്ചു. അത് മന്ത്രിസഭയിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേരളത്തിന് അവകാശവാദം ഉന്നയിക്കാൻ അർഹതയില്ല. കൂടുതൽ പാർട്ടികൾ രണ്ട് മുന്നണികളിൽ നിന്നും എൻഡിഎയിലെത്തും. കേരള കോൺഗ്രസ് എമ്മിലെ ചലനങ്ങൾ നിരീക്ഷിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയ നീക്കം നടത്തേണ്ട ഘട്ടം എത്തിയതായി കരുതുന്നില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.  

കേന്ദ്ര മന്ത്രിസഭയിലെ മലയാളി പ്രാതിനിധ്യത്തെക്കുറിച്ച്  തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രി ആണെന്ന് വി. മുരളീധരൻ എം.പി പറഞ്ഞു. വ്യക്തിപരമായി മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്നില്ല.  കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകൾ കൂടി നിറവേറ്റുന്ന സര്‍ക്കാരാകും മോദിയുടെതെന്നും വി മുരളീധരൻ പറഞ്ഞു .

മോദി സര്‍ക്കാരില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാകുമെന്ന് ജനപക്ഷം സെക്യുലര്‍ നേതാവ് പി.സി.ജോര്‍ജ് പ്രത്യാശ പ്രകടിപ്പിച്ചു. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ തനിക്ക് കഴിയും. പശുവിന്റെ പേരില്‍ നടന്ന കൊലപാതകങ്ങള്‍ പ്രാദേശികപ്രശ്നമാണെന്നും അതിന്റെ പേരില്‍ കേരളത്തിലെ രാഷ്ട്രീയം നിര്‍ണയിക്കേണ്ടതില്ലെന്നും ജോര്‍ജ് ഡല്‍ഹിയില്‍ മനോരമന്യൂസിനോട് പറഞ്ഞു. 

കരുത്തോടെ രണ്ടാം ഇന്നിംങ്സിന് മോദി

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതുചരിത്രം രചിച്ചാണ് നരേന്ദ്രമോദി രണ്ടാം തവണയും പ്രധാനമന്ത്രി പദത്തിലേക്കെത്തുന്നത്. ഒരു ചായക്കടക്കാരന്റെ മകനായി ജനിച്ച്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നിന്റെ പ്രധാനമന്ത്രി പദത്തിലെത്തിയ സാധാരണക്കാരന്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ ദയനീയ പരാജയം മോദിക്ക് പോന്ന എതിരാളികളില്ലെന്ന തോന്നല്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഭരണത്തില്‍ ഒട്ടേറെ വെല്ലുവിളികളാണ് മോദി സര്‍ക്കാരിനെ കാത്തിരിക്കുന്നത്. 

ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കും ശേഷം പൂര്‍ണബഹുമതിയോടെ തുടര്‍ച്ചയായി രണ്ടാം തവണ അധികാരത്തിലെത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി. ഇന്ത്യയ്‍ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷം ജനിച്ച് പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ നേതാവ്. പിന്നാക്ക വിഭാഗത്തില്‍ നിന്നു പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ ആള്‍. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന വര്‍ഗീയ കലാപത്തിന്റെ കരിനിഴല്‍ ചുമക്കുന്ന നേതാവ്. അങ്ങനെ നീണ്ടുനീണ്ടുപോകും മോദിയുടെ നേട്ടവും കോട്ടവും. 

ഒരു സുപ്രഭാതത്തിൽ പൊട്ടി വിടർന്നുണ്ടായതല്ല മോദിയുടെ വളര്‍ച്ച. സ്വന്തം പ്രയത്നം കൊണ്ട് പ്രധാനമന്ത്രി പദത്തിലേക്ക് ഉയരുകയായിരുന്നു. പാർട്ടിയുടെയും ഘടകകക്ഷികളുടെയും വിശ്വാസം നേടിയ മോദി രാജ്യത്തെ ജനങ്ങളുടെ വിശ്വാസം വോട്ടിലൂടെ നേടിയെടുത്തു. ആദ്യത്തേതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ രണ്ടാമൂഴത്തില്‍ ജനങ്ങള്‍ നല്‍കിയതുകൊണ്ടുതന്നെ ഉത്തരവാദിത്തം കൂടിയെന്ന് മോദി തന്നെ സമ്മതിക്കുന്നുണ്ട്. സാമ്പത്തിക രംഗത്തെ പരിഷ്കരണങ്ങളും തൊഴിലില്ലായ്മ പരിഹരിക്കലും കര്‍ഷകരുടെ വിലാപവും കശ്മീര്‍ പ്രശ്നവും അടക്കം ഒട്ടേറെ വെല്ലുവിളികള്‍ കാത്തിരിക്കുന്നു. ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ മോദി മനസില്‍ കരുതിവച്ചിരിക്കുന്നതെന്നതും എല്ലാവരും ഉറ്റുനോക്കുന്നു.

English Summary: NDA Government to take oath today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com