ADVERTISEMENT

രാഷ്ട്രീയത്തെ അതിന്റെ പൂർണതയിൽ ഉൾക്കൊണ്ടുള്ള പ്രചാരണം. രാജ്യം മുഴുവൻ ഒാടി നടന്ന് കോൺഗ്രസ് പ്രചാരണത്തിൽ ഏർപ്പെട്ടു. പക്ഷേ ഒടുവിൽ കാത്തിരുന്ന വിധി പരാജയമായിരുന്നു. പക്ഷേ അവിടെയും തളരുകയായിരുന്നില്ല. മാറ്റമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന വിശ്വാസത്തിൽ ഉറച്ചുനിന്ന് സ്ഥാനം പോലും രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ച കോണ്‍ഗ്രസ് അധ്യക്ഷനെ അണികള്‍ വാഴ്ത്തലുകളില്‍ മൂടുകയാണ്. മോദി സർക്കാർ വീണ്ടും അധികാരത്തിലേറുമ്പോൾ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്നവർ വായിക്കാനുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. പി.സി.വിഷ്ണുനാഥ് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെ രാഹുലിന്റെ വേറിട്ട മുഖം വ്യക്തമാകുന്നു. ഒരു സുഹൃത്തിന്റെ വാക്കുകളെന്ന തലവാചകത്തോടെയാണ് വിഷ്ണു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

‘അർധരാത്രിയില്‍ വാതിലില്‍ മുട്ടിവിളിക്കുന്ന നോട്ടുനിരോധന ദുരന്തങ്ങളെ വീറോടെ എതിരിടാന്‍ വഴികാട്ടണം രാഹുൽ. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ടും ബുദ്ധികൊണ്ടും തോൽപിക്കാൻ കഴിയുന്ന ഇന്നത്തെ ഇന്ത്യയുടെ പ്രകൃതിയിലെ മികച്ച മാലാഖമാരിൽ ഒരാളാകുന്നു രാഹുൽ ഗാന്ധി. ഇന്ത്യയെ വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തില്‍ വോട്ടുകളെ ജയിക്കാന്‍ ആ മനുഷ്യന്‍റെ ഒറ്റയാള്‍പോരാട്ടത്തിന് കഴിഞ്ഞില്ലെന്ന് കളിയാക്കാം. പക്ഷേ കഴിഞ്ഞുപോയത് അയാളുടെ യാത്രകളുടെ തുടക്കമാണെന്ന് തിരിച്ചറിയുന്ന പില്‍ക്കാലം കാത്തിരിപ്പുണ്ട്.’ കുറിപ്പിൽ പറയുന്നു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

രാഹുൽ ഗാന്ധിയെ കുറിച്ച് ഒരു സുഹൃത്ത് എഴുതിയത് ഇവിടെ പങ്കു വയ്ക്കുന്നു...

രാഹുൽ: പ്രകൃതിയിലെ മികച്ച മാലാഖ

‘ഓരോ യുദ്ധമുഖത്തുനിന്നും ഓരോ ദേശാഭിമാനിയുടെയും കല്ലറയിൽനിന്നും ഓരോ ഹൃദയത്തിലേക്കും നെരിപ്പോടിലേക്കും ഈ വിശാലരാജ്യത്തെ ഓരോ കോണിലേക്കും പടരുന്ന ഓർമയുടെ ആ നിഗൂഢതന്ത്രികളെ നമ്മുടെ പ്രകൃതിയിലെ മികച്ച മാലാഖമാർ തൊടുമ്പോഴാണ് ഐക്യത്തിന്റെ സ്വരലയം വീണ്ടുമുണരുന്നത്.’ 1861 മാർച്ച് 4ന് പ്രസിഡന്റ് എബ്രഹാം ലിങ്കൺ തന്റെ സ്ഥാനാരോഹണ ചടങ്ങിൽ നടത്തിയ പ്രസംഗത്തിലെ വരികൾ. ജനാധിപത്യമെന്ന സങ്കീർണമായ ഭരണ സംഹിതയെ ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ ജനങ്ങൾ നടത്തുന്ന ഭരണമെന്ന് ലളിതമായി നിർവചിച്ച ലിങ്കൺ സൂചിപ്പിച്ച പ്രകൃതിയിലെ മികച്ച മാലാഖമാർ കൂടുതൽ പ്രസക്തമാകുന്ന കാലത്തേക്കാണ് ഇന്ത്യ കടക്കുന്നത്. ഏകാധിപത്യത്തിന്റെ അടയാളങ്ങള്‍ ഒരു വലിയ ജനാധിപത്യ രാജ്യത്തിനുമേല്‍ ആഞ്ഞുപതിക്കുന്ന ദയനീയ കാഴ്ചകളില്‍ ഒരുകൂട്ടം ജനതയാകെ പതറി നില്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

ജനാധിപത്യത്തിന് ഗുണപരവും നന്മനിറഞ്ഞതും ക്രിയാത്മകവുമായ ചിന്തകളും പ്രവർത്തികളും മുന്നോട്ട് വയ്ക്കുന്നവരെയാണ് ഈ മാലാഖമാർ പ്രതിനിധീകരിക്കുന്നത്. ഭയത്തിന്റെയും വെറുപ്പിന്റെയും വക്താക്കളായ യുദ്ധക്കൊതിയൻമാരെയാണ് തിൻമയുടെ മാലാഖമാർ സൂചിപ്പിക്കുന്നത്. ഒരു കൂട്ടർ ജനതയെ ഐക്യത്തിലേക്ക് നയിക്കുമ്പോൾ മറുവശത്ത് ഭിന്നിപ്പിന്റെ, വിനാശത്തിന്റെ കേളികൊട്ടുയരും. ഇവിടെയാണ് രാഹുൽ ഗാന്ധി എന്ന നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രസക്തമാവുന്നത്. അത്യന്തം വിഷലിപ്തമായ കാഴ്ചകളാല്‍ നിറഞ്ഞുകവിഞ്ഞ ഈ വോട്ടുകാലത്തെ ഇത്തിരിയെങ്കിലും ഊഷ്മളമാക്കിയത് ഈ മനുഷ്യന്‍റെ വരവുപോക്കുകളായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ ഉടനീളം അദ്ദേഹം പറഞ്ഞു, നരേന്ദ്ര മോദിയടക്കം ആരോടും എനിക്ക് വെറുപ്പില്ല. യശ:ശരീരനായ പിതാവിനെ കള്ളനെന്ന് വിളിച്ചിട്ടും വിദ്വേഷ പ്രസംഗത്തിന് അദ്ദേഹം തയാറായില്ല. അസാമാന്യമായ നന്മയും ഹൃദയാഴങ്ങളിൽ നിറഞ്ഞു തുളുമ്പുന്ന സ്നേഹവും ഉള്ളവർക്കേ ഇത് സാധ്യമാകൂ.

ഇതേ സ്നേഹവും സഹിഷ്ണുതയും ആയുധമാക്കിയാണ് മഹാത്മജി ഇന്ത്യയെ ബ്രിട്ടിഷുകാരിൽനിന്ന് മോചിപ്പിച്ചത്. വിദ്വേഷപ്രസംഗങ്ങൾ ഒരിക്കലും ഗാന്ധിജിയില്‍നിന്ന് ഉണ്ടായില്ല. ഗാന്ധിയൻ ഇന്ത്യയുടെ ആധുനിക രൂപമാകുന്നു രാഹുൽ. പോരായ്മകൾ ഏറെയുണ്ടാകും. നിങ്ങൾക്ക് അദ്ദേഹത്തെ കഴിവുകെട്ടവൻ എന്ന് വിശേഷിപ്പിക്കാം. വര്‍ഷങ്ങളായി ചൊരിഞ്ഞ ആക്ഷേപങ്ങള്‍ ആവര്‍ത്തിക്കാം. എന്നാൽ പശുവിന്റെ പേരിൽ, ദലിതനായതിന്റെ പേരിൽ മനുഷ്യനെ തല്ലിക്കൊല്ലുന്ന, സ്ത്രീയെ രണ്ടാം തരമായി കാണുന്ന ‘ആധുനിക ഇന്ത്യ’യിൽ രാഹുലിന്റെ നേതൃത്വത്തിന് പ്രസക്തി ഏറുകയാണെന്ന് ഇനിയും ബോധ്യമായില്ലെങ്കില്‍ നിങ്ങള്‍ പുതിയ ഇന്ത്യയെ കാണുന്നത് ഹൃദയം കൊണ്ടല്ല. കപട ദേശീയതയ്ക്കും അഭിനവ സന്യാസിമാർക്കും വൈവിധ്യങ്ങളുടെ ഈ മഹാരാജ്യത്തെ ഏറെക്കാലം ഒരുമിച്ച് കൊണ്ടുപോകാനാകില്ല. വിയോജിപ്പുകളെയും എതിർ സ്വരങ്ങളെയും അംഗീകരിക്കുന്നവർക്കേ ‘നാനാത്വത്തിലെ ഏകത്വം’ കാത്തുപരിപാലിക്കാനാകൂ. ഹൃദയവിശാലതയും ഹൃദയവിശുദ്ധിയുമാണ് രാഹുൽ ഗാന്ധി എന്ന നാൽപത്തിയെട്ടുകാരന്റെ സമ്പത്ത്. പുതിയകാലത്തെ രാഷ്ട്രീയത്തിന് അന്യമാകുന്ന നന്‍മകളുടെ ആകെത്തുകയാണ് ഈ മനുഷ്യന്‍.

ജീവനു തുല്യം സ്നേഹിച്ച രണ്ടു പേർ അതിക്രൂരമായി കൊല്ലപ്പെടുന്നത് കണ്ടു വളർന്നിട്ടും വിദ്വേഷമോ വെറുപ്പോ ഇല്ലാതെ പെരുമാറാൻ കഴിയുന്നുണ്ടെങ്കിൽ അതൊരു അദ്ഭുതം തന്നെയാണ്. കുടുംബവാഴ്ചയെക്കുറിച്ച് അട്ടഹസിക്കുന്നവർ രാഹുലിന്റെ കുടുംബം ഈ രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി രക്തസാക്ഷികളായവരാണെന്നത് സൗകര്യപൂർവം മറച്ചുവയ്ക്കുന്നു. പണ്ഡിറ്റിന്റെ ജീനും ഇന്ദിരയുടെയും രാജീവിന്റെയും രക്തവുമാണ് ഈ കർമയോഗിയെ സൃഷ്ടിച്ചത് എന്ന് ഈ തിരഞ്ഞെടുപ്പ് കാലത്തെ വാക്കുകളില്‍, ഇടപെടലുകളില്‍ അദ്ദേഹം തെളിയിച്ചു. വിദ്വേഷവും പരിഹാസവും വാരിവിതറുന്ന സമൂഹമാധ്യമ ഇടപെടലുകൾ വായിച്ചുതള്ളുന്നവരും രാഹുൽ എന്ന മനുഷ്യനെ, അയാളിലെ മനുഷ്യപ്പറ്റിനെ കാണാതെ പോകുന്നു. ഹൃദയത്തില്‍ തൊട്ടിട്ടും അത് കണ്ടില്ലെന്ന് നടിക്കുന്നു.

ഒന്ന് അറിയുക. നാളെ ഈ രാജ്യം ന്യൂനപക്ഷ ഭൂരിപക്ഷ പോരാട്ടത്തിലേക്ക് നീങ്ങിയാൽ, മതത്തിന്റെ പേരിൽ നമ്മുടെ പെൺമക്കളെ മാനഭംഗപ്പെടുത്തിയാൽ, തീവ്രവാദം നിരപരാധികളുടെ ചോരവീഴ്ത്തിയാൽ, ഹൃദയം നിറഞ്ഞ സ്നേഹവും നിഷ്ക്കളങ്കമായ പുഞ്ചിരിയുമായി കടന്നുവരുന്ന ഈ മനുഷ്യനെ നമുക്ക് വേണ്ടിവരും. രാജ്യത്തിനെതിരെ യുദ്ധം ചെയ്ത തീവ്രവാദികളും ധീരയോദ്ധാക്കളെ അപമാനിക്കുന്നവരും ഇന്ത്യൻ പാർലമെന്റിനകത്ത് ഇരിക്കുമ്പോൾ ജനാധിപത്യത്തിന്റെ കാവൽക്കാരനായി ഈ ചെറുപ്പക്കാരൻ ഉണ്ടായിരുന്നെങ്കിലെന്ന് ഒരു കാലം നിങ്ങളും സങ്കടപ്പെടും.

കോടതിയും ഭരണഘടനയുമെല്ലാം ഏകാധിപതികളുടെ ഭീഷണിക്കുമുന്നിൽ ചൂളി നില്‍ക്കുമ്പോള്‍ അത് ഉച്ചത്തിൽ വിളിച്ചുപറയാൻ വിദ്യാഭ്യാസവും പരന്ന വായനയും തെളിഞ്ഞ ബുദ്ധിയും രാഹുൽ തല ഉയർത്തി നിൽക്കണം. അർധരാത്രിയില്‍ വാതിലില്‍ മുട്ടിവിളിക്കുന്ന നോട്ടുനിരോധന ദുരന്തങ്ങളെ വീറോടെ എതിരിടാന്‍ വഴികാട്ടണം രാഹുൽ. വെറുപ്പിന്റെ രാഷ്ട്രീയത്തെ സ്നേഹം കൊണ്ടും ബുദ്ധികൊണ്ടും തോൽപ്പിക്കാൻ കഴിയുന്ന ഇന്നത്തെ ഇന്ത്യയുടെ പ്രകൃതിയിലെ മികച്ച മാലാഖമാരിൽ ഒരാളാകുന്നു രാഹുൽ ഗാന്ധി. ഇന്ത്യയെ വീണ്ടെടുക്കാനുള്ള നെട്ടോട്ടത്തില്‍ വോട്ടുകളെ ജയിക്കാന്‍ ആ മനുഷ്യന്‍റെ ഒറ്റയാള്‍പോരാട്ടത്തിന് കഴിഞ്ഞില്ലെന്ന് കളിയാക്കാം. പക്ഷേ കഴിഞ്ഞുപോയത് അയാളുടെ യാത്രകളുടെ തുടക്കമാണെന്ന് തിരിച്ചറിയുന്ന പില്‍ക്കാലം കാത്തിരിപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com