ADVERTISEMENT

ന്യൂഡൽഹി ∙ തന്റെ രണ്ടാമൂഴത്തിൽ കേരളത്തിനു സമ്മാനമായി വി.മുരളീധരനു മന്ത്രിസ്ഥാനം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിൽനിന്നു കേന്ദ്രമന്ത്രി ഉണ്ടാകുമെന്ന് ഉറപ്പായിരുന്നെങ്കിലും ആരൊക്കെ വരുമെന്ന കാര്യത്തിലായിരുന്നു ആശയക്കുഴപ്പം. വ്യാഴാഴ്ച രാത്രി സത്യപ്രതിജ്ഞ ചെയ്ത 58 മന്ത്രിമാരിൽ വി.മുരളീധരൻ മാത്രമാണ് ആകെയുള്ള മലയാളി. അൽഫോൻസ് കണ്ണന്താനം, കുമ്മനം രാജശേഖരൻ, സുരേഷ് ഗോപി തുടങ്ങിയവരുടെ പേരുകൾ ഉയർന്നു കേട്ടെങ്കിലും അവസരം ലഭിച്ചതു മുരളീധരനാണ്.

കേരളത്തിൽ ബിജെപിക്കു മേൽവിലാസമുണ്ടാക്കാൻ മുരളീധരൻ നടത്തിയ പ്രവര്‍ത്തനങ്ങൾക്കു ദേശീയ നേതൃത്വം നല്‍കിയ അംഗീകാരമാണു മന്ത്രിപദം. 13 വർഷം ആര്‍എസ്എസ് പ്രചാരകനും 2009ൽ ബിജെപി കേരള ഘടകം അധ്യക്ഷനുമായിരുന്നു മുരളീധരൻ. സിപിഎം ശക്തികേന്ദ്രമായ കണ്ണൂരിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അദ്ദേഹം പ്രവർത്തന മേഖല പിന്നീട് കോഴിക്കോട്ടേക്കു മാറ്റുകയായിരുന്നു. മഹാരാഷ്ട്രയിൽനിന്ന് എതിരില്ലാതെയാണു മുരളീധരൻ രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്.

കഴിഞ്ഞതവണ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രിയായ അൽഫോൻസ് കണ്ണന്താനത്തിനു രണ്ടാം മോദി സർക്കാരിൽ സ്ഥാനം ലഭിച്ചില്ല. രാജ്യസഭാംഗമായ കണ്ണന്താനം ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തു നിറംമങ്ങിയ പ്രകടനമാണു കാഴ്ച വച്ചത്. ഹൈബി ഈഡനും പി.രാജീവിനും പിന്നിലായി മൂന്നാം സ്ഥാനത്തായി. കണ്ണന്താനം നേടിയത് 1,37,749 വോട്ടുകൾ മാത്രം. എങ്കിലും മന്ത്രിസഭയിൽ കണ്ണന്താനത്തിന് അവസരം നൽകിയേക്കുമെന്നായിരുന്നു അഭ്യൂഹങ്ങൾ.

തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തിയ കുമ്മനം രാജശേഖരനു മന്ത്രിസ്ഥാനം ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പ്രവര്‍ത്തകർ. മിസോറം ഗവർണർ സ്ഥാനം രാജിവച്ച് തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ കുമ്മനം മികച്ച മത്സരമാണു തിരുവനന്തപുരത്തു നടത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങിനു മുൻപ് ഡൽഹിയിലെത്താൻ നിർദേശമുണ്ടെന്നു കുമ്മനം വ്യക്തമാക്കിയതോടെ പ്രവർത്തകർക്ക് ആവേശമായി. കുമ്മനത്തിനു പ്രധാനസ്ഥാനം നൽകുന്നതിനു ബിജെപി കേന്ദ്ര നേതൃത്വത്തിനും താൽപര്യമുണ്ടായിരുന്നു.

കേരളത്തിൽനിന്നുള്ള മറ്റൊരു ബിജെപി രാജ്യസഭാംഗമായ സുരേഷ് ഗോപിക്കും മന്ത്രിസഭയില്‍ അവസരം ലഭിച്ചില്ല. തൃശൂർ ലോക്സഭാ സീറ്റിൽ നടത്തിയ പ്രകടനമാണു സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാന സാധ്യതകൾ വർധിപ്പിച്ചത്. ഇത്തവണ തൃശൂരിൽ ബിജെപി നേടിയത് 2,93,822 വോട്ടുകളായിരുന്നു. 2014ലേതിനേക്കാൾ 1,91,141 വോട്ടുകൾ അധികമായി ലഭിച്ചു. എന്നാൽ, വി.മുരളീധരനെ മന്ത്രിയാക്കണമെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളില്‍ ഭൂരിഭാഗം പേരുടെയും താൽപര്യം. മുരളീധരന്റെ അനുഭ‌വ പരിചയവും സംഘടനാപാടവവും പരിഗണിക്കപ്പെട്ടതോടെ മന്ത്രിസ്ഥാനം ഉറപ്പായി.

English Summary: V Muraleedharan, The lone cabinet member from Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com