ADVERTISEMENT

ഏറ്റുമാനൂർ∙ കാൻസർ ഇല്ലാതെ കീമോ ചെയ്ത സംഭവത്തിൽ രജനിയുടെ പരാതിയിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. മെഡിക്കൽ കോളജിലെ രണ്ടു ഡോക്ടർമാർക്കെതിരെയും രണ്ട് ലാബുകൾക്കെതിരെയുമാണ് കുടശനാട് സ്വദേശി രജനി ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയത്.

സർജറി വിഭാഗത്തിലെ ഡോക്ടറായ രഞ്ജിൻ, കാൻസർ വിഭാഗത്തിലെ ഡോ.സുരേഷ് കുമാർ എന്നിവർക്കെതിരെയും തെറ്റായ റിപ്പോർട്ട് നൽകിയ ഡയനോവ, മാമോഗ്രാം ചെയ്ത സിഎംസി സ്കാനിങ് സെന്റർ എന്നിവർക്കെതിരെയുമാണ് ഗാന്ധിനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഐപിസി 336, 337 വകുപ്പുകൾ ചുമത്തിയാണ് കേസ്. അച്ഛൻ പീതാംബരനോടൊപ്പമാണ് പരാതി നൽകാൻ രജനി എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കു തിങ്കളാഴ്ച പരാതി നൽകാനൊരുങ്ങുകയാണ് രജനി.

രജനിക്ക്(38) കാൻസറില്ലെന്ന് അന്തിമ പരിശോധനാ ഫലത്തിലും സ്ഥിരീകരിച്ചിരുന്നു. രജനിയുടെ മാറിടത്തിൽ നിന്നു നീക്കം ചെയ്ത മുഴയിൽ നിന്നുള്ള സാംപിൾ കോട്ടയം മെഡിക്കൽ കോളജിലെ ലാബിൽ പരിശോധിച്ചാണ് കാൻസറില്ലെന്ന് ഉറപ്പാക്കിയത്.

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപമുള്ള ഡയനോവ ലാബോറട്ടറിയിൽ നടത്തിയ ബയോപ്സി പരിശോധനയിലാണു ആദ്യം മുഴ കാൻസറാണെന്നു തെറ്റായി കണ്ടെത്തിയത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജിൽ രജനിക്കു കീമോ തെറപ്പി ചികിൽസ നൽകി.

ഇതിനിടെ ഡയനോവയ്ക്കൊപ്പം കോട്ടയം മെഡിക്കൽ കോളജ് ലാബിൽ നൽകിയ പരിശോധനാ ഫലത്തിൽ കാൻസറില്ലെന്നു കണ്ടെത്തി. തുടർന്ന് തിരുവനന്തപുരം റീജനൽ കാൻസർ സെന്ററിലും ബയോപ്സി നടത്തി രോഗമില്ലെന്ന് ഉറപ്പാക്കി. ഇതോടെ ഡയനോവയിലെ സാംപിൾ തിരിച്ചെടുത്ത് മെഡിക്കൽ കോളജ് ലാബിലും പരിശോധന നടത്തി കാൻസറല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് കീമോ തെറപ്പി നിർത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com