ADVERTISEMENT

മുംബൈ∙ വിഖ്യാത ചലച്ചിത്രകാരനും നാടകസംവിധായകനും കന്നഡ എഴുത്തുകാരനുമായ ഗിരീഷ് കർണാട് അന്തരിച്ചു. 81 വയസ്സായിരുന്നു. രാവിലെ 6.30-ന് ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ഗിരീഷ് കര്‍ണാട് ഉയര്‍ത്തിയിരുന്ന അതിനിശിതവും നിര്‍ഭയവുമായ രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഏറെ ചര്‍ച്ചകള്‍ക്കു വഴിവച്ചിരുന്നു. ദ് പ്രിന്‍സ്, നീലക്കുറിഞ്ഞി പൂത്തപ്പോള്‍, രാഗം ആനന്ദദൈരവി എന്നീ 3 മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യയിലെ നാടകപ്രവർത്തകരിൽ ഏറ്റവും ശ്രദ്ധേയനാണ് ഇദ്ദേഹം. ഹയവദന, യയാതി, തുഗ്ലക്, നാഗമണ്ഡല എന്നിവയാണു പ്രധാന നാടകങ്ങൾ. ഇതിൽ തുഗ്ലക് അദ്ദേഹത്തിന്റെ മാസ്‌റ്റർപീസായി കണക്കാക്കുന്നു. കൊങ്കിണി സംസാരിക്കുന്ന ബ്രാഹ്‌മണ കുടുംബത്തിൽ 1938ൽ മുംബൈയിലാണു കർണാട് ജനിച്ചത്. ആർട്‌സിൽ ബിരുദം നേടിയശേഷം ഇംഗ്ലണ്ടിൽനിന്നു ബിരുദാനന്തര ബിരുദം നേടി. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ചെയർമാനായിരുന്നു. സിനിമാ അഭിനയരംഗത്തും സംവിധാനരംഗത്തും ഗിരീഷ് കർണാട് വ്യക്‌തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. 1970-ല്‍ കന്നഡ സിനിമയായ 'സംസ്‌കാര'യിലൂടെയാണ് അഭിനയ, തിരക്കഥാ രംഗത്ത് തുടക്കം കുറിച്ചത്.

വംശവൃക്ഷ അടക്കം ഒട്ടേറെ സിനിമകൾ സംവിധാനം ചെയ്‌തു. 1974ൽ പത്മശ്രീ, 1992ൽ പത്മഭൂഷൺ, 1998ൽ ജ്‌ഞാനപീഠം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ചരിത്ര വിഷയങ്ങൾ പ്രമേയമാക്കി നാടകങ്ങൾ രചിച്ചപ്പോൾ അതിൽ പുതിയ കാലഘട്ടത്തിനു യോജിക്കുന്ന മേഖലകൾ കണ്ടെത്തി എന്നതാണു ഗിരീഷ് കർണാടിനെ ശ്രദ്ധേയനാക്കിയത്.

English Summary: Girish Karnad, veteran actor and playwright, and Jnanpith awardee, passed away this morning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com