ADVERTISEMENT

ജയ്പുർ ∙ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ രാജസ്ഥാൻ കോൺഗ്രസിൽ പൊട്ടിത്തെറി. മകൻ വൈഭവ് ഗെലോട്ട് ജോധ്പുരില്‍ വലിയ മാർജിനിൽ പരാജയപ്പെട്ടതിൽ സംസ്ഥാന കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റിനെ കുറ്റപ്പെടുത്തി പിതാവും മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ട് രംഗത്തെത്തി. കോണ്‍ഗ്രസിന് വൻതോതിൽ സ്വാധീനമുള്ള മണ്ഡലത്തില്‍ തന്റെ മകൻ തോറ്റതിന്റെ ഉത്തരവാദിത്തം പിസിസി അധ്യക്ഷനെന്ന നിലയിൽ സച്ചിൻ പൈലറ്റ് ഏറ്റെടുക്കണമെന്നു ദേശീയ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിൽ ഗെലോട്ട് ആവശ്യപ്പെട്ടു.

ഗെലോട്ടിന്റെ ശക്തികേന്ദ്രമായിരുന്നു ജോധ്പുര്‍. ഇവിടെനിന്ന് അഞ്ചു തവണ ഗെലോട്ട് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ജോധ്പുരില്‍ വലിയ മാര്‍ജിനില്‍ ജയിക്കാന്‍ കഴിയുമെന്നു സച്ചിന്‍ പൈലറ്റിന് ആത്മവിശ്വാസമുണ്ടായിരുന്നെന്നും ഗെലോട്ട് പറഞ്ഞു. രാജസ്ഥാനില്‍ അധികാരത്തിലേറി ആറുമാസം പിന്നിടും മുമ്പ് നടന്ന ലോക്സഭ തിരഞ്ഞെടുപ്പില്‍ 25 സീറ്റിലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. തോൽവിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കോ പിസിസി അധ്യക്ഷനോ മാത്രമല്ല, എല്ലാവർക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നും ഗെലോട്ട് പറഞ്ഞു. ഗെലോട്ടിന്റെ പ്രസ്താവനയിൽ സച്ചിൻ പ്രതികരിച്ചില്ല.

കോൺഗ്രസിന്റെ പ്രതിസന്ധി ഘട്ടങ്ങളിലും മക്കൾക്കു സീറ്റ് ഉറപ്പാക്കാനാണു മുതിർന്ന നേതാക്കളായ അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, മുൻ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവർ ശ്രമിച്ചതെന്നു കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു. ഭരണത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കാതിരുന്നതു നേതാക്കൾ മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയതു കൊണ്ടാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

എന്നാൽ മകൻ മത്സരിച്ച ജോധ്‌പുരിൽ അമിത ശ്രദ്ധ നൽകിയെന്ന ആരോപണം ഗെലോട്ട് നിഷേധിച്ചു. രാജസ്ഥാനിൽ 104 പ്രചാരണ യോഗങ്ങളിലാണു താൻ പങ്കെടുത്തത്. ജോധ്‌പൂരിൽ 11 റാലികളിൽ മാത്രമാണു പങ്കെടുത്തതെന്നും ഗെലോട്ട് വ്യക്തമാക്കി. ബിജെപി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ ഗജേന്ദ്ര സിങ് ഷെഖാവത്തിനോട് 2.7 ലക്ഷത്തില്‍ പരം വോട്ടിനാണു വൈഭവ് തോറ്റത്.

English Summary: "Sachin Pilot Should Take Responsibility": Ashok Gehlot On Son's Defeat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com